എഡിറ്റര്‍
എഡിറ്റര്‍
‘കുടുംബസ്ഥനായതോടെ രാജ്യത്തിനു വേണ്ടി കളിക്കാന്‍ റെയ്‌നയ്ക്ക് താല്‍പര്യമില്ലാതായി;മടിയനായ ക്രിക്കറ്ററാണ് റെയ്‌നയിന്ന്’; ഗുരുതര ആരോപണവുമായി മുന്‍ കോച്ച്
എഡിറ്റര്‍
Friday 24th March 2017 5:10pm

മുംബൈ: താരങ്ങളുടെ പുതുക്കിയ കരാര്‍ ലിസ്റ്റ് ബി.സി.സി.ഐ പുറത്തു വിട്ടപ്പോള്‍ ഏവരേയും അമ്പരപ്പിച്ചത് സുരേഷ് റെയ്‌നയുടെ അഭാവമായിരുന്നു. താരവുമായുള്ള കരാര്‍ പുതുക്കാത്തതിന് പിന്നിലെ കാരണം എന്താണെന്നായിരുന്നു ആരാധകര്‍ പരസ്പരം ചോദിച്ചത്. മുന്‍ ഉത്തര്‍പ്രദേശ് രഞ്ജി ടീം പരിശീലകന്‍ പറയുന്നത് വിശ്വാസ വിലയ്‌ക്കെടുത്താല്‍ അതിനു പിന്നില്‍ റെയ്‌നയുടെ വ്യക്തിപരമായ ചില കാരണങ്ങളുമുണ്ട്.

കുടുംബമാണ് റെയ്‌നയുടെ കരാര്‍ നഷ്ടത്തിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘ കുടുംബസ്ഥനായതോടെ റെയ്‌നയുടെ മുന്‍ഗണന മാറിയിരിക്കുന്നു. ഇപ്പോള്‍ പണ്ടത്തേതു പോലെ കളിയില്‍ ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന് എനിക്ക് മനസിലായിട്ടുണ്ട്. റെയ്‌ന ഒരു മടിയനായ ക്രിക്കറ്ററായി മാറിയിരിക്കുകയാണ്. ഈ സീസണില്‍ യു.പിയ്ക്ക് വേണ്ടി ആകെ കളിച്ചത് വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ്.’ പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത റെയ്‌നയുടെ മുന്‍ കോച്ചുകൂടിയായ ആള്‍ പറയുന്നു.

യുവതാരങ്ങളുടെ നീണ്ടനിര തന്നെയുള്ള സാഹചര്യത്തില്‍ ഏകദിന ടീമിലേക്കും ടെസ്റ്റ് ടീമിലേക്കുമുള്ള സുരേഷ് റെയ്‌നയുടെ തിരിച്ചു വരവ് സാധ്യതകള്‍ മങ്ങുകയാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ട്വന്റി-20 ടീമിലേക്കു തിരിച്ചു വരാന്‍ ഒരുപക്ഷെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പ്രമുഖ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കോച്ച് റെയ്‌നയെക്കുറിച്ച് മനസു തുറന്നത്.

ട്വന്റി-20 ടീമിലേക്കുള്ള തിരിച്ചു വരവ് ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിനുവേണ്ടിയുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 യില്‍ സുരേഷ് റെയ്‌ന ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിരുന്നെങ്കിലും രണ്ട് വര്‍ഷമായി ഏകദിന-ടെസ്റ്റ് ടീമുകളുടെ പടിയ്ക്ക് പുറത്താണ്.

2015 ലായിരുന്നു റെയ്‌ന ബാല്യകാല സുഹൃത്തായിരുന്ന പ്രിയങ്ക ചൗധരിയെ വിവാഹം ചെയ്യുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ താരം അച്ഛനുമായി. ഇതേതുടര്‍ന്നാണ് താരത്തിന് കളിയില്‍ ശ്രദ്ധ കുറഞ്ഞതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.


Also Read: ‘ആ മറുപടി മുഖ്യമന്ത്രി പറയാതിരുന്നെങ്കില്‍ അതിനര്‍ത്ഥം ടി.പി കേസിലെ പ്രതികളെ ഈ സര്‍ക്കാറാണ് കൂട്ടിച്ചേര്‍ത്തതെന്നാണ്’; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് വി.ടി ബല്‍റാം


കഴിഞ്ഞ ദിവസമായിരുന്നു ബി.സി.സി.ഐ താരങ്ങളുടെ പ്രതിവര്‍ഷ കരാര്‍ പുതുക്കിയത്. പുതിയ കരാര്‍ പ്രകാരം എ,ബി,സി കരാറുകളുള്ള താരങ്ങള്‍ക്ക് യഥാക്രമം രണ്ട് കോടി, ഒരു കോടി, 50 ലക്ഷം എന്നിങ്ങനെയാണ് പ്രതിഫലം.

റെയ്‌നയെ കരാര്‍ പട്ടികയില്‍ നിന്നും പുറത്താക്കിയപ്പോള്‍ ചേതശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, മുരളീ വിജയ് എന്നിവര്‍ക്ക് എ ഗ്രേഡിലേക്ക് സ്ഥാനം കയറ്റം നല്‍കിയിട്ടുണ്ട്. എം.എസ് ധോണി, നായകന്‍ വിരാട് കോഹ്‌ലി, ആര്‍.അശ്വിന്‍, അജിന്‍ക്യാ രഹാനെ എന്നിവരാണ് നിലവില്‍ ഗ്രേഡ് എ താരങ്ങള്‍.

Advertisement