ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ ധനസഹായം; കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി ദേശീയ നേതാവ്
Kerala
ന്യൂനപക്ഷങ്ങള്‍ക്ക് എന്തിനാണ് വിദേശ ധനസഹായം; കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി ദേശീയ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd April 2026, 1:48 pm

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ (എഫ്.സി.ആര്‍.എ) കര്‍ശനമാക്കുന്നതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിഷ്ണു വര്‍ധന്‍ റെഡ്ഡി.

ന്യൂനപക്ഷ സംഘടനകള്‍ എന്തിനാണ് വിദേശത്തുനിന്നും ധനസഹായം കൈപ്പറ്റുന്നതെന്നായിരുന്നു റെഡ്ഡിയുടെ ചോദ്യം. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) വിവാദമായ ഭേദഗതികള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി പി.ആര്‍. ശിവശങ്കറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം സംഘടനകള്‍ രാജ്യത്തിനകത്തുനിന്നുള്ള ഫണ്ടുകള്‍ കൊണ്ട് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന വിചിത്ര വാദവും അദ്ദേഹം മുന്നോട്ടുവെച്ചു. വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളെ പൂര്‍ണ്ണമായും ന്യായീകരിച്ചുകൊണ്ടായിരുന്നു പ്രസംഗത്തിലുടനീളം അദ്ദേഹം സംസാരിച്ചത്.

യോഗത്തില്‍ സംസാരിച്ച എന്‍.ഡി.എ സ്ഥാനാര്‍ഥി പി.ആര്‍. ശിവശങ്കറും ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വിദേശ സംഭാവനയ്ക്കായി ന്യൂനപക്ഷങ്ങള്‍ യാചിച്ചുനില്‍ക്കുന്നു എന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നടപടികളില്‍ ഗൗരവകരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ശിവശങ്കര്‍ അവകാശപ്പെട്ടു.

വിദേശത്തുനിന്ന് ധനസഹായം സ്വീകരിക്കുന്ന മതന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ ട്രസ്റ്റുകള്‍ക്കും മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കേന്ദ്ര നീക്കത്തിനെതിരെ ഇതിനോടകം തന്നെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

വിദേശ സഹായത്തില്‍ സുതാര്യത ഉറപ്പാക്കാനെന്ന വ്യാജേനയാണ് കേന്ദ്രം നിയമങ്ങള്‍ പരിഷ്‌കരിക്കുന്നത് എങ്കിലും, ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടകള്‍ക്ക് തടസ്സമാകുന്ന സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനാണ് ഈ നീക്കമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രത്യേക വിഭാഗങ്ങളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നടത്തുന്ന ഈ നീക്കങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും ആരോപണമുണ്ട്.

വിദേശ ഫണ്ട് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. അനുകൂലമായ സമീപനമാണ് പ്രതീക്ഷിക്കുന്നതെങ്കിലും സഭ നേരിടുന്ന വെല്ലുവിളികളെ അദ്ദേഹം ഗൗരവത്തോടെയാണ് പരാമര്‍ശിച്ചത്.

‘ഈശോ സ്വന്തം പ്രിയപ്പെട്ടവരാലാണ് പീഡിപ്പിക്കപ്പെട്ടത്. സഭയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ തളര്‍ന്നു പോകും, അവര്‍ ഇല്ലാതെയാകും. പീഡനങ്ങള്‍ വിവിധ തരത്തില്‍ നമുക്കുണ്ടാകുമെങ്കിലും സഭ എന്നും തലയുയര്‍ത്തി തന്നെ നില്‍ക്കും.’ അദ്ദേഹം വ്യക്തമാക്കി.

2026 മാര്‍ച്ച് 25നാണ് രാജ്യത്തെ എന്‍.ജി.ഒകള്‍ക്ക് ലഭിക്കുന്ന വിദേശ ധനസഹായത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. വിദേശ ഫണ്ടുകളുടെ വിനിയോഗത്തില്‍ കടുത്ത മേല്‍നോട്ടം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഏതെങ്കിലും എന്‍.ജി.ഒയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താല്‍, അവരുടെ ആസ്തികള്‍ നിയന്ത്രിക്കാനും കണ്ടുകെട്ടാനും ഈ അതോറിറ്റിക്ക് അധികാരമുണ്ടാകും.

വിദേശ സഹായത്തില്‍ സുതാര്യത വരുത്താനെന്ന വ്യാജേന, ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടകള്‍ക്ക് വഴങ്ങാത്ത സാമൂഹിക-വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ന്യൂനപക്ഷ ട്രസ്റ്റുകളെയും സാമ്പത്തികമായി തകര്‍ക്കാനുള്ള നീക്കമാണിതെന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ ഈ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്.

Content Highlight: Why do minorities need foreign funding? BJP leader hate speech during Kerala election campaign