കോണ്‍ഗ്രസിലേക്കുള്ള ക്ഷണം തള്ളാതെ സി.ഒ.ടി.നസീര്‍; പിന്നീട് തീരുമാനമെടുക്കും
Kerala
കോണ്‍ഗ്രസിലേക്കുള്ള ക്ഷണം തള്ളാതെ സി.ഒ.ടി.നസീര്‍; പിന്നീട് തീരുമാനമെടുക്കും
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 8:34 am

കോഴിക്കോട്: കോണ്‍ഗ്രസിലേക്കുള്ള ക്ഷണം തള്ളാതെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി.നസീര്‍. എന്നാല്‍ നിലവില്‍ ഒദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും നസീര്‍ വ്യക്തമാക്കി.

സി.ഒ.ടി നസീര്‍ തീരുമാനിച്ചാല്‍ രാഷ്ട്രീയ അഭയം നല്‍കുന്നതിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് നസീറിന്റെ പ്രതികരണം.

കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന കാര്യത്തിലടക്കം ആലോചിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും പെട്ടന്നൊരു തീരുമാനമെടുക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും നസീര്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു നസീറിന്റെ പ്രതികരണം.

സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരണം. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകണം. മറ്റ് രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇനിയും ആലോചിക്കണമെന്നും നസീര്‍ പറഞ്ഞു.

അക്രമ രാഷ്ട്രീയത്തിനെതിരായുള്ള പോരാട്ടം തുടരുമെന്നും കെ.സുധാകരനടക്കമുള്ള നേതാക്കള്‍ പിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ നസീര്‍ കേസ് അട്ടിമറിക്കാനുള്ള ഗൂഢ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.

സി.ഒ.ടി നസീറിനെതിരായ ആക്രമണത്തില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയസഭയില്‍ കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷത്തുനിന്നും പാറയ്ക്കല്‍ അബ്ദുള്ളയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

അക്രമികളെ രക്ഷിക്കാന്‍ പൊലീസ് ബോധപൂര്‍വം ശ്രമിക്കുകയാണെന്നും വടകര, തലശേരി ഭാഗങ്ങളിലെ കൊലപാതകരാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

എന്നാല്‍ സി.ഒ.ടി നസീറനെതിരെ നടന്നത് ഒറ്റപ്പെട്ട ആക്രമണമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണെന്നും മൂന്ന് തവണ സി.ഒ.ടി നീസറിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘത്തെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെടുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഒന്നിലേറെ തവണ നസീറിനെ വെട്ടയശേഷം അക്രമികള്‍ ശരീരത്തിലൂടെ ബൈക്ക് കയറ്റിയിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വഴിയില്‍ കാത്തുനിന്ന സംഘമാണ് നസീറിനെ ആക്രമിച്ചത്. ആക്രമണം കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയതെന്ന് സി.ഒ.ടി നസീറും ആരോപിച്ചിട്ടുണ്ട്. അത് ശരിവയ്ക്കുന്നതായിരുന്നു സി.സി ടിവി ദൃശ്യങ്ങളും.