തിരുവനന്തപുരം: രാജ്യത്തിന്റെ ആത്മാവിന് നേരെ വാളോങ്ങിയ സംഘപരിവാര്‍ ഇന്ന് അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയും വാളോങ്ങുകയാണെന്ന് എമ്പുരാന്‍ വിഷയത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
എമ്പുരാനില്‍ പറഞ്ഞുവെച്ചത് ഫിക്ഷനില്‍ പൊതിഞ്ഞ ഹിസ്റ്ററിയാണെന്നും സംഘപരിവാറിന് തേച്ചാലും മാച്ചാലും കഴുകി കളയാന്‍ പറ്റാത്ത കറയാണ് ഗുജറാത്തും ബാബരിയുമെന്നും അലോഷ്യസ് പറഞ്ഞു.
സിനിമയില്‍ പ്രതിപാദിക്കുന്ന ബാബു ബജ്‌രംഗിയും കൊലചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫറിയും അദ്ദേഹത്തിന്റെ ഭാര്യ സാക്കിയ ജാഫറിയും ബില്കിസ് ബാനുവും നരോദ പാട്യയിലെ കൂട്ടക്കൊലയും കഥാകൃത്തിന്റെ മനസില്‍ വിരിഞ്ഞ കഥാരംഗങ്ങള്‍ മാത്രമല്ലല്ലോ എന്നും അലോഷ്യസ് ചോദിച്ചു.
ഇല്ലാത്ത കഥ പറഞ്ഞ കേരള സ്റ്റോറിയും ആരോ ചെയ്ത തെറ്റിന് ഒരു ജനതയെ മൊത്തം വില്ലന്മാരാക്കിയ കാശ്മീര്‍ ഫയല്‍സും ചരിത്രത്തെ വളച്ചൊടിച്ച ഛാവയും ഇല്ലാത്ത വീരപുരുഷന്മാരെ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന സവര്‍ക്കറും നരേന്ദ്ര മോദിയും സിനിമകളിലൂടെ ഗ്ലോറിഫൈ ചെയ്യപ്പെട്ട ഈ നാട്ടില്‍ എമ്പുരാനില്‍ കഥാപാത്രങ്ങളായി വരുന്ന യഥാര്‍ത്ഥ ചരിത്രത്തെ ഇത്ര ഭയപ്പെടുന്നത് എന്തിനാണെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ ചോദിക്കുന്നു.
ഇല്ലാത്ത ചരിത്രം എഴുതിയുണ്ടാക്കുന്നവര്‍ കുറച്ച് ചരിത്രപാഠങ്ങള്‍ പഠിക്കുന്നത് നല്ലതായിരിക്കും. ഇപ്പോള്‍ അറിയുന്നത് സിനിമയുടെ പല ഭാഗങ്ങളും സെന്‍സര്‍ ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തി എന്നാണ്. ഇതിനെ ഒരു തരത്തിലും പൃഥ്വിരാജ് അംഗീകരിക്കേണ്ടതില്ലെന്നും അലോഷ്യസ് പറയുന്നു.
സിനിമയില്‍ വിമര്‍ശനം നേരിടുന്നത് ഒരു രാഷ്ട്രീയം മാത്രമല്ല. ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാ രാഷ്ട്രീയത്തെയും ഈ കാലഘട്ടത്തിന്റെതായ വിമര്‍ശന മുനയിലൂടെ തന്നെയാണ് ഈ സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നതെന്നും അലോഷ്യസ് ചൂണ്ടിക്കാട്ടി.