കോണ്‍ഗ്രസ് എന്തുകൊണ്ട് സ്ത്രീകളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല? ആനി രാജ
Kerala News
കോണ്‍ഗ്രസ് എന്തുകൊണ്ട് സ്ത്രീകളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല? ആനി രാജ
ആദര്‍ശ് എം.കെ.
Monday, 11th May 2026, 5:53 pm

 

കോഴിക്കോട്: പുരുഷന്മാരെ മാത്രം കേന്ദ്രീകരിച്ച് മുഖ്യമന്ത്രി സ്ഥാനത്തിനായി ചര്‍ച്ചകള്‍ നടത്തുന്ന കോണ്‍ഗ്രസ് നടപടിയെ വിമര്‍ശിച്ച് സി.പി.ഐ നേതാവ് ആനി രാജ.

രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തനപരിചയമുള്ള നിരവധി സ്ത്രീകള്‍ കോണ്‍ഗ്രസില്‍ ഉണ്ടായിട്ടും അവരെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആനി രാജ ചോദിച്ചു.

‘മുഖ്യമന്ത്രി എന്ന നിലയിലേക്ക് ആ പാര്‍ട്ടിയില്‍ എത്രയോ സ്ത്രീകള്‍ ഈ പ്രസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പരിചയമുള്ള പല സ്ത്രീകളും കോണ്‍ഗ്രസിന്റെ തന്നെ നേതാക്കളായിട്ടുള്ള സ്ത്രീകള്‍ വിജയിച്ചു വന്നിട്ടുണ്ട്. ഇവര്‍ പുരുഷന്മാരെ മാത്രം ചുറ്റിപ്പറ്റിയുള്ള ചര്‍ച്ച നടക്കുന്നതുകൊണ്ടാണ് എങ്ങും എത്താതെ നില്‍ക്കുന്നത്.

എന്തുകൊണ്ട് സ്ത്രീകളെ പരിഗണിക്കുന്നില്ല കോണ്‍ഗ്രസ് ഒരു മുഖ്യമന്ത്രി പദത്തിനു വേണ്ടി എന്നുള്ളത് ചോദിക്കുകയാണ്.
കേരളത്തിലെ വോട്ട് ചെയ്ത ഏറ്റവും അധികം വോട്ടര്‍മാര്‍ സ്ത്രീകള്‍ കൂടിയാണ്.

ആ പാര്‍ട്ടിക്കകത്ത് തന്നെ എത്രയോ സ്ത്രീകള്‍ വിജയിച്ചു എന്നിരിക്കെ അവരെ അപമാനിക്കുന്നതിന് തുല്യമാണ് ഈ മൂന്ന് നാല് പുരുഷന്മാരില്‍ കേന്ദ്രീകൃതമായ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള ചര്‍ച്ച.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും സമുന്നതനായ നേതാവ് ശ്രീ രാഹുല്‍ ഗാന്ധി ഒരു വനിതാ മുഖ്യമന്ത്രി എന്നുള്ള ആശയം പോലും മുന്നോട്ടു വെച്ച ഒരു സംസ്ഥാനത്ത് അത്രയേറെ സ്ത്രീകള്‍ മഹിളാ കോണ്‍ഗ്രസിന്റെയും അതുപോലെതന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഒക്കെ നേതാക്കള്‍ ആയിട്ടുള്ള സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ട് വിജയിച്ചു വന്നിട്ടുള്ളവര്‍ അവരെ എന്തുകൊണ്ട് പരിഗണിച്ചുകൂടാ?’ ആനി രാജ ചോദിച്ചു.

ഒരു ജനാധിപത്യ രാജ്യമായതുകൊണ്ട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ അവകാശമുണ്ടെന്നും, കഴിവുള്ള വനിതാ നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതുണ്ടെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതൃസ്ഥാനത്തെ സംബന്ധിച്ച കാര്യങ്ങള്‍ ആര് തീരുമാനിക്കണം എന്നത് ആ പാര്‍ട്ടികള്‍ തീരുമാനിക്കേണ്ട കാര്യമാണെന്ന് ആനി രാജ പറഞ്ഞു. ഇടതുപക്ഷത്തെ സംബന്ധിച്ച്, ഫലങ്ങളെക്കുറിച്ചോ ഇത്തരം സ്ഥാനങ്ങളെക്കുറിച്ചോ ഉള്ള ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഓരോ പാര്‍ട്ടികളും സ്വതന്ത്രമായ ചര്‍ച്ചകളാണ് നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

മുഖ്യമന്ത്രി പദത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഉടനെ പ്രതിപക്ഷ നേതാവ്, ഉപനേതാവ് എന്നീ സ്ഥാനങ്ങളിലേക്ക് ചര്‍ച്ച മാറ്റി വിഷയത്തിന്റെ ഗൗരവം കുറയ്ക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷം ഭരണത്തിലിരുന്നപ്പോള്‍ സ്ത്രീകളെ പരിഗണിച്ചിരുന്നോ എന്ന ചോദ്യത്തിന്, ഇടതുപക്ഷവും ഭാവിയില്‍ ഇത്തരം ഉന്നത സ്ഥാനങ്ങളിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നായിരുന്നു അവരുടെ മറുപടി. കാലം മാറിയതനുസരിച്ച് ജനാധിപത്യ പ്രക്രിയയില്‍ ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Why is Congress not considering women for the post of Chief Minister? Annie Raja

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.