2026 ടി-20 ലോകകപ്പില്‍ നിന്നും ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് പുറത്തായിരിക്കുകയാണ്. പരിക്ക് കാരണം കമ്മിന്‍സ് ലോകകപ്പിന്റെ ഭാഗമാകില്ല എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയിലൂടെ അറിയിച്ചു. ബെന്‍ ഡ്വാര്‍ഷിയസാണ് കമ്മിന്‍സിന് പകരക്കാരനായി സ്‌ക്വാഡില്‍ ഇടം നേടിയത്.
കമ്മിന്‍സിന്റെ അഭാവം ഓസ്‌ട്രേലിയന്‍ യൂണിറ്റിനെ ഒട്ടും അലട്ടാന്‍ സാധ്യതയില്ല. കാരണം മികച്ച പേസര്‍മാര്‍ ടീമിനൊപ്പം വേറെയും ഉണ്ട് എന്നത് തന്നെ. ഡോഷ് ഹെയ്‌സല്‍വുഡ്, നഥാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ട്‌ലെറ്റ് തുടങ്ങി പ്രതിഭാധാരാളിത്തം കൊണ്ട് സമ്പന്നമാണ്.
ഓസ്‌ട്രേലിയക്കായി കളത്തിലിറങ്ങിയ 60 മത്സരത്തില്‍ നിന്നും 79 വിക്കറ്റുകളാണ് ഹെയ്‌സല്‍വുഡ് സ്വന്തമാക്കിയത്. ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്ത് സ്വയം അടയാളപ്പെടുത്തിയ എല്ലിസ് 32 മത്സരത്തില്‍ നിന്നും 50 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ്.
കൂട്ടത്തില്‍ പരിചയസമ്പത്ത് കുറവ് ബാര്‍ട്‌ലെറ്റിനാണെങ്കിലും ക്രൂഷ്യല്‍ മൊമെന്റുകളില്‍ വിക്കറ്റ് വീഴ്ത്തുന്ന താരത്തിന്റെ കഴിവ് ടീമിന് തീര്‍ച്ചയായും ഉപയോഗപ്പെടുത്താന്‍ സാധിക്കും.
കമ്മിന്‍സിന് പകരക്കാരനായെത്തിയ ബെന്‍ ഡ്വാര്‍ഷിയസിന്റെ മികച്ച ഫോമാണ് ഓസ്‌ട്രേലിയയെ സമ്മര്‍ദത്തിലേക്ക് തള്ളിയിടാതെ കാക്കുന്ന രണ്ടാമത്തെ കാരണം. ഇക്കഴിഞ്ഞ ബിഗ് ബാഷ് ലീഗില്‍ 11 മത്സരത്തില്‍ നിന്നും 16 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 18.81 ശരാശരിയിലും 14.37 സ്‌ട്രൈക് റേറ്റിലുമാണ് ഡ്വാര്‍ഷിയസ് പന്തെറിയുന്നത്.
ബെന്‍ ഡ്വാര്‍ഷിയസ്. Photo: Cricket Australia
ഓസ്‌ട്രേലിയന്‍ ജേഴ്‌സിയില്‍ 13 മത്സരത്തില്‍ കളിത്തിലിറങ്ങിയ താരം 20 വിക്കറ്റുകളും അന്താരാഷ്ട്ര തലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്.
പാറ്റ് കമ്മിന്‍സിന്റെ അഭാവം മറ്റൊരു തരത്തില്‍ ഓസ്‌ട്രേലിയക്ക് ഏറെ ഗുണകരവുമാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി കമ്മിന്‍സ് അധികം ടി-20 മത്സരങ്ങള്‍ കളിച്ചിട്ടില്ല എന്നത് തന്നെയാണ് ഇതിന് കാരണവും.
2024 ടി-20 ലോകകപ്പിന് ശേഷം കമ്മിന്‍സ് ഒറ്റ അന്താരാഷ്ട്ര ടി-20 മത്സരം പോലും കളിച്ചിട്ടില്ല. 2025 ഐ.പി.എല്ലിലാണ് താരം അവസാനമായി ടി-20 കളിച്ചത്.
സണ്‍റൈസേഴ്‌സിനായി കളത്തിലിറങ്ങിയ കഴിഞ്ഞ സീസണില്‍ 14 മത്സരത്തില്‍ നിന്നും വീഴ്ത്തിയത് 16 വിക്കറ്റുകള്‍ മാത്രം. 18.6 സ്‌ട്രൈക് റേറ്റും 28.12 ശരാശരിയുമാണ് താരത്തിനുണ്ടായിരുന്നത്. ഇതെല്ലാം കൊണ്ട് തന്നെ കമ്മിന്‍സിന്റെ അഭാവം ഓസ്‌ട്രേലിയക്കും ഗുണകരമാണ്.