ഇനി സി.ബി.ഐക്കെതിരെ ആര് അന്വേഷണം നടത്തും; സി.ബി.ഐയിലെ അനിശ്ചിതത്വത്തെ പരിഹസിച്ച് അഖിലേഷ് യാദവ്
national news
ഇനി സി.ബി.ഐക്കെതിരെ ആര് അന്വേഷണം നടത്തും; സി.ബി.ഐയിലെ അനിശ്ചിതത്വത്തെ പരിഹസിച്ച് അഖിലേഷ് യാദവ്
ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 8:56 pm

ന്യൂദല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അലോക് വര്‍മ്മയെ പുറത്താക്കുകയും, സി.ബി.ഐയിലെ രണ്ടാമനായ രാകേഷ് അസ്താനയ്‌ക്കെതിരെ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സി.ബി.ഐയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ പരിഹസിച്ച് എസ്.പി നേതാവ് അഖിലേഷ് യാദവ്. ഇനി സി.ബി.ഐയെ ആര് അന്വേഷിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

“സി.ബി.ഐക്കുള്ളില്‍ നിരവധി യുദ്ധങ്ങള്‍ നടക്കുന്നുണ്ട്. നിരവധി ആരോപണങ്ങള്‍ സി.ബി.ഐക്കുള്ളില്‍ തന്നെ പരസ്പരം ഉന്നയിക്കപ്പെടുന്നുണ്ട്. സി.ബി.ഐയെ ആര് അന്വേഷിക്കും?”- അദ്ദേഹം ചോദിച്ചു. അഖിലേഷ് യാദവിന് 2012-16 കാലഘട്ടത്തില്‍ നടന്ന അനധികൃത മണല്‍ ഖനനത്തില്‍ പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കേ അദ്ദേഹത്തിനെ സി.ബി.ഐ ചോദ്യം ചെയ്‌തേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്തു തരത്തിലുള്ള അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും, എന്നാല്‍ രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തുന്ന റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും സഖ്യം ചേര്‍ന്ന അതേ ദിവസമായിരുന്നു അഖിലേഷ് യാദവിനെ സി.ബി.ഐ ചോദ്യം ചെയ്‌തേക്കുമെന്ന വാര്‍ത്ത പുറത്തു വന്നത്. ബി.ജെ.പി സി.ബി.ഐയുമായും മറ്റ് അന്വേഷണ ഏജന്‍സികളായും സഖ്യം ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയത്. അലോക് വര്‍മ്മയ്ക്കതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ തെളിവ് ലഭിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി. മോദിയുടെ അടുപ്പക്കാരനായ രാകേഷ് അസ്താനയ്‌ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ അലോക് വര്‍മ്മ നടപടി എടുക്കാന്‍ തുടങ്ങിയതിന് ശേഷമാണ് സി.ബി.ഐയില്‍ അനിശ്ചിതത്വം ആരംഭിച്ചത്.

അതേസമയം രാകേഷ് അസ്താനയുടെ പേരിലുള്ള കേസിന്റെ അന്വേഷണം 10 ആഴ്ചക്കകം പൂര്‍ത്തിയാക്കണം എന്ന് ദല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു.