എഡിറ്റര്‍
എഡിറ്റര്‍
മാധ്യമപ്രവര്‍ത്തകരോട് ക്യാമറ പൊടിച്ച് കളയുമെന്ന് ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി
എഡിറ്റര്‍
Wednesday 24th October 2012 10:10am

ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായ വീര്‍ഭദ്ര സിങ്ങിന്റെ ഒരു നിമിഷം നിയന്ത്രണം നഷ്ടമായപ്പോള്‍ പേടിച്ച് പോയത് പാവം മാധ്യമപ്രവര്‍ത്തകരാണ്. തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തെ കുറിച്ചുള്ള ചോദ്യമാണ് വീര്‍ഭദ്ര സിങ്ങിനെ ചൊടിപ്പിച്ചത്.

Ads By Google

അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വീര്‍ഭദ്ര സിങ്ങിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘ നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലെ? ഞാന്‍ നിങ്ങളുടെ ക്യാമറ തല്ലിപ്പൊളിക്കും. ആരോപണങ്ങളെല്ലാം കളവും അടിസ്ഥാനരഹിതവുമാണ്.’

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി വീര്‍ഭദ്ര സിങ്ങിനെതിരെ നികുതി രേഖയില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണമുയര്‍ത്തിയത്. 2008 മുതല്‍ ഇത്തരത്തില്‍ വീര്‍ഭദ്ര സിങ് കൃത്രിമം കാണിക്കുന്നുവെന്നായിരുന്നു ആരോപണം. ഏകദേശം 6.5 കോടി രൂപയുടെ അഴിമതിയാരോപണമാണ് വീര്‍ഭദ്രയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

ഇത് കൂടാതെ ഒരു സ്റ്റീല്‍ കമ്പനിയില്‍ നിന്നും വീര്‍ഭദ്ര സിങ് അനധികൃതമായി പണം വാങ്ങിയെന്നും ബി.ജെ.പി ആരോപിക്കുന്നു. മൂന്ന് വര്‍ഷം കൊണ്ട് വീര്‍ഭദ്രയുടെ വരുമാനം 6.5 കോടിയായെന്നും ബി.ജെ.പി ആരോപിക്കുന്നു.

2009-2010 കാലയളവില്‍ വീര്‍ഭദ്ര കേന്ദ്ര ഉരുക്കുമന്ത്രിയായിരുന്ന കാലത്ത് ഈസ്പാറ്റ് ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡില്‍ നിന്നും രണ്ടര കോടിയോളം രൂപ കൈപ്പറ്റിയെന്നും ബി.ജെ.പി ആരോപിക്കുന്നു.

ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അഴിമതിയെ കുറിച്ച് ഒന്നും പറയാനില്ലേയെന്നും അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ചു.

വീര്‍ഭദ്രയ്ക്കതിരെ  ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഒന്നിന് പുറകേ ഒന്നായി അഴിമതിക്കേസുകളില്‍ കുടുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

Advertisement