അമിത് ഷാ എന്തിനാണ് ഇതുവരെ കാത്തത്? മാസങ്ങളായി മണിപ്പൂരിനെ കത്തിക്കാന്‍ അനുവദിച്ചതെന്തിന്? ജയറാം രമേശ്
national news
അമിത് ഷാ എന്തിനാണ് ഇതുവരെ കാത്തത്? മാസങ്ങളായി മണിപ്പൂരിനെ കത്തിക്കാന്‍ അനുവദിച്ചതെന്തിന്? ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st June 2023, 10:54 pm

ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ നേരത്തെ തന്നെ നടപടിയെടുക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. കേന്ദ്രത്തിന്റെ ഉദാസീനതയാണ് സംസ്ഥാനം വിഭജിക്കുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

‘മണിപ്പൂരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി. ഇവ സ്വാഗതാര്‍ഹമാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഇത് ആഴ്ചകള്‍ക്ക് മുന്നേ ചെയ്യാതിരുന്നത്? മാസങ്ങളായി എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ സംസ്ഥാനത്തെ കത്തിക്കാന്‍ അനുവദിച്ചത്? മണിപ്പൂരിലെ വോട്ടുകള്‍ക്ക് മാത്രമാണോ മൂല്യം, അവരുടെ ജീവിതം വിട്ടുകളയാനുള്ളതാണോ? ജയറാം രമേശ് ട്വീറ്റ് ചെയ്തു.

ആര്‍.എസ്.എസിന്റെ അജണ്ടയും ബി.ജെ.പി സര്‍ക്കാരിന്റെ പൈശാചിക നടപടികളും കേന്ദ്ര സര്‍ക്കാരിന്റെ ഉദാസീനതയുമാണ് മണിപ്പൂരിന്റെ ഇന്നത്തെ വിഭജനത്തിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പൂരില്‍ സംഭവിച്ചത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും അദ്ദേഹം പ്രഖ്യാപിച്ചു. കലാപകാരികളോട് സമാധാനം പുനഃസ്ഥാപിക്കാപിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ ആക്കം കൂട്ടുന്നതില്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെയും ബി.ജെ.പി എം.പി ലെയ്ഷേംബ സഞ്ചോബയുടെയും പങ്ക് അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് മണിപ്പൂര്‍ ട്രൈബല്‍സ് ഫോറവും രംഗത്തെത്തി.

അക്രമം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സംഘടനയാണ് എം.ടി.എഫ്.ഡി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്നും അവര്‍ക്കായി പ്രത്യേകം ഭരണം ഉണ്ടാക്കണമെന്നും ഫോറം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലുമുള്ള മെയ്തി അക്രമികളാല്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോടും അവര്‍ ആവശ്യപ്പെട്ടു. അവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പാക്കണമെന്നും ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്.

Contenthighlight: Why couldn’t he have done this weeks ago? Jayaram ramesh on manipur conflict