ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് മദ്യനയ കേസില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതില്‍ രാംലീല മൈതാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധമുണ്ടായത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബി.ജെ.പി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ത്യാ മുന്നണി കേന്ദ്ര സര്‍ക്കാരിനെതിരെ അണിനിരന്നു.
എന്നാല്‍ അതേ കോണ്‍ഗ്രസാണ് ഇന്ന് ബി.ജെ.പി എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചോ അതേ ആരോപണങ്ങളുമായി കെജ്‌രിവാളിനെ മോദിയുമായി കൂട്ടികെട്ടുന്നത്. പ്രതിഷേധം തീര്‍ത്ത് ഒരു വര്‍ഷം പിന്നിടും മുമ്പേ മദ്യനയ കേസ് യാഥാര്‍ഥ്യമാണെന്ന് ബി.ജെ.പിയെ പോലെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രചരണം നടത്തുന്നു. ഇതെല്ലാം ആര്‍ക്കാണ് തിരിച്ചടിയാകുക?
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിയെ ഒറ്റക്കെട്ടായി ചെറുക്കാന്‍ വൈകിയാണെങ്കിലും കെട്ടിത്തീര്‍ത്ത പ്രതിരോധ കോട്ടയാണ് ഇന്ത്യാ സഖ്യം. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നയിക്കുന്ന കോണ്‍ഗ്രസും അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയും അഖിലേഷ് യാദവ് നയിക്കുന്ന സമാജ് വാദി പാര്‍ട്ടിയും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ശരദ് പവാര്‍ നയിക്കുന്ന എന്‍.സി.പിയും ഡി.എം.കെയും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന സഖ്യം.
എന്നാല്‍ ഒറ്റക്കെട്ടായി എന്‍.ഡി.എയെ പ്രതിരോധിക്കാന്‍ രൂപീകരിച്ച മുന്നണിക്കുള്ളില്‍ ഇപ്പോള്‍ വിള്ളലുണ്ടാകുകയാണ്. 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരേ മുന്നണിയില്‍ ആയിരുന്നിട്ട് കൂടി തമ്മിലടിക്കുന്ന ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെയും കോണ്‍ഗ്രസിനേയുമാണ് കാണാന്‍ സാധിക്കുന്നത്.
കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് ആം ആദ്മി ഭരണത്തിലേറിയപ്പോള്‍ തുടര്‍ച്ചയായ രണ്ട് ടെമുകളിലായി പത്ത് വര്‍ഷമാണ് എ.എ.പി ദല്‍ഹി ഭരിച്ചത്. മൂന്നാം വട്ടവും അധികാരത്തിലേറുമെന്ന ഉറപ്പോടെ കളത്തിലിറങ്ങിയിട്ടും ആം ആദ്മിയെ കാലുവാരുന്നതും ബി.ജെ.പിക്ക് ഗുണകരമാകുന്നതും കോണ്‍ഗ്രസ് തന്നെയാണോ എന്ന് സംശയിച്ച് പോകും. ബി.ജെ.പി വിരുദ്ധ ചേരിയില്‍ നില്‍ക്കുന്നവര്‍ തന്നെ പരസ്പരം പോരടിക്കുന്ന ഒരു കാഴ്ച. ഇന്ത്യാ മുന്നണിയും എന്‍.ഡി.എ മുന്നണിയും തമ്മില്‍ മത്സരിക്കേണ്ടയിടത്ത് മുന്നണിക്കുള്ളില്‍ തന്നെ മത്സരമുണ്ടാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
കെജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉപമിക്കുന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഒരേസമയം കോണ്‍ഗ്രസും ബി.ജെ.പിയും തങ്ങള്‍ക്കെതിരെന്ന് പറയുന്ന കെജ്‌രിവാള്‍. പ്രധാനമന്ത്രിയും കെജ്‌രിവാളും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ചെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. മോദിയില്‍ നിന്നും കെജ്‌രിവാളില്‍ നിന്നും താന്‍ ജാതി സെന്‍സസിനെക്കുറിച്ച് ഒരു വാക്കുപോലും കേട്ടിട്ടില്ലെന്നും രാഹുല്‍ പറയുന്നു.
രാഹുല്‍ ഗാന്ധി
പണപ്പെരുപ്പം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും പരാജയപ്പെട്ടു, പിന്നോക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹത ലഭിക്കാന്‍ ആഗ്രഹിക്കുന്നില്ല, ജാതി സെന്‍സസില്‍ നിശബ്ദര്‍ തുടങ്ങിയ ആരോപണങ്ങളും രാഹുല്‍ ഗാന്ധി കെജ്‌രിവാളിനും മോദിക്കുമെതിരെ ഒരേസമയം ഉയര്‍ത്തുന്നു. മിനിട്ടുകള്‍ക്ക് പിന്നിട്ടില്ല രാഹുല്‍ ഗാന്ധി തന്നെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കെജ്‌രിവാളിന്റെ പ്രതികരണം. കൂടുതല്‍ ഒന്നും പറയാന്‍ കെജ്‌രിവാൾ മുതിരുന്നുമില്ല.
ദല്‍ഹി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നുവെന്ന് തുടര്‍ച്ചയായി കെജ്‌രിവാളും എ.എ.പിയും പറയുന്നുണ്ട്. വോട്ടര്‍ പട്ടികയില്‍ ബി.ജെ.പി കൃത്രിമത്വം കാണിക്കുന്നുവെന്നും മുഖ്യമന്ത്രി അതിഷി ഉള്‍പ്പെടെയുളള എ.എ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
പര്‍വേഷ് വര്‍മ
ന്യൂദല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും തന്റെ എതിരാളിയുമായ പര്‍വേഷ് വര്‍മ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന കെജ്‌രിവാളിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
2023 ഓഗസ്റ്റ് 20നും ഒക്ടോബര്‍ 20നും ഇടയിലായി നടന്ന അവലോകനത്തിന് ശേഷം പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 106,873 വോട്ടര്‍മാരാണ് ദല്‍ഹിയില്‍ ഉള്ളത്. എന്നാല്‍ ഡിസംബറിന്റെ അവസാന ഘട്ടത്തില്‍ ബി.ജെ.പി 5000 വോട്ടുകള്‍ വെട്ടിക്കളയാനും പുതുതായി 7500 വോട്ടുകള്‍ ഉള്‍പ്പെടുത്താനും അപേക്ഷ നല്‍കിയെന്നുമാണ് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടിയത്.
അതായത് 12 ശതമാനം വോട്ടുകളില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമം. ശഹാദരയില്‍ 11,000 വോട്ടുകള്‍ വെട്ടിമാറ്റാന്‍ ബി.ജെ.പി നേതാവ് ലെറ്റര്‍ ഹെഡില്‍ നല്‍കിയ കത്തും ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടു. 3000 പേജുള്ള രേഖകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് എ.എ.പി കൈമാറിയത്. പിന്നെ ബി.ജെ.പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാതിരിക്കാന്‍ നിവര്‍ത്തിയില്ലലോ.
ദല്‍ഹിയിലെ ചേരികളില്‍ നിന്നുള്ള വോട്ടുകള്‍ നേടാന്‍ എ.എ.പിയും ബി.ജെ.പിയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ദല്‍ഹിയിലെ സെറ്റില്‍മെന്റുകള്‍ അദാനി-അംബാനി തുടങ്ങിയവര്‍ക്ക് വില്‍ക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും ആദ്യം നിങ്ങളുടെ വോട്ട് പിന്നെ നിങ്ങളുടെ ഭൂമി എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടുന്നു.
ഒരുപക്ഷെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലുണ്ടായ തിരിച്ചടി എ.എ.പിക്ക് ഒരു പാഠമായിട്ടുണ്ടാകും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം നേട്ടമുണ്ടാക്കിയപ്പോള്‍ ദല്‍ഹിയെ സംബന്ധിച്ച് എ.എ.പിക്കും കോണ്‍ഗ്രസിനും നഷ്ടമാണ് ഉണ്ടായത്. ദല്‍ഹിയിലെ ഏഴ് സീറ്റുകളും ബി.ജെ.പി പിടിച്ചെടുത്തു. ആം ആദ്മി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലുമായാണ് ദല്‍ഹിയില്‍ ഇന്ത്യാ മുന്നണി മത്സരിച്ചത്.
കനയ്യ കുമാര്‍
കോണ്‍ഗ്രസ് ചോദിച്ച് വാങ്ങിയ നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ മത്സരിച്ച ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവായിരുന്ന സി.പി.ഐ വിട്ട് കോണ്‍ഗ്രസിലെത്തിയ കനയ്യ കുമാര്‍ അടക്കം ദല്‍ഹിയില്‍ തോല്‍വി ഏറ്റുവാങ്ങി.
പിന്നീടുണ്ടായ സംസ്ഥാന തലത്തില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന തീരുമാനത്തില്‍ കെജ്‌രിവാളും എ.എ.പിയും ഉറച്ച് നില്‍ക്കുമ്പോള്‍ അത് അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. കോണ്‍ഗ്രസിനെ തള്ളി അഖിലേഷ് യാദവും ശരദ് പവാറും അഭിഷേക് ബാനര്‍ജിയും അടക്കം ആം ആദ്മിയെ പിന്തുണക്കുന്നു.
ദല്‍ഹിയില്‍ മാത്രമല്ല, വരാനിരിക്കുന്ന മഹാരാഷ്ട്ര മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശരദ് പവാറിന്റെ എന്‍.സി.പിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുന്നു.
സംസ്ഥാന-തദ്ദേശ തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് ഇന്ത്യാ സഖ്യത്തിനുള്ളില്‍ ഇതുവരെ ചര്‍ച്ചയുണ്ടായിട്ടില്ലെന്ന വിമര്‍ശനങ്ങളെ കുറിച്ചും കോണ്‍ഗ്രസില്‍ നിന്ന് മറുപടിയുണ്ടാകുന്നില്ല.
സംസ്ഥാന തലത്തില്‍ എത്തുമ്പോള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും പിന്തുണ നല്‍കണമെന്നും തീരുമാനിച്ചുകൊണ്ടാണ് ഇന്ത്യാ സഖ്യം രൂപീകരിച്ചതെന്ന് ശരദ് പവാര്‍ ഉള്‍പ്പെടെ പറയുന്നു.
അഖിലേഷ് യാദവ്
ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള സാംസ്‌കാരിക ബന്ധമുള്ള പ്രാദേശിക കക്ഷികള്‍ക്ക് തന്നെയാണ് സംസ്ഥാന തലത്തില്‍ പ്രാധാന്യമെന്ന് അഖിലേഷ് യാദവ് അടക്കമുള്ള ഇന്ത്യാ സഖ്യത്തിലെ നേതാക്കളും പറയുന്നു.
ഇതേ പ്രാദേശിക രാഷ്ട്രീയം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഒഴികെയുള്ള ഇന്ത്യാ കക്ഷികള്‍ ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സ്വന്തം കുഴി വെട്ടുകയും തമ്മില്‍ താറടിച്ച് അധികാരം നേടാന്‍ നോക്കുകയും ചെയ്യുന്നു.
Content Highlight: Who is helping BJP to capture Delhi?