2025ലെ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് തിരശീല ഉയരുന്നത്.
അതേസമയം ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകര്‍ക്ക് ആവേശം സൃഷ്ടിക്കുന്ന ഒന്നാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.
ഇതോടെ ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണ അവകാശമുള്ള സോണി ലിവ് പുറത്തിറക്കിയ ഇന്ത്യ-പാക് മത്സരത്തിന്റെ പ്രൊമോ വീഡിയോ വലിയ ചര്‍ച്ചയായിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്, പാകിസ്ഥാന്‍ ബൗളര്‍ ഷഹീന്‍ അഫ്രീദി, സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍ എന്നിവരെ ദൃശ്യമാകുന്ന പരസ്യത്തിന് നേരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പഹല്‍ഗാം ഓര്‍മിപ്പിച്ചുകൊണ്ട് പലരും മത്സരം ഉപേക്ഷിക്കണമെന്ന് പറഞ്ഞു.
വിവാദങ്ങള്‍ക്കിടയിലും ഇന്ത്യ ഏഷ്യ കപ്പ് വിജയിക്കുമെന്ന് സെവാഗും പറഞ്ഞു. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ സെവാഗ് പറഞ്ഞു.
‘ടി-20 ലോകകപ്പ് നേടിയതോടെ ഞങ്ങള്‍ ലോക ചാമ്പ്യന്മാരാണ്. ഏഷ്യാ കപ്പിലെ ഏറ്റവും ശക്തമായ ടീമാണ് ഞങ്ങളെന്ന് എനിക്ക് ഉറപ്പുണ്ട്, ഏഷ്യാ കപ്പ് ഞങ്ങള്‍ നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ സെവാഗ് പറഞ്ഞു.