ജസീന്റാ, ലോകം നിങ്ങളെ ബഹുമാനിക്കുന്നു
Opinion
ജസീന്റാ, ലോകം നിങ്ങളെ ബഹുമാനിക്കുന്നു
ജിന്‍സി ടി എം
Wednesday, 20th March 2019, 7:22 pm

“ആക്രമണത്തിന് ഇരയായവരില്‍ ഭൂരിപക്ഷവും നമ്മുടെ കുടിയേറ്റ കുടുംബാംഗങ്ങളാണ്. ന്യൂസിലന്‍ഡ് അവരുടെ വീടാണ്. അവര്‍ ഞങ്ങളുടേതും””

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ 50 മുസ്ലീങ്ങള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി ജസീന്റ
ആര്‍ഡേന്‍ ട്വിറ്ററില്‍ കുറിച്ച ആദ്യ വരികളാണിത്. ഒരു രാജ്യത്തിന്റെ ഭരണാധികാരി അവിടത്തെ കുടിയേറ്റക്കാരെ, വ്രണിതരായ മുസ്ലിം ജനതയെ ചേര്‍ത്തുപിടിച്ചു. ആ വാക്കുകളിലൂടെ അവര്‍ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഒരു രാഷ്ട്രത്തിന്റെ നിലപാട് വ്യക്തമാക്കി. ഒപ്പം ന്യൂസിലന്‍ഡ് ജനതയുടെ കുടിയേറ്റക്കാരോടുള്ള കാഴ്ചപ്പാട് എന്തായിരിക്കണമെന്ന സന്ദേശവും നല്‍കി.

2017 ഒക്ടോബറിലാണ് 38കാരിയായ ജസീന്റ ആര്‍ഡന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. താനൊരു പുരോഗമനവാദിയായ സോഷ്യല്‍ ഡെമോക്രാറ്റാണ്. ഒപ്പം ഒരു ഫെമിനിസ്റ്റുമാണെന്നാണ് ജസീന്റ
ലോകത്തോടു പറഞ്ഞത്. മുതലാളിത്തത്തെ “സമ്പൂര്‍ണ തോല്‍വി” എന്നാണ് അവര്‍ വിളിച്ചത്.

“മനുഷ്യാവകാശം, സാമൂഹ്യനീതി, തുല്യത, ജനാധിപത്യം, സമുദായങ്ങളുടെ പങ്ക് എന്നിവയില്‍ അടിയുറച്ചുവിശ്വസിക്കുന്ന ഒരു സോഷ്യല്‍ ഡെമോക്രാറ്റാണ്” താന്‍ എന്നാണ് ജസീന്റ
പാര്‍ലമെന്റിലെ അവരുടെ ആദ്യ പ്രസംഗത്തില്‍ സ്വയം വിശേഷിപ്പിച്ചത്.

 

സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ച ജസീന്റ ഗേ പ്രൈഡ് പരേഡില്‍ മാര്‍ച്ചു ചെയ്ത ന്യൂസിലന്‍ഡിലെ ആദ്യ പ്രധാനമന്ത്രികൂടിയാണ്. ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന നിയമത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ജസീന്റ പ്രഖ്യാപിച്ചു. കഞ്ചാവ് ഉപയോഗിക്കുന്നവരെ ക്രിമിനലുകളാക്കുന്ന നിയമത്തെയും അവര്‍ എതിര്‍ത്തു. തന്റെ ഭരണകാലത്തിനുള്ളില്‍ കഞ്ചാവ് നിയമവിധേയമാക്കുന്നത് സംബന്ധിച്ച് ഹിതപരിശോധന നടത്തുമെന്ന് ജസീന്റ ഉറപ്പു നല്‍കിയിരുന്നു.

ഇതിനു പുറമേ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നിലകൊണ്ടു, രാജ്യത്തെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ പരിശ്രമിച്ചു. ന്യൂസിലന്‍ഡിലെ യുവജങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിനായുള്ള നടപടികള്‍ കൈക്കൊണ്ടു.

ജസീന്റയുടെ ചിലവുചുരുക്കല്‍ നടപടികള്‍ക്ക് ന്യൂസിലന്‍ഡില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എം.പിമാരുടെ ശമ്പള വര്‍ധനവ് ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ് എം.പി.മാരുടെ 2019 ജൂലൈ വരെയുള്ള ശമ്പള വര്‍ധനവ് മരവിപ്പിച്ച ജസീന്റയുടെ നടപടി സഖ്യകക്ഷികളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും കയ്യടി നേടിയിരുന്നു. തന്റെ മന്ത്രിമാര്‍ പരിപാടികള്‍ക്ക് പോകാന്‍ കാര്‍പൂള്‍ സംവിധാനം ഉപയോഗിച്ചാല്‍ മതിയെന്ന നിര്‍ദേശവും ചിലവുചുരുക്കലിന്റെ ഭാഗമായി നടപ്പിലാക്കി.

 

അധികാരത്തിലിരിക്കെ പ്രസവിക്കുന്ന രണ്ടാമത്തെ ലോകനേതാവ് എന്ന ഖ്യാതിയും ജസീന്റ നേടി. പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയായിരുന്നു ഇത്തരമൊരു വിശേഷണത്തിന് അര്‍ഹയായ ഏക നേതാവ്. ഭൂട്ടോ പ്രസവിച്ച അതേ പ്രായത്തില്‍, തന്റെ 37ാം വയസില്‍, അതേ തിയ്യതിയില്‍, ജൂണ്‍ 21ന്, തന്നെയാണ് ജസീന്റയും കുഞ്ഞിന് ജന്മം നല്‍കിയത് എന്നത് കൗതുകമായ യാദൃച്ഛികതയായി..

2018 സെപ്റ്റംബറില്‍ മറ്റൊരു ചരിത്രം കൂടി ജസീന്റ സൃഷ്ടിച്ചു. കുഞ്ഞിനെ മടിയിലിരുത്തി യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ നേതാവ് എന്ന ചരിത്രം. നെല്‍സണ്‍ മണ്ഡേല സമാധാന ഉച്ചകോടിയില്‍ പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പ് മൂന്ന് മാസം പ്രായമായ മകളെ കൊഞ്ചിക്കുന്ന ജസീന്റയുടെ ചിത്രവും ലോക ശ്രദ്ധനേടിയിരുന്നു. സ്ത്രീകള്‍ ഒരേസമയം ജോലി ചെയ്യുകയും കുഞ്ഞിനെ വളര്‍ത്തുകയും ചെയ്യുന്ന പ്രായോഗികതയ്ക്ക് മാര്‍ഗദര്‍ശിയാവാന്‍ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജസീന്റ അന്ന് പറഞ്ഞു.

ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തിനിപ്പുറമുള്ള ദിനങ്ങളില്‍ ഓരോന്നിലും ജസീന്റ തന്റെ ജനതയ്ക്ക് മാതൃകയാവുകയായിരുന്നു. ഹിജാബ് ധരിച്ചുകൊണ്ടാണ് ജസീന്റ ഭീകരാക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയത്.

 

“എല്ലാ മുസ്ലിം സമുദായങ്ങളോടും സ്നേഹവും സിമ്പതിയും പ്രകടിപ്പിക്കുക” എന്നതാണ് ന്യൂസിലന്‍ഡിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നാണ് ജസീന്റ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പറഞ്ഞത്.

ഏറ്റവുമൊടുവിലായി ചൊവ്വാഴ്ച ജസീന്റ പാര്‍ലമെന്റിനെ “അസ്സലാമു അലൈക്കും എന്ന് അഭിവാദ്യം ചെയ്തു. “നിങ്ങളുടെ ദു:ഖം ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ എല്ലാ ഘട്ടത്തിലും നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കാവും” എന്നാണ് അവര്‍ പറഞ്ഞത്. ഒപ്പം പേര് ഉച്ഛരിക്കുന്നതിലൂടെ ആ വംശീയവാദിക്ക് കിട്ടുന്ന കുപ്രസിദ്ധിപോലും താന്‍ നല്‍കില്ലെന്നും അതിനാല്‍ അക്രമിയുടെ പേര് ഒതു തവണപോലും ഉച്ചരിക്കില്ലെന്നും അവര്‍ വിളിച്ചു പറഞ്ഞു.

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.