തേജസ്വി യാദവ്: ക്രിക്കറ്റ് മോഹിയില്‍ നിന്നും എതിര്‍പാര്‍ട്ടിപോലും ബീഹാറിന്റെ ഭാവി വാഗ്ദാനമായി അടയാളപ്പെടുത്തുന്ന യുവ നേതാവ്
Discourse
തേജസ്വി യാദവ്: ക്രിക്കറ്റ് മോഹിയില്‍ നിന്നും എതിര്‍പാര്‍ട്ടിപോലും ബീഹാറിന്റെ ഭാവി വാഗ്ദാനമായി അടയാളപ്പെടുത്തുന്ന യുവ നേതാവ്
അളക എസ്. യമുന
Thursday, 12th November 2020, 7:12 pm
അതുവരെ ബീഹാറില്‍ എളുപ്പത്തില്‍ വിജയിക്കാമെന്ന് കരുതിയ എന്‍.ഡി.എ സഖ്യത്തിന്റെ വിശ്വാസത്തിന് ഇളക്കം തട്ടിത്തുടങ്ങി. പ്രധാനമന്ത്രി മോദി തന്നെ നിതീഷിന് വേണ്ടി പ്രചരണത്തിന് എത്തി. അങ്ങനെ കേവലം ഒരു ക്രിക്കറ്റ് മോഹിയായ പയ്യന്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ മുഖ്യ എതിരാളിയായി.

ബീഹാര്‍ തെരഞ്ഞെടുപ്പ് മുതല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന തേജസ്വി യാദവിന്റേത്. തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിജയിച്ചിട്ടും ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് തേജസ്വി യാദവിന്റെ പേര് തന്നെയാണ്.

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തലേദിവസമായിരുന്നു തേജസ്വിയുടെ 31ാം ജന്മദിനം. അന്ന് ബീഹാറിലെ തെരുവുകളില്‍ പ്രത്യക്ഷമായ ആശംസാ ബോര്‍ഡുകളിലെ വാചകം ‘ ബീഹാറിന്റെ യുവ മുഖ്യമന്ത്രിക്ക് ആശംസകള്‍’ എന്നായിരുന്നു. ബീഹാറിന്റെ അമരത്തേക്ക് യുവത്വം കടന്നുവരാനുള്ള ഒരു വിഭാഗം ജനതയുടെ തീവ്രമായ ആഗ്രഹം തന്നെയായിരുന്നു അവിടെ തെളിഞ്ഞുകണ്ടത്.

ഒരുകാലത്ത് ക്രിക്കറ്റ് മോഹവുമായി നടന്ന ഒരു ചെറുപ്പക്കാരനില്‍ നിന്ന് പ്രതിപക്ഷം പോലും പ്രതീക്ഷവെച്ചുപുലര്‍ത്തുന്ന യുവ നേതാവായി മാറാന്‍ തേജസ്വി സഞ്ചരിച്ച ദൂരം ചെറുതല്ല.

ചെറുപ്പകാലത്ത് ഒരിക്കല്‍പോലും തേജസ്വി രാഷ്ട്രീയത്തില്‍ താല്പര്യം കാണിച്ച് കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അമ്മാവന്‍ സാധു യാദവ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

തേജസ്വിയുടെ താല്പര്യം മുഴുവന്‍ ക്രിക്കറ്റിലായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദിനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് ധാരണം ആളുകള്‍ വരാറുണ്ടായിരുന്നെങ്കിലും അതിലൊന്നും തേജ്വസിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അക്കാര്യങ്ങള്‍ തേജസ്വി ശ്രദ്ധിക്കപോലുമില്ലായിരുന്നെന്ന് സാധു യാദവ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് 2009 മുതല്‍ക്കാണ് തേജസ്വി രാഷ്ട്രീയത്തില്‍ താല്പര്യം കാണിച്ചു തുടങ്ങിയത്.

തേജസ്വിയുടെ ഹ്രസ്വമായ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച് 2009 ലെ ലോക്‌സഭാ പ്രചാരണ വേളയിലാണ് ലാലു തന്റെ മകനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് തേജസ്വിയും ചേട്ടന്‍ തേജ് പ്രതാപും ഔദ്യോഗികമായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

രണ്ട് മക്കളും രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും ലാലു തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി കണ്ടത് ഇളയ മകനെ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ നിതീഷ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായത് തേജസ്വിയായിരുന്നു.

പിന്നീടങ്ങോട്ട് തേജസ്വിയുടെ മാറ്റങ്ങളായിരുന്നു. 2017 ആകുമ്പോഴേക്കും ലാലുവിന്റെ നിഴലില്‍ നിന്ന് മാറി സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാവുന്ന നിലയിലേക്ക് തേജസ്വി എത്തി. 2017 ല്‍ നിതീഷ് വീണ്ടും ബി.ജെ.പിക്കൊപ്പം പോയപ്പോള്‍ നിതീഷിനെതിരെയും നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിനെതിരെയും നിയമസഭയില്‍ ഉജ്ജ്വല പ്രസംഗം നടത്തിയത് അതിന് തെളിവായിരുന്നു. തേജസ്വിയില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത ഒന്ന്.

2020 ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ മുഖമായി മാറിയ തേജസ്വി കുറച്ചുകൂടി പക്വതയുള്ള നേതാവായി.

രാഷ്ട്രീയത്തില്‍ കാലങ്ങളുടെ അനുഭവസമ്പത്തുള്ള നിതീഷ് കുമാര്‍ സ്വീകരിച്ച അപക്വമായ സമീപനത്തില്‍ നിന്നും വളരെ വിപരീതമായിട്ടായിരുന്നു തേജസ്വി പെരുമാറിയത്.

 

തെരഞ്ഞെടുപ്പില്‍ ഉടനീളം ലാലു പ്രസാദിന്റെ ഭരണകാലത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു നിതീഷ് കുമാര്‍ തേജസ്വിയെ ആക്രമിച്ചത്. ലാലുവും ഭാര്യയും കൂടി ബീഹാര്‍ കട്ടുമുടിച്ച് ജംഗിള്‍ രാജാക്കിയെന്ന് പ്രചരണ റാലികളില്‍ എന്‍.ഡി.എ ആരോപിച്ചുകൊണ്ടേയിരുന്നു. തേജസ്വിയെ തീര്‍ത്തും വ്യക്തിപമായ കാരണങ്ങള്‍ പറഞ്ഞ് ആക്ഷേപിച്ചു.

 

എന്നാല്‍ തേജസ്വി അതേ നാണയത്തില്‍ പ്രതികരിച്ചില്ല. ബീഹാറിന്റെ പ്രധാന പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു തേജസ്വിയുടെ റാലികള്‍. ബീഹാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നായ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് റാലികളില്‍ ഉറപ്പ് നല്‍കി.

പത്ത് ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്ന് നിസ്സംശയം വാക്ക് നല്‍കി. തന്റെ മന്ത്രിസഭയുടെ ആദ്യ തീരുമാനം അതായിരിക്കുമെന്നും പറഞ്ഞുകൊണ്ട് കൃത്യമായ രാഷ്ട്രീയ അജണ്ട മുന്നോട്ട് വെക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ലാലു പ്രസാദിന്റെ അഭാവത്തില്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ചെറുവിരല്‍ അനക്കാന്‍ സാധിക്കില്ലെന്ന് ആര്‍.ജെ.ഡിക്കകത്തു തന്നെ സംസാരങ്ങള്‍ ഉണ്ടായിരുന്നു. തേജസ്വിയുടെ നേതൃത്വത്തോടുള്ള അതൃപ്തി മൂലം പാര്‍ട്ടിയുമായി പലരും തെറ്റിപ്പിരിഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോള്‍ തേജസ്വിയുടെ നീക്കങ്ങള്‍ എല്ലാവരേയും അതിശയിപ്പിച്ചു.

മഹാസഖ്യത്തില്‍ നിന്ന് എച്ച്.എ.എം, ആര്‍.എല്‍എസ്.പി, വി.ഐ.പി എന്നീ പാര്‍ട്ടികളെ പുറത്താക്കി ഇടതുപക്ഷ പാര്‍ട്ടികളെ കൊണ്ടുവന്നു.

ലാലു പ്രസാദിന്റെ പേര് പറഞ്ഞ് നിരന്തരം ആക്രമിക്കപ്പെട്ടപ്പോള്‍ ലാലുവിന്റെ ഫോട്ടോകള്‍ പോലും തന്റെ പ്രചരണ റാലികളില്‍ നിന്ന് തേജസ്വി നീക്കം ചെയ്തു.

അതുവരെ ബീഹാറില്‍ എളുപ്പത്തില്‍ വിജയിക്കാമെന്ന് കരുതിയ എന്‍.ഡി.എ സഖ്യത്തിന്റെ വിശ്വാസത്തിന് ഇളക്കം തട്ടിത്തുടങ്ങി. പ്രധാനമന്ത്രി മോദി തന്നെ നിതീഷിന് വേണ്ടി പ്രചരണത്തിന് എത്തി. അങ്ങനെ കേവലം ഒരു ക്രിക്കറ്റ് മോഹിയായ പയ്യന്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ മുഖ്യ എതിരാളിയായി.

ബീഹാറില്‍ എന്‍.ഡി.എ വിജയിച്ചെങ്കിലും അത് അത്ര തിളക്കമുള്ള നേട്ടമായിരുന്നില്ല. ബീഹാറിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ആര്‍.ജെ.ഡി നില്‍ക്കുന്നത് അതിനുദഹരമാണ്. 75 സീറ്റുകളിലാണ് ആര്‍.ജെ.ഡി വിജയിച്ചത്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യവും എന്‍.ഡി.എയും തമ്മിലുള്ള വോട്ടുവ്യത്യാസം വെറും 0.03 ശതമാനം മാത്രം. അതായത് 12768 വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഇരുമുന്നണികളും തമ്മിലുള്ളത്.

അതേസമയം തന്നെ കോണ്‍ഗ്രസിന് നല്‍കിയ സീറ്റുകളുടെ എണ്ണത്തില്‍ തേജ്വസിക്ക് തെറ്റിയെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ ഇടത് പാര്‍ട്ടികളെ വിശ്വസിച്ച് കൂടെ നിര്‍ത്തിയതില്‍ പിഴച്ചിട്ടില്ലെന്നുമാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പോടെ തേജസ്വി യാദവ് ബീഹാര്‍ രാഷ്ട്രീയത്തില്‍ കൃത്യമായ അടയാളപ്പെടുത്തല്‍ നടത്തിക്കഴിഞ്ഞിരിക്കു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ബീഹാറിലെ വിജയത്തില്‍ നിതീഷിനേയും സുശീല്‍ മോദിയേയും അഭിനന്ദിച്ചെത്തിയ ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലയെക്കൊണ്ട്  വരാനിരിക്കുന്ന നാളുകള്‍ തേജസ്വിയുടേതാണെന്ന് പറയിപ്പിക്കാനും മുതിര്‍ന്ന ബി.ജെ.പി നേതാവായ ഉമാ ഭാരതിയെക്കൊണ്ട് ബീഹാര്‍ ഒരിക്കല്‍ തേജസ്വി നയിക്കുമെന്ന് തുറന്നുപറയിപ്പിക്കാനും ഈ യുവ നേതാവിന് സാധിച്ചു എന്നത് തള്ളിക്കളയാന്‍ പറ്റുന്ന കാര്യമല്ല.

എന്‍.ഡി.എ ഭരണത്തിലേറാന്‍ നില്‍ക്കുന്ന വേളയിലും മുഖ്യമന്ത്രിക്കസേരയില്‍ ആരിരുന്നാലും യഥാര്‍ത്ഥ വിജയി താനെന്ന്  ആത്മവിശ്വാസത്തോടെ പറയാന്‍ തേജസ്വി കാണിക്കുന്ന ആര്‍ജ്ജവം അടയാളപ്പെടുത്തുന്നത് അയാളിലെ നേതാവിലെ ‘ സ്‌പോര്‍ട്‌സ്മാന്‍’ സ്പിരിറ്റാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Who is   Thejaswi yadav, Role of Thejaswi in Bihar election

അളക എസ്. യമുന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.