40 വർഷത്തെ ജയിൽ ജീവിതവും തളർത്താത്ത സയണിസ്റ്റ് വിരുദ്ധ പോരാളി; ജോർജ് ഇബ്രാഹിം അബ്ദുല്ലയെ കുറിച്ചറിയാം
Discourse
40 വർഷത്തെ ജയിൽ ജീവിതവും തളർത്താത്ത സയണിസ്റ്റ് വിരുദ്ധ പോരാളി; ജോർജ് ഇബ്രാഹിം അബ്ദുല്ലയെ കുറിച്ചറിയാം
ഹണി ജേക്കബ്ബ്
Friday, 18th July 2025, 5:39 pm

ഞാൻ ഒരു കുറ്റവാളിയല്ല, മറിച്ച് ഫലസ്തീൻ അവകാശങ്ങൾക്കായി പോരാടുന്ന ആക്ടിവിസ്റ്റാണ്‘. തന്റെ രാഷ്ട്രീയ വീക്ഷണങ്ങളിൽ ഒരുചുവടുപോലും പിന്മാറാതെ നീണ്ട നാല്പത് വർഷത്തോളം അഴിക്കുള്ളിൽ അടക്കപ്പെട്ട ഫലസ്തീൻ വിമോചന പോരാളി ജോർജ് ഇബ്രാഹിം അബ്ദുല്ലയുടെ വാക്കുകളാണിത്.

ചരിത്രമുറങ്ങുന്ന ലെബനനിൽ മരോണൈറ്റ് ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ള അൽ-ഖൂബയ്യത്തിന്റെ മണ്ണിൽ പിറന്ന ഒരു അഗ്നിജ്വാലയായിരുന്നു ജോർജ് ഇബ്രാഹിം അബ്ദുല്ല. ഫലസ്തീൻ ജനതയുടെ മോചനത്തിനായി ജീവിതം ഒഴിഞ്ഞുവെച്ച വിപ്ലവകാരി. അദ്ദേഹത്തിന്റെ ജീവിതം, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിതാന്തമായ പോരാട്ടത്തിന്റെ നേർചിത്രമാണ്.

അദ്ദേഹത്തിന്റെ പിതാവ് പട്ടാളത്തിലായിരുന്നു. ചെറുപ്പക്കാരനായ അബ്ദുല്ല ഒരു സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായി ബെയ്റൂട്ടിലേക്ക് സ്ഥലം മാറ്റപ്പെട്ടു. അവിടെവെച്ച് അബ്ദുല്ല അക്കാലത്ത് മാർക്സിസത്തിൽ മുഴുകിയിരുന്ന ഫലസ്തീൻ അനുകൂല, അറബ് ദേശീയ വൃത്തങ്ങളോട് അനുഭാവം പുലർത്തി. ലെബനനിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം അദ്ദേഹം ഫലസ്തീനിലെ മാർക്സിസ്റ്റ് ലെനിനിസ്റ്റ്, മതേതര, ദേശീയ പ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീനിലും (PFLP) പിന്നീട് ലെബനീസ് റെവല്യൂഷണറി ആംഡ് ഫാക്ഷൻസ് (LRAF) എന്ന സംഘടനയിലും ചേർന്ന് സയണിസ്റ്റ് വിരുദ്ധ പോരാട്ടമാണ് തന്റെ വഴിയെന്ന് തെരഞ്ഞെടുത്തു. ആയുധങ്ങളിലൂടെയുള്ള ഒരു വിപ്ലവം അദ്ദേഹം സ്വപ്നം കണ്ടു.

1967ൽ ജോർജ് ഹബഷ് ആരംഭിച്ച മാർക്ക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (PFLP). ഫലസ്തീൻ വിഷയത്തിന്റെ പ്രാധാന്യം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ഏതറ്റം വരെയും പോകാൻ ഹബഷിന്റെ നേതൃത്വത്തിലുള്ള മുന്നണി തയ്യാറായിരുന്നു. വിമാനറാഞ്ചൽ, ഇസ്രഈൽ നയതന്ത്ര പ്രതിനിധികൾക്കെതിരെയും ഇസ്രയേൽ കമ്പനികൾക്കെതിരെയും ആക്രമണം എന്നിവയിലൂടെ ശ്രദ്ധേയരായി. ഫലസ്തീനിൽ അധിനിവേശം നടത്തുന്ന ഇസ്രഈലിനെതിരെ സായുധമായി പ്രതികരിക്കണമെന്ന് ജോർജ് ഹബഷ് ആഹ്വാനം ചെയ്തു. സായുധ സമരത്തിലൂടെ മാതൃഭൂമി തിരിച്ചുപിടിക്കുകയും സ്വതന്ത്രമായ ഒരു മതേതര രാജ്യം നേടിയെടുക്കലുമായിരുന്നു പാർട്ടിയുടെ ലക്ഷ്യം.

PFLP ലെ പ്രവർത്തനത്തോടൊപ്പം പിന്നീട് LRAF ലും അബ്ദുല്ല സജീവമായി പ്രവർത്തിച്ചു. 1980 കളുടെ തുടക്കത്തിൽ നിരവധി കൊലപാതക പ്രവർത്തനങ്ങൾ LARF ന്റേതാണെന്ന് ആരോപിക്കപ്പെട്ടു. 1984 ൽ റോമിൽ നടന്ന യു.എസ് അഡ്മിറൽ ലീമൺ ഹണ്ടിന്റെ കൊലപാതകത്തിലും ഇവർക്കെതിരെ കുറ്റം ചുമത്തി. 1984 ഒക്ടോബറിൽ ലിയോണിൽ വെച്ച് യാദൃശ്ചികമായി അബ്ദുല്ല അറസ്റ്റിലായി. LARFലെ പ്രധാന അംഗമാണ് അദ്ദേഹം എന്ന് പിന്നീട് പൊലീസ് തെളിയിച്ചെങ്കിലും ഗ്രൂപ്പിന്റെ ആക്രമണങ്ങളിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ പങ്കാളിത്തം തെളിയിക്കാൻ കഴിഞ്ഞില്ല. ആദ്യകാലത്ത് നാല് വർഷത്തേക്ക് തടവിന് വിധിക്കപ്പെട്ട അബ്ദുല്ലയുടെ ശിക്ഷാ കാലാവധി നീട്ടികൊണ്ടുപോകുകയിരുന്നു. അബ്ദുല്ലയെ പുറത്തുവിടാതിരിക്കാൻ അമേരിക്കയുടെയും ഇസ്രഈലിന്റെയും ശക്തമായ ഇടപെടലുകളുണ്ടെന്നും പറയപ്പെടുന്നു.

അബ്ദുല്ലയുടെ ജയിൽവാസത്തിന് മറുപടിയായി LRAF സംഘത്തിലെ അംഗങ്ങൾ 1985 മാർച്ചിൽ വടക്കൻ ലെബനനിലെ ട്രിപ്പോളിയിൽ വെച്ച് ഫ്രഞ്ച് നയതന്ത്രജ്ഞൻ സിഡ്നി ഗൈൽസ് പെയ്‌റോൾസിനെ തട്ടിക്കൊണ്ടുപോയി. എന്നാൽ സംഘത്തിന്റെ പദ്ധതികൾ വിജയിക്കാതെ വന്നതോടെ മൂന്ന് ദിവസത്തിന് ശേഷം നയതന്ത്രജ്ഞനെ വിട്ടയച്ചു. കുറച്ച് കാലങ്ങൾക്ക് ശേഷം അബ്ദുല്ല വാടക നൽകുന്ന ഫ്ലാറ്റിൽ ഫ്രഞ്ച് പൊലീസ് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെത്തി, മൂന്ന് വർഷം മുമ്പ് റേയെയും ബർസിമന്റോവിനെയും കൊല്ലാൻ ഉപയോഗിച്ചതായി കരുതുന്ന തോക്കും അക്കൂട്ടത്തിലുണ്ടായിരുന്നു. തുടർന്ന് ജോർജ് അബ്ദുല്ലയ്‌ക്കെതിരെ കൊലപാതകങ്ങളിൽ പങ്കാളിയാണെന്ന് കുറ്റം ചുമത്തി.

1987ൽ അബ്ദുല്ലയെ ജീവപര്യന്തം തടവിന് വിധിച്ചു. ഫ്രഞ്ച് നിയമമനുസരിച്ച് 1999 മുതൽ അബ്ദുല്ലയെ മോചിപ്പിക്കാമായിരുന്നു. 2004നും 2020നും ഇടയിൽ അദ്ദേഹത്തിന്റെ ഒമ്പത് പരോൾ അപേക്ഷകൾ നിരസിക്കപ്പെട്ടു.

1984ൽ ആദ്യമായി അറസ്റ്റിലാവുകയും 1987ൽ ശിക്ഷിക്കപ്പെടുകയും ചെയ്ത അബ്ദുല്ല, ഫ്രാൻസിൽ ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞവരിൽ ഒരാളാണ്. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുന്നവരിൽ ഭൂരിഭാഗം ആളുകളും മുപ്പത് വർഷത്തിനുള്ളിൽ ജയിൽ മോചിതരാകാറുണ്ട്. എന്നാൽ നാല്പത് വർഷത്തോളമായി അബ്ദുല്ല ജയിൽ വാസത്തിലാണ്. തന്റെ 33ാം വയസിൽ തുറങ്കലിൽ അടക്കപ്പെട്ട ആ മനുഷ്യൻ യൂറോപ്പിൽ ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ രാഷ്ട്രീയ തടവുകാരനാണ്.

ഫ്രഞ്ച് ലീഗ് ഫോർ ദി ഡിഫൻസ് ഓഫ് ഹ്യൂമൻ ആൻഡ് സിറ്റിസൺ റൈറ്റ്സ്, അസോസിയേഷൻ ഫ്രാൻസ്-പാലസ്തീൻ സോളിഡാരിറ്റ്, ഫ്രഞ്ച് ജൂത യൂണിയൻ ഫോർ പീസ്, ഇടതുപക്ഷ, തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികൾ എന്നിവയുൾപ്പെടെ നിരവധി ഫ്രഞ്ച് സംഘടനകൾ അബ്ദുല്ലയുടെ മോചനത്തെ പിന്തുണയ്ക്കുന്നുണ്ട്. ഓഗസ്റ്റ് 31ന്, സോഷ്യൽ മീഡിയയിൽ #MacronLibérezAbdallah (മാക്രോൺ, അബ്ദുല്ലയെ സ്വതന്ത്രമാക്കുക) എന്ന പേരിൽ ക്യാംപെയ്ൻ ആരംഭിച്ചു.

അദ്ദേഹത്തിന്റെ പിന്തുണാ സമിതിയുടെ അഭിപ്രായത്തിൽ, വിദേശ സമ്മർദം കൊണ്ട് ജുഡീഷ്യൽ പീഡനത്തിന് ഇരയായ ആളാണ് അബ്ദുല്ല. നെൽസൺ മണ്ടേലയോ ജർമ്മൻ റെഡ് ആർമി പ്രവർത്തകരോ വർണ വിവേചന തടവറകളിൽ കഴിഞ്ഞിരുന്ന കാലത്തേക്കാൾ വളരെ കൂടുതലാണ് അദ്ദേഹത്തിന്റെ തുടർച്ചയായ ജയിൽ വാസം. ഹിറ്റ്‌ലറുടെ ഡെപ്യൂട്ടിയായിരുന്ന റുഡോൾഫ് ഹെസ് ഒഴികെ കുറ്റവാളിയായ ഒരു നാസിയെ പോലും ഇത്രയും കാലം തടങ്കലിൽ വെച്ചിട്ടില്ല.

വർഷങ്ങളായ പോരാട്ടങ്ങൾക്കൊടുവിൽ 2024 നവംബറിൽ ഫ്രഞ്ച് കോടതി അബ്ദുല്ല ഫ്രാൻസ് വിടണമെന്ന വ്യവസ്ഥയിൽ അദ്ദേഹത്തെ വിട്ടയക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ അബ്ദുല്ല തന്റെ രാഷ്ട്രീയ വീക്ഷണങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വാദിച്ച ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ തീരുമാനത്തിനെതിരെ അപ്പീൽ നൽകി. തുടർന്ന് മോചനം താത്കാലികമായി നിർത്തിവെക്കുകയായിരുന്നു.

ഒടുവിൽ ഇക്കഴിഞ്ഞ ദിവസം (ജൂലൈ 17) പാരീസ് അപ്പീൽ കോടതി അബ്ദുല്ലയെ മോചിപ്പിച്ച് വിധിപുറപ്പെടുവിച്ചു. ജൂലൈ 25ന് 41 വർഷങ്ങൾക്ക് ശേഷം തന്റെ 74ാം വയസിൽ ജോർജ് ഇബ്രാഹിം അബ്ദുല്ല ജയിൽ മോചിതാകാനാകും. വിധിക്കെതിരെ ഫ്രാൻസിലെ പരമോന്നത കോടതിയായ കോർട്ട് ഓഫ് കാസേഷനിൽ പ്രോസിക്യൂട്ടർമാർ അപ്പീൽ നൽകിയേക്കാൻ സാധ്യതയുണ്ട്. എന്നാൽ അടുത്തയാഴ്ച അദ്ദേഹത്തിന്റെ മോചനം തടയാൻ തക്ക വേഗത്തിൽ അത് പ്രോസസ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട്.

‘അദ്ദേഹം ഒരിക്കലും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടിൽ നിന്ന് പിന്തിരിഞ്ഞില്ല. 41 വർഷത്തെ തടങ്കലിനുശേഷവും അമേരിക്കയ്‌ക്കെതിരായ ഒരു രാഷ്ട്രീയ വിജയം കൂടിയാണിത്’ എന്നാണ് ജോർജ് ഇബ്രാഹിം അബ്ദുല്ലയുടെ വക്കീൽ വിധിക്ക് ശേഷം പറഞ്ഞത്.

‘സയണിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ പോരാളിയായ ജോർജ് അബ്ദുല്ലയുടെ മോചനം തീർച്ചയായും ലെബനനിൽ ഒരു സംഭവമായിരിക്കും. അദ്ദേഹം തന്റെ രാജ്യത്തേക്ക് മടങ്ങുമ്പോൾ ഒരു നായകനായി ആഘോഷിക്കപ്പെടും. മാത്രമല്ല വിപ്ലവ പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യത്യസ്ത പ്രസ്ഥാനങ്ങളും അദ്ദേഹത്തെ ആഘോഷിക്കും. ഒരു ‘സയണിസ്റ്റ് വിരുദ്ധൻ’ എന്നപേരിൽ അറിയപ്പെടും’ 1999ൽ ജഡ്ജിമാരെ നേരിട്ട് അഭിസംബോധന ചെയ്ത ഡി.എസ്.ടിയുടെ പ്രസ്താവനയിൽ പറഞ്ഞതിങ്ങനെയായിരുന്നു.

പതിറ്റാണ്ടുകൾക്കപ്പുറം ജോർജ് ഇബ്രാഹിം അബ്ദുല്ല ജയിൽ മോചിതനായി ലെബനിലേക്ക് മടങ്ങിയെത്തുന്നത് ഫലസ്തീൻ വിമോചന പോരാട്ടത്തിന് ഊർജം നൽകുന്ന നായകനായാണ്.

Content Highlight: Who Is George Ibrahim Abdullah

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം