ആരാണ് പാകിസ്ഥാന്‍ താലിബാന്‍?
വടക്കന്‍ വസീരിസ്ഥാനിലെയും അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറന്‍ ഗോത്രമേഖലയിലെയും ഒരു വിഭാഗം പോരാളികള്‍ ചേര്‍ന്ന് രൂപം കൊടുത്ത തീവ്രവാദ സംഘടനയാണ് പാകിസ്ഥാന്‍ താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ യു.എസ് നടത്തിയ യുദ്ധത്തില്‍ പാകിസ്ഥാനും സഖ്യം ചേര്‍ന്നതുമുതലാണ് ഇവര്‍ സര്‍ക്കാറിനെതിരെ യുദ്ധം ആരംഭിച്ചത്. അതേസമയം, 2007 വരെ പാകിസ്ഥാന്‍ താലിബാന്‍ ഒരു മാതൃസംഘടനയായി ഔദ്യോഗികമായി രൂപം കൊണ്ടിരുന്നില്ല.
ബൈത്തുല്ല മഹ്‌സൂദാണ് തെഹ്‌രീക്-ഇ-താലിബാന്റെ (ടി.ടി.പി) ആദ്യ നേതാവ്. അദ്ദേഹം 2009ലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഹക്കീമുല്ല മെഹ്‌സൂദ് തുടര്‍ന്നു നേതാവായി. മുല്ല ഫസ്ലുള്ളയാണ് തെഹ്‌രീക്-ഇ-താലിബാന്‍ പാകിസ്ഥാന്റെ ഇപ്പോഴത്തെ തലവന്‍. 2012ന്റെ അവസാനത്തോടെയാണ് മുല്ല നേതൃസ്ഥാനത്തെത്തിയത്. മുല്ല നേതൃസ്ഥാനത്തുണ്ടായിരുന്നപ്പോഴാണ് 2012ല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകയായ മലാല യൂസഫ്‌സായിയ്‌ക്കെതിരെ താലിബാന്‍ ആക്രമണം നടത്തിയത്.
എന്താണ് അവരുടെ ലക്ഷ്യം?
പാകിസ്ഥാനില്‍ നിന്നും സര്‍ക്കാര്‍ സംവിധാനം തുടച്ചുമാറ്റി ഇസ്‌ലാമിക നിയമം കൊണ്ടുവരുമെന്നാണ് ടി.ടി.പി വാഗ്ദാനം നല്‍കുന്നത്. കുറ്റവാളികള്‍ക്ക് മുസ്‌ലിം നിയമം അനുശാസിച്ച് കടുത്ത ശിക്ഷാ വിധികള്‍ നടപ്പാക്കുന്നതിനെ താലിബാന്‍ അനുകൂലിക്കുന്നു. പുരുഷന്‍മാര്‍ താടി നീട്ടി വളര്‍ത്തണമെന്നും സ്ത്രീകള്‍ ബുര്‍ഖ ധരിക്കണമെന്നുമുള്ള നിര്‍ദേശം അനുസരിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കി. താലിബാന്‍ സ്വാധീന മേഖലകളില്‍ ടെലിവിഷനും സിനിമയും നിരോധിച്ചിട്ടുണ്ട്. കൂടാതെ 10 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും നിരോധിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാറിനും യു.എസിനും എതിരെ പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ താലിബാനുമായും ഭീകരസംഘടനയായ അല്‍-ഖയ്ദയുമായും ഇവര്‍ ഐക്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ലക്ഷ്യം കൊണ്ടുവരുന്നതിനായി അവര്‍ ഇടയ്ക്കിടെ പാകിസ്ഥാന്‍ സൈന്യത്തിനെതിരെയും സര്‍ക്കാറിനും പൗരന്‍മാര്‍ക്കുമെതിരെയും ആക്രമണം അഴിച്ചുവിടാറുണ്ട്. ഇത്തരം അക്രമങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. ഒരു ദശാബ്ദത്തിനിടെ ഉണ്ടായ ഇത്തരം അക്രമസംഭവങ്ങളില്‍ ഏറ്റവും ഭീകരമായിരുന്നു കഴിഞ്ഞദിവസം പെഷവാറില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുനേരെയുണ്ടായത്.
പാക് താലിബാനെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ എന്തു ചെയ്തു?
പാകിസ്ഥാനാണ് താലിബാന് വളരാന്‍ ഇടം നല്‍കിയതും വേണ്ട ധനസഹായം നല്‍കുന്നതുമെന്ന ആരോപണമുണ്ടെങ്കിലും എല്ലാകാലത്തും പാകിസ്ഥാന്‍ ഇത് നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. പാകിസ്ഥാനിലെ മദ്രസകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അഫ്ഗാന്‍ പൗരന്‍മാരാണ് താലിബാന്റെ ആദ്യകാല പോരാളികളില്‍ ഭൂരിഭാഗവുമെന്ന് വിലയിരുത്തലുകളുണ്ട്.
പാകിസ്ഥാന്‍ സൈന്യം രാജ്യത്തിന്റെ ഗോത്രമേഖലയില്‍ തീവ്രവാദികളെ ലക്ഷ്യമിട്ടു നിരവധി സൈനിക ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ ആക്രമങ്ങളില്‍ 4,000ത്തിലധികം പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ നിരവധി പാകിസ്ഥാനികള്‍ ഈ സൈനികനടപടികളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്തിട്ടുണ്ട്.
2013ല്‍ നവാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ തീവ്രവാദം അവസാനിപ്പിക്കാനുള്ള നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. അദ്ദേഹം തീവ്രവാദികളുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ജൂണില്‍ കറാച്ചി എയര്‍പോര്‍ട്ടില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണം പാകിസ്ഥാനെ ഞെട്ടിച്ചു. തുടര്‍ന്ന് വടക്കന്‍ വസീരിസ്ഥാനില്‍ സര്‍ക്കാര്‍ തിരിച്ചടിക്കാന്‍ ആരംഭിച്ചു. ഈ ഓപ്പറേഷനില്‍ 1,000ത്തിലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. ഈ ആക്രമണം ആയിരക്കണക്കിനു ആളുകകളെ വഴിയാധാരമാക്കിയിരുന്നു.
2001ല്‍ സെപ്തംബറില്‍ വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് താലിബാന്‍ ലോകശ്രദ്ധയില്‍ വരുന്നത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒസാമ ബിന്‍ ലാദന് വേണ്ട സുരക്ഷിത ഇടം നല്‍കിയത് അഫ്ഗാനിലെ താലിബാന്‍ ആയിരുന്നു. സെപ്തംബര്‍ 11ന് ശേഷം യു.എസ് നേതൃത്വത്തിലുള്ള സൈനിക നടപടിയുടെ ഫലമായി അഫ്ഗാനിലെ താലിബാന്‍ ഭരണത്തിന് വിരാമമായി. അഫ്ഗാനിലെ അധികാരം നഷ്ടപ്പെട്ടെങ്കിലും പാക് അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഇന്നും താലിബാന് കഴിയുന്നുണ്ട്.
