ആദ്യം മോചിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെടുന്ന നേതാവ്; ആരാണ് ഫലസ്തീന്‍ മണ്ടേല?
details
ആദ്യം മോചിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെടുന്ന നേതാവ്; ആരാണ് ഫലസ്തീന്‍ മണ്ടേല?
ആദര്‍ശ് എം.കെ.
Tuesday, 7th October 2025, 6:51 pm
ഫലസ്തീന്റെ പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെടണമെന്ന ചോദ്യത്തിന് മുഹമ്മദ് അബ്ബാസിനേക്കാളും ഹമാസ് നേതാക്കളെക്കാളും എന്നെന്നും മുമ്പില്‍ നിന്നത് ആളുകള്‍ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഫലസ്തീന്‍ മണ്ടേല എന്ന് വിളിക്കുന്ന ബര്‍ഗൂതിയുടെ പേര് തന്നെയായിരുന്നു.

ഫലസ്തീന്‍ ജനതയുടെ ഹീറോകളിലൊരാള്‍, രണ്ട് പതിറ്റാണ്ടിലേറെ തടവറയില്‍ തുടരുമ്പോഴും ഇസ്രഈല്‍ ഇന്നും പേടിയോടെ കാണുന്ന ഫലസ്തീന്റെ രാഷ്ട്രീയ മുഖങ്ങളിലൊന്ന്. ഇപ്പോള്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായി ഇസ്രഈല്‍ മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിക്കുന്ന പേര്. ഹമാസ് അടക്കം അംഗീകരിക്കുന്ന രാഷ്ട്രീയ നേതാവ്. ജയിലറയില്‍ തളയ്ക്കപ്പെട്ടിട്ടും ഫലസ്തീനിയന്‍ ജനതയ്ക്ക് മേല്‍ അത്രത്തോളം സ്വാധീനശേഷിയുള്ള വ്യക്തിത്വം, മര്‍വന്‍ ബര്‍ഗൂതി.

2002ല്‍ രണ്ടാം ഇന്‍തിഫാദയുടെ തുടക്കത്തില്‍ അഞ്ച് പേരുടെ മരണത്തിന് കാരണമായി എന്ന് ആരോപിച്ചാണ് ഇസ്രഈല്‍ ബര്‍ഗൂതിയെ ജയിലിലടയ്ക്കുന്നത്. അന്നുതൊട്ട് ഇന്നോളം ബര്‍ഗൂതി രാഷ്ട്രീയ തടവുകാരനായി തുടരുകയാണ്. എങ്കിലും ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ അദ്ദേഹത്തിനുള്ള സ്വാധീനം തെല്ലും കുറഞ്ഞിട്ടില്ല.

മര്‍വന്‍ ബര്‍ഗൂതി

ഫലസ്തീന്റെ പ്രസിഡന്റായി ആര് തെരഞ്ഞെടുക്കപ്പെടണമെന്ന ചോദ്യത്തിന് മുഹമ്മദ് അബ്ബാസിനേക്കാളും ഹമാസ് നേതാക്കളെക്കാളും എന്നെന്നും മുമ്പില്‍ നിന്നത് ആളുകള്‍ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഫലസ്തീന്‍ മണ്ടേല എന്ന് വിളിക്കുന്ന ബര്‍ഗൂതിയുടെ പേര് തന്നെയായിരുന്നു.

ഇസ്രഈല്‍ തടവില്‍ കഴിയുന്ന ബര്‍ഗൂതിയുടെ മോചനത്തോടെ ഇസ്രഈല്‍ – ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ പൂര്‍ണമായും അവസാനിക്കുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

15ാം വയസില്‍ ഫത്താ മുന്നേറ്റത്തിന്റെ ഭാഗമായാണ് ബര്‍ഗൂതി രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് ചുവടുവെക്കുന്നത്. ഫത്താ യുവജന മുന്നേറ്റമായ ഷാബിബയുടെ സഹസ്ഥാപകന്‍ കൂടിയായിരുന്നു ബര്‍ഗൂതി. ആ വര്‍ഷം ആദ്യമായി ഇസ്രഈല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു.

യാസർ അറാഫത്തിനൊപ്പം

18ാം വയസില്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട ബര്‍ഗൂതിയെ ഇസ്രഈല്‍ സൈന്യം ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയനാക്കി. ജനനേന്ദ്രിയത്തിലടക്കം മര്‍ദിച്ച് തന്നെ ബോധരഹിതനായതിനെ കുറിച്ച് അദ്ദേഹം പിന്നീട് പറയുന്നുമുണ്ട്.

നാല് വര്‍ഷക്കാലം നീണ്ടുനിന്ന ജയില്‍ വാസത്തിനിടെ ബര്‍ഗൂതി സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ഹൈസ്‌കൂള്‍ ഡിപ്ലോമ സ്വന്തമാക്കുകയും ചെയ്തു. ഇക്കാലയളവില്‍ ഹീബ്രൂ ഭാഷ സ്വായത്തമാക്കുകയും ചെയ്തു.

ഒന്നാം ഇന്‍തിഫാദയുടെ കാലത്ത് രാജ്യത്തിന് പുറത്ത് നിന്നും അദ്ദേഹം തന്റെ പഴയ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം നിലനിര്‍ത്തുന്നുണ്ട്. 1989ല്‍ ഫത്തായുടെ ആഭ്യന്തര പാര്‍ലമെന്റായ റെവല്യൂഷണറി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ഓസ്‌ലോ കരാര്‍ പ്രകാരം അഞ്ച് വര്‍ഷത്തിനിപ്പുറം ഫലസ്തീനിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ശേഷം റാമല്ലയെ പ്രതിനിധീകരിച്ചുകൊണ്ട് ഫലസ്തീന്‍ ലെജസ്ലേറ്റീവ് കൗണ്‍സിലിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

ഫലസ്തീന്‌‍ തെരുവിലെ ബർഗൂതിയുടെ ചിത്രം

2000 സെപ്റ്റംബറില്‍ ആരംഭിച്ച രണ്ടാം ഇന്‍തിഫാദയിലാണ് ബര്‍ഗൂതി ഫലസ്തീനിയന്‍ ജനതയ്ക്ക് മേല്‍ സ്വാധീനശേഷിയുള്ള വ്യക്തത്വമായി മാറുന്നത്. ഫലസ്തീനിയന്‍ ആശയങ്ങളുടെ വക്താവും മികച്ച നേതാവുമായിരുന്ന ബര്‍ഗൂതി താനൊരു പൊളിറ്റീഷ്യനാണ്, അല്ലാതെ ഒരു സൈനികനേതാവല്ല എന്നാണ് സ്വയം വിശേഷിപ്പിച്ചത്.

ഇസ്രഈല്‍ ചെക്ക്‌പോസ്റ്റുകളിലേക്ക് സമരപ്രക്ഷോഭങ്ങള്‍ നയിച്ച ബര്‍ഗൂതി, ഗസ സ്ട്രിപ്പില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും ഇസ്രഈലിനെ തുരത്തണമെന്ന് ആഹ്വാനം ചെയ്യുന്നു. ഇസ്രഈലിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഇതിനോടകം തന്നെ ഇടം പിടിച്ച ബര്‍ഗൂതിയെ വധിക്കാന്‍ 2001ല്‍ അവര്‍ ശ്രമം നടത്തുന്നു. എന്നാല്‍ ഇതില്‍ നിന്നും അദ്ദേഹം രക്ഷപ്പെടുകയും ഒളിവില്‍ പോവുകയുമുണ്ടായി.

2002ലാണ് റാമല്ലയില്‍ വെച്ച് ബര്‍ഗൂതി ഇസ്രഈല്‍ സേനയുടെ കസ്റ്റഡിയിലാകുന്നത്. തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി ബര്‍ഗൂതിയെ ഇസ്രഈല്‍ വിചാരണ ചെയ്യുകയും അഞ്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ ചുമത്തിയെ കുറ്റങ്ങളില്‍ വാദം നടത്താനുള്ള ബര്‍ഗൂതിയുടെ അവകാശവും ഇസ്രഈല്‍ നിഷേധിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ ഇസ്രഈല്‍ ചുമത്തിയ മുഴുവന്‍ ആരോപണങ്ങളും അദ്ദേഹം നിഷേധിക്കുകയാണ് ഉണ്ടായത്.

ജയിലില്‍ തടവില്‍ കഴിയുമ്പോഴും ഫലസ്തീന്‍ ജനതയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

ബർഗൂതിയുടെ ചിത്രമുള്ള കൊടികളേന്തിയ ഫലസ്തീന്‍ ജനത

ഇതിനിടെ പലപ്പോഴായി ബര്‍ഗൂതിയുടെ മോചനത്തിനായുള്ള ചര്‍ച്ചകളും നടപടികളും ഇടപെടലുകളും ഉണ്ടാകുന്നുണ്ട്. 2004ല്‍ അമേരിക്ക തടവിലാക്കിയ ഇസ്രഈലി ചാരന്‍ ജോനാഥന്‍ പൊള്ളാര്‍ഡിന് പകരമായി ബര്‍ഗൂതിയെ മോചിപ്പിക്കാം എന്ന നിര്‍ദേശം ഇസ്രഈല്‍ മുമ്പോട്ട് വെക്കുന്നുണ്ട്. എന്നാല്‍ അമേരിക്ക ഈ നിര്‍ദേശം തള്ളുകയായിരുന്നു.

ഇസ്രഈല്‍ സൈനികന്‍ ഗിലാദ് ഷാലിറ്റിന്റെ മോചനത്തിന് വഴിയൊരുക്കിയ 2011ലെ തടവുകാരുടെ കൈമാറ്റത്തില്‍ ബര്‍ഗൂതിയെ ഉള്‍ക്കൊള്ളിക്കാന്‍ ഹമാസ് നിര്‍ദേശിച്ചെങ്കിലും ഇസ്രഈലിന് ആ നിര്‍ദേശം സ്വീകാര്യമായിരുന്നില്ല.

മര്‍വന്‍ ബര്‍ഗൂതി

യഹ്‌യ സിന്‍വറിനെ വരെ അന്ന് വിട്ടയച്ച ഇസ്രഈല്‍ ബര്‍ഗൂതിയുടെ കാര്യത്തില്‍ മാത്രം നിലപാട് കടുപ്പിക്കുകയായിരുന്നു. വെസ്റ്റ്ബാങ്കില്‍ തങ്ങള്‍ക്കെതിരെ നേര്‍ക്കുനേര്‍ നിന്ന് പോരാടാന്‍ പോന്ന നേതാവിനെ തുറന്നുവിടാതിരിക്കുക എന്നതിനപ്പുറം, മിതവാദിയായ മഹ്‌മൂദ് അബ്ബാസിനെ പിണക്കാതിരിക്കുക എന്ന രാഷ്ട്രീയ ജാഗ്രത കൂടിയാണ് ഇസ്രഈല്‍ അന്ന് കൈക്കൊണ്ടത്.

മഹ്‌മൂദ് അബ്ബാസ്

2024ലും 2025ലും നടന്ന ബന്ദി കൈമാറ്റ ചര്‍ച്ചയില്‍ ഹമാസ് ആദ്യം പറഞ്ഞ പേരും ബര്‍ഗൂതിയുടേത് തന്നെയായിരുന്നു. എന്നാല്‍ ഇസ്രഈല്‍ ഇത് വീണ്ടും നിരസിക്കുകയാണ്.

നിലവിലെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെക്കാളും ഹമാസ് നേതാക്കളെക്കാളും ജനപ്രീതിയുള്ള നേതാവാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ബര്‍ഗൂതിയുടെ മോചനം ഫലസ്തീന്‍ അതോറിറ്റിയിലെ ചില നേതാക്കളില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

2024 മെയ് മാസത്തില്‍ ഇതിനെ സാധൂകരിക്കും വിധം ഫലസ്തീന്‍ അതോറിറ്റിയിലെ ഏതാനും നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഇസ്രഈലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹുസൈന്‍ അല്‍-ഷൈഖ് അടക്കമുള്ളവര്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ ബര്‍ഗൂതിയുടെ മോചനത്തിന് അനുകൂലമല്ലെന്നാണ് ഫലസ്തീന്‍ അതോറിറ്റി നേതാക്കള്‍ പറഞ്ഞത്.

മോചിപ്പിക്കപ്പെട്ടാല്‍ യുദ്ധാനന്തര ഫലസ്തീനിന്റെ രാഷ്ട്രീയ ഭൂമികയില്‍ മര്‍വന്‍ ബര്‍ഗൂതി ശക്തമായ സ്വാധീനമാകുമെന്ന് ഉറപ്പാണ്. യാസര്‍ അറാഫത്തിന്റെ പിന്‍ഗാമിയെന്ന് പരക്കെ വിശ്വസിക്കപ്പെട്ട ബര്‍ഗൂതിയെ വിട്ടയക്കുന്നത് ഇസ്രഈലിനെ സംബന്ധിച്ച് രാഷ്ട്രിയ തിരിച്ചടി തന്നെയായിരിക്കും.

 

Content Highlight: Who is Marwan Barghouti?

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.