മങ്കിപോക്‌സ് ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണോ? തീരുമാനമെടുക്കാന്‍ യോഗം ചേരാനൊരുങ്ങി ഡബ്ല്യു.എച്ച്.ഒ
World News
മങ്കിപോക്‌സ് ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണോ? തീരുമാനമെടുക്കാന്‍ യോഗം ചേരാനൊരുങ്ങി ഡബ്ല്യു.എച്ച്.ഒ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th June 2022, 10:56 pm

ജനീവ: മങ്കിപോക്‌സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യപിക്കണമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യോഗം ചേരാനൊരുങ്ങി ലോകാരോഗ്യ സംഘടന.

ജൂണ്‍ 23നായിരിക്കും ഡബ്ല്യു.എച്ച്.ഒ അടിയന്തര യോഗം ചേരുക. ചൊവ്വാഴ്ചയായിരുന്നു ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. വിദഗ്ധരടക്കമുള്ളവരാണ് യോഗം ചേരുക.

ആഫ്രിക്കക്ക് പുറമെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും മങ്കിപോക്‌സ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന തീരുമാനമെടുത്തിരിക്കുന്നത്.

”മങ്കിപോക്‌സ് പകര്‍ച്ച അസാധാരണവും ആശങ്കയുളവാക്കുന്നതുമാണ്. അത് കാരണം, ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍ പ്രകാരം എമര്‍ജന്‍സി കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

അടുത്തയാഴ്ചയായിരിക്കും മീറ്റിങ് വിളിച്ചുചേര്‍ക്കുക. അന്താരാഷ്ട്ര തലത്തില്‍ ഒരു ആശങ്കക്ക് കാരണമായ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സിയാണോ ഇതെന്ന് വിലയിരുത്തുന്നതിന് വേണ്ടിയായിരിക്കും യോഗം ചേരുക,” വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ തലവന്‍ ടെഡ്രോസ് അഥാനൊം പറഞ്ഞു.

ഗുരുതരമായ ആരോഗ്യ സ്ഥിതി വരുമ്പോള്‍ മുന്നറിയിപ്പായി മാത്രമാണ് ഡബ്ല്യു.എച്ച്.ഒ ഒരു രോഗത്തെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാറ്. നിലവില്‍ പോളിയോ, കൊവിഡ് 19 എന്നീ രോഗങ്ങള്‍ മാത്രമാണ് ഡബ്ല്യു.എച്ച്.ഒ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചവ.

യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, സ്‌പെയ്ന്‍, പോര്‍ചുഗല്‍, ജര്‍മനി, ഇറ്റലി, ബെല്‍ജിയം എന്നിവിടങ്ങളിലും യു.എസ്, കാനഡ, ഓസ്‌ട്രേലിയ, എന്നീ രാജ്യങ്ങളിലുമടക്കമാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്.

കുരങ്ങന്മാരില്‍ ആദ്യം കണ്ടെത്തിയ മങ്കിപോക്‌സ് പിന്നീട് വൈറസ് കാരിയറുമായി അടുത്തിടപഴകുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പടരുക. സാധാരണയായി ആഫ്രിക്കക്ക് പുറത്ത് അപൂര്‍വമായി മാത്രമാണ് മങ്കിപോക്സ് പടരാറുള്ളത്.

കടുത്ത പനി, ശരീരവേദന, തലവേദന, ദേഹത്ത് തിണര്‍ത്ത് പൊന്തുന്നത്, ക്ഷീണം എന്നിവയാണ് മങ്കിപോക്സിന്റെ സാധാരണ ലക്ഷണങ്ങള്‍. കൃത്യമായ ചികിത്സയില്ലാത്ത ഈ രോഗം സാധാരണയായി രണ്ട് മുതല്‍ നാല് ആഴ്ചകള്‍ക്ക് ശേഷം ഭേദമാകാറുണ്ട്.

എന്നാല്‍ രോഗം ഗുരുതരമായാല്‍ മുഖത്തും കൈകളിലും മുറിവുകളുണ്ടാകുകയും ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തേക്കും.

കുട്ടികളില്‍ രോഗം കൂടുതല്‍ ഗുരുതരമാകാറുണ്ടെന്നും വിവിധ പഠനങ്ങള്‍ പറയുന്നു.

Content Highlight: WHO will soon have an Emergency Meeting to Assess If Monkeypox is a Global Health Emergency