കൊച്ചി: കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ പൊലീസിന് നേരെ ആക്ഷേപം. ഗുരുതരമായ ആക്രമണം നടന്നിട്ടും പരാതി നല്‍കാനെത്തിയവരെ പൊലീസ് അധിക്ഷേപിക്കുകയായിരുന്നുവെന്നും പരാതി ഗൗരവമായി കണ്ടില്ലെന്നും ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളുടെ സുഹൃത്തുക്കള്‍ പറഞ്ഞു.
പുലര്‍ച്ചെ നാല് മണിക്ക് എന്തിനാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് ചോദിച്ചതായും ആരോപണമുണ്ട്. വസ്ത്ര ധാരണം ശരിയല്ല എന്ന രീതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരിച്ചതായും യുവതിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു.
എന്നാല്‍ അത്തരത്തിലുള്ള പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും കൊച്ചി സിറ്റി ഡി.സി.പി ഷഹന്‍ഷാ പറഞ്ഞു. ഇന്നലെയായിരുന്നു കലൂരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടന്നത്.
ലൈംഗിക ചുവയോടെ സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത് ചോദ്യം ചെയ്തതോടെയായിരുന്നു സംഘം പെണ്‍കുട്ടികളെ ആക്രമിച്ചത്. പെണ്‍കുട്ടികളില്‍ ഒരാളെ നിലത്തിട്ട് ചവിട്ടുകയും ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഫോണ്‍ പിടിച്ച് എറിയുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മുപ്പതിനായിരുന്നു സംഭവം.
റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്ന പെണ്‍കുട്ടികള്‍ക്കു നേരേയാണ് അതിക്രമമുണ്ടായത്. ഇവര്‍ ഇരുവരും പുലര്‍ച്ചെ ചായകുടിക്കാന്‍ ഇറങ്ങിയതായിരുന്നു. അതേ സ്ഥലത്ത് പ്രതികളും ചായക്കുടിക്കാന്‍ എത്തുകയായിരുന്നു. എട്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.
അക്രമി സംഘത്തിലെ പാലക്കാട് സ്വദേശികളായ അരുണ്‍, സാബിത്ത്, മലപ്പുറം സ്വദേശി ആല്‍ബിന്‍ സൈമണ്‍ എന്നിവരെ പോലീസ് പിടികൂടി. ഒന്നാംപ്രതി കലൂര്‍ ലിബര്‍ട്ടി ലെയ്‌നില്‍ ഹൈലാന്‍ഡ് ലോഡ്ജിലെ നടത്തിപ്പുകാരനായ അക്ബര്‍ അലി ഉള്‍പ്പെടെ ഏഴുപേര്‍ ഒളിവിലാണ്.
അക്ബര്‍ അലിക്ക് ലഹരി-ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അക്രമിക്കപ്പെട്ട പെണ്‍കുട്ടികളും പ്രതികളും തമ്മില്‍ യാതൊരു മുന്‍പരിചയവുമില്ലെന്നും അശ്ലീല കമന്റ് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കല്‍, ക്രിമിനല്‍ ബലപ്രയോഗം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മര്‍ദനമേറ്റ പെണ്‍കുട്ടിയുടെയും ഒപ്പമുണ്ടായിയുന്ന സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.