മസ്തകത്തിന് മുറിവേറ്റ കൊമ്പൻ ചത്തു
Kerala News
മസ്തകത്തിന് മുറിവേറ്റ കൊമ്പൻ ചത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st February 2025, 1:13 pm

തൃശൂർ: മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പൻ ചത്തു. കോടനാട് ആന ചികിത്സ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് ചത്തത്. മസ്തകത്തിലെ പരിക്ക് മൂലമുണ്ടായ അണുബാധ തുമ്പികൈയിലേക്ക് കൂടി പടർന്നതാണ് മരണകാരണം. ആന രക്ഷപ്പെടാനുള്ള സാധ്യത 30 ശതമാനം മാത്രമാണെന്ന് ആദ്യമേ തന്നെ ഡോക്ടർമാർ അറിയിച്ചിരുന്നു.

ജനുവരി 15 നാണ് മസ്തകത്തിന് മുറിവേറ്റ കൊമ്പനെ പ്ലാന്റേഷൻ എസ്റ്റേറ്റിൽ കണ്ടു തുടങ്ങിയത്. 24 ന് ആനയെ പിടികൂടി ചികിത്സ നൽകിയിരുന്നു. എന്നാൽ പിന്നീട് മുറിവിൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് വീണ്ടും പിടികൂടി ചികിത്സ നൽകുകയായിരുന്നു.

ആനയുടെ മസ്തകത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം.

ബുധനാഴ്ച രാത്രി മുതൽ ആന തീറ്റ എടുത്തു തുടങ്ങിയിരുന്നു. ഇന്നലെ തുമ്പിക്കൈയിലേക്കും ഇൻഫെക്ഷൻ ബാധിച്ചതായി കണ്ടെത്തി. ചെളി വാരി എറിയാതിരിക്കാൻ കൂടിനകത്ത് സ്ഥലപരിമിതി ഉണ്ടാക്കിയിരുന്നു. വൈകിട്ട് മസ്തകത്തിലെ പരിക്കിൽ ഡോക്ടർമാർ വീണ്ടും മരുന്നുവെച്ചിരുന്നു.

ഇന്ന് രാവിലെ വരെ ആന ഭക്ഷണവും വെള്ളവും എടുക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാർ ചികിൽസിച്ചു വരവേ ആന പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മറ്റ് വിവരങ്ങൾ വ്യക്തമാകൂ.

 

Content Highlight:  wild elephant died of a head injury