ആ ചരിത്ര നാണക്കേടും ട്രംപ് സ്വന്തമാക്കുമോ? മൈക്ക് പെന്‍സ് 25ാം ഭേദഗതി ഉപയോഗിച്ചാല്‍ അമേരിക്കയില്‍ സംഭവിക്കുന്നത്
World News
ആ ചരിത്ര നാണക്കേടും ട്രംപ് സ്വന്തമാക്കുമോ? മൈക്ക് പെന്‍സ് 25ാം ഭേദഗതി ഉപയോഗിച്ചാല്‍ അമേരിക്കയില്‍ സംഭവിക്കുന്നത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th January 2021, 12:40 pm

വാഷിംഗ്ടണ്‍: അമേരിക്കയെ നടുക്കിയ ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ ഭരണഘടനയിലെ 25ാമത് ഭേദഗതി ചര്‍ച്ചകളിലേക്കെത്തുകയാണ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനുമേല്‍ 25ാമത് ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നതിന് പിന്നാലെയാണ് 25ാം ഭേദഗതിയും ചര്‍ച്ചകളിലേക്കെത്തുന്നത്.

മൈക്ക് പെന്‍സ് 25ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കിയാല്‍ അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ സംഭവമായി അത് മാറും.

എന്താണ് 25ാമത് ഭേദഗതി

1967 ലാണ് ഭരണഘടനയിലെ 25ാമത് ഭേദഗതി അമേരിക്ക അംഗീകരിക്കുന്നത്. പ്രസിഡന്റ് മരിക്കുകയോ അപ്രാപ്തനാകുകയോ ചെയ്യുമ്പോള്‍ പുതിയ രാഷ്ട്രതലവനെ സൃഷ്ടിക്കുന്നതിനുള്ള നിയമ സംവിധാനം ഉണ്ടാകുന്നത് ഇതിലൂടെയാണ്.

അമേരിക്കയുടെ പ്രസിഡന്റ് മരിക്കുകയോ രാജിവെക്കുകയോ ചെയ്താല്‍ സ്ഥിരമായി വൈസ് പ്രസിഡന്റിന് അധികാരമേല്‍ക്കുന്നതിന് നിയമപരമായി അംഗീകാരം ലഭിക്കുന്നതും ഈ ഭേദഗതിയിലൂടെയാണ്.

അമേരിക്കന്‍ പ്രസിഡന്റായ ജോണ്‍ എഫ്. കെന്നഡിയുടെ വധമാണ് ഇതില്‍ നിര്‍ണയാകമാകുന്നത്. കെന്നഡിയുടെ വധത്തിന് പിന്നാലെ അമേരിക്കയില്‍ അടുത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

മുന്‍പ് ഉപയോഗിച്ചിട്ടുണ്ടോ?

1985ല്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന് ഒരു ശസ്ത്രക്രിയ നടത്തിയ സമയത്ത് വൈസ് പ്രസിഡന്റിന് താത്ക്കാലികമായി അധികാരവും ചുമതലകളും കൈമാറാന്‍ അനുവദിക്കുന്ന 25ാം ഭേദഗതിയുടെ മൂന്നാമത്തെ ഭാഗം ഉപയോഗിച്ചിരുന്നു.

ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ സമയത്തും 25ാമത് ഭേദഗതിയുടെ മൂന്നാമത്തെ ഭാഗം ഉപയോഗിക്കപ്പെട്ടു. വാട്ടര്‍ഗേറ്റ് സ്‌കാന്‍ഡലിനെ തുടര്‍ന്ന് റിച്ചാര്‍ഡ് നിക്‌സണ്‍ രാജിവെച്ച ഒഴിവില്‍ ജെറാള്‍ഡ് റൂഡോള്‍ഫ് ഫോര്‍ഡ് അധികാരത്തിലേറുന്നത് ഇതേ നിയമത്തിന്റെ രണ്ടാമത്തെ അനുച്ഛേദം ഉപയോഗിച്ചാണ്.

എന്നാല്‍ പ്രസിഡന്റ് അയോഗ്യനാണെന്ന പൊതു അഭിപ്രായത്തിന്‍മേല്‍ അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള ഭേദഗതിയുടെ നാലാമത്തെ അനുച്ഛേദം ഇതുവരെ അമേരിക്കയുടെ ചരിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല.

നിലവില്‍ ഡൊണാള്‍ഡ് ട്രംപിനെ മൈക്ക് പെന്‍സിന് 25ാം ഭരണഘടനയുടെ 4ാമത് ഭാഗം ഉപയോഗിച്ച് മാത്രമേ നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ.

അങ്ങിനെ നാലാമത്തെ അനുച്ഛേദം ട്രംപിനെതിരായി പ്രയോഗിക്കപ്പെട്ടാല്‍ പ്രസിഡന്റ് അയോഗ്യനായതുകൊണ്ട് പുറത്താക്കപ്പെടുന്ന അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ പ്രസിഡന്റാകും ഡൊണാള്‍ഡ് ട്രംപ്.

പ്രസിഡന്റിന്റെ ടീമംഗങ്ങള്‍ തന്നെ അദ്ദേഹം അയോഗ്യനാണെന്ന് വിലയിരുത്തുമ്പോള്‍ മാത്രമാണ് ഇതിന് സാധുതയേറുക. നിലവില്‍ ട്രംപിന്റെ ക്യാബിനറ്റ് തന്നെ അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ക്യാപിറ്റോള്‍ മന്ദിരത്തിലെ സംഘര്‍ഷത്തിന് പിന്നാലെ 25ാം ഭേദഗതിയും ചര്‍ച്ചയാകുന്നത്.

ഇതിനോടകം തന്നെ വിവിധ കോണുകളില്‍ നിന്ന് 25ാം ഭേദഗതി ഉപയോഗിക്കാന്‍ മൈക്ക് പെന്‍സിനുമേല്‍ സമ്മര്‍ദ്ദമുണ്ട്. നിരവധി അമേരിക്കന്‍ മാധ്യമങ്ങള്‍ 25ാം ഭേദഗതി ഉപയോഗിക്കണമെന്ന നിലപാടിലാണ്. പോളണ്ടിന്റെ പ്രധാനമന്ത്രി അന്തരാഷ്ട്ര തലത്തില്‍ തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Why the 25th Amendment continues to be raised to remove Trump from power