എഡിറ്റര്‍
എഡിറ്റര്‍
തലച്ചോറില്‍ ചെഗുവരയും ഹൃദയത്തില്‍ നെരൂദയും ഗാന്ധിയും; ഇതാണ് മന്ത്രി എം.എം മണി സംഘിയെന്നു പറഞ്ഞ ദേവികളും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍
എഡിറ്റര്‍
Saturday 22nd April 2017 11:48pm


കോഴിക്കോട്: ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, കേരളം ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യുന്ന പേരാണത്. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ശക്തമാവുകയാണ്. എന്നാല്‍ ഒരു ഭാഗത്തു നിന്നും പ്രശംസ ലഭിക്കുമ്പോള്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ വിമര്‍ശനങ്ങളാണ് ശ്രീറാം നേരിടുന്നത്.

ശ്രീറാമിനെതിരെ ഏറ്റവും രൂക്ഷമായ ഭാഷയിലാണ് വൈദ്യുതി മന്ത്രി എം.എം മണി വിമര്‍ശിച്ചിരിക്കുന്നത്. ശ്രീറാം ആര്‍.എസ്.എസിന്റെ ആളാണെന്നും ആര്‍.എസ്.എസിന് ഉപജാപം ചെയ്യുന്നയാളാണെന്നുമാണ് മണിയുടെ ആരോപണം.

എന്നാല്‍, ശ്രീറാം വെങ്കിട്ടരാമന്‍ ആള് പുലിയാണ്. 2013ല്‍ രണ്ടാം റാങ്കോടെയാണ് ഐ.എ.എസ് പാസായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിച്ച് ഡോക്ടറും ആയി. മോഡേണാണ്. ഒറ്റ നോട്ടത്തില്‍ ഗപ്പിയിലെ ടൊവിനോയെ ഓര്‍മ്മ വരും.

ശ്രീറാമിന്റെ ഫെയ്സ്ബുക്കില്‍ തപ്പിയാല്‍ ചെഗുവരയേയും നെരൂദയേയുമെല്ലാം കാണാം എന്നതാണ് രസം. പിന്നെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. ഈ ആളെയാണോ മണി സംഘിയെന്നു വിളിച്ചത്.

ചെഗുവര തനിക്ക് പ്രചോദനമാണെന്ന് ശ്രീറാം തന്നെ ഫെയ്സ്ബുക്കില്‍ കുറിക്കുന്നുണ്ട്. ‘താന്‍ വീണുപോയാലും, മറ്റാരെങ്കിലും എന്റെ തോക്കെടുത്ത് വെടിവെച്ച് പോരാടുക തന്നെ ചെയ്യും, അതുകൊണ്ട് എനിക്കൊരു ഭയവുമില്ല’ എന്ന ചെഗുവരയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ വാളില്‍ വായിക്കാം. തീര്‍ന്നില്ല,

‘ഞാന്‍ എന്നെത്തന്നെ സ്നേഹിച്ചപ്പോള്‍ ലോകം എന്നെ വിളിച്ചു സ്വാര്‍ത്ഥന്‍, ഞാന്‍ എന്നേക്കാളും മറ്റൊരാളെ സ്നേഹിച്ചപ്പോള്‍ ലോകം എന്നെ വിളിച്ചു കാമുകന്‍, ഞാന്‍ എന്നെപ്പോലെ എന്റെ സമൂഹത്തെയും സ്നേഹിച്ചപ്പോള്‍ ലോകം എന്നെവിളിച്ചു കമ്യൂണിസ്റ്റ്’ എന്നും ചെഗുവരയുടെ ഫോട്ടോയുള്ള മറ്റൊരു പോസ്റ്റില്‍ ശ്രീറാം പറയുന്നു.


Also Read: മിന്നല്‍ സാംസണ്‍; ബട്ടല്‌റെ പുറത്താക്കിയ സഞ്ജു സാംസണിന്റെ അസാമാന്യ ഫീല്‍ഡിംഗ് കാണാം, വീഡിയോ


ചെഗുവരേയും നെരൂദയേയും മാത്രമല്ല, യാത്രകളേയും സിനിമയേയും ഏറെ ഇഷ്ടപ്പെടുന്നയാളാണ് ശ്രീറാമെന്ന് അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. യാത്രകളുടെ നിരവധി ചിത്രങ്ങള്‍ അതിലുണ്ട്. നെരൂദയെന്ന ചിത്രത്തെ നിരൂപണം നടത്തി അദ്ദേഹമെഴുതിയ ലേഖനം പ്രമുഖ പത്രങ്ങളിലൊന്നില്‍ വന്നതും പ്രൊഫൈലില്‍ കാണാം.

മമ്മൂട്ടിയുടെയും കമലഹാസന്റെയും അഭിനയത്തെ അഭിനന്ദിക്കുന്ന പോസ്റ്റുകളും കാണാന്‍ സാധിക്കും, ഒരു ആറേഴ് വര്‍ഷം പിറകിലേക്ക് പോയാല്‍ അദ്ദേഹത്തിന്റെ പ്രൊഫൈലില്‍. ദില്ലിയില്‍ ജീവിച്ചിരുന്ന ശ്രീറാം ആ നഗരത്തെ വിശേഷിപ്പിച്ചത് അസമത്വങ്ങളുടെ തലസ്ഥാനമെന്നാണ്. അരവിന്ദ് കേജ്രിവാളിന്റെ ചില വാക്കുകളും അദ്ദേഹത്തിന്റെ പ്രൊഫൈലിലുണ്ട്. ഗാന്ധിജിയുടെ വിവിധ വചനങ്ങളും ശ്രീറാം പങ്കുവെക്കുന്നു.

ചെഗുവരെ മാതൃകാപുരുഷനായി കാണുന്ന, നെരൂദയെ ആരാധിക്കുന്ന ഗാന്ധിജിയേയും കെജ്‌രിവാളിനേയും ഇഷ്ടപ്പെടുന്ന ശ്രീറാമെങ്ങനെ സംഘിയാകും. മണിയാശാന്‍ ഇതിനുത്തരം പറയാന്‍ വെള്ളം കുടിക്കും. എം.എം മണിയുടെ ഉള്‍പ്പടെയുള്ളവരുടെ ആരോപണങ്ങള്‍ വെള്ളത്തില്‍ വരച്ച വരകളാണെന്നു മനസിലാക്കാന്‍ അദ്ദേഹത്തിന്റെ പോസ്റ്റുകളിലൂടെ ഒന്നു കടന്നു പോയാല്‍ മതി.

Advertisement