റഷ്യയുമായും ചൈനയുമായും അടുപ്പം പുലര്‍ത്തുന്ന ഇന്ത്യയ്ക്ക് അമേരിക്ക അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്നത് അപകടകരം: വൈറ്റ് ഹൗസ് ഉപദേഷ്ടാവ്‌
World News
റഷ്യയുമായും ചൈനയുമായും അടുപ്പം പുലര്‍ത്തുന്ന ഇന്ത്യയ്ക്ക് അമേരിക്ക അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്നത് അപകടകരം: വൈറ്റ് ഹൗസ് ഉപദേഷ്ടാവ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th August 2025, 3:53 pm

വാഷിങ്ടണ്‍: റഷ്യയുമായും ചൈനയുമായും അടുപ്പം പുലര്‍ത്തുന്ന ഇന്ത്യയ്ക്ക് അമേരിക്ക അത്യാധുനിക
ആയുധങ്ങള്‍ വില്‍ക്കുന്നത് അപകടകരമാണെന്ന് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. ഫിനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ച ഒരു അഭിപ്രായ ലേഖനത്തില്‍ മോസ്‌കോയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ നവാരോ വിമര്‍ശിക്കുകയും ചെയ്തു.

റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഉക്രൈന്‍- മോസ്‌കോയുടെ യുദ്ധത്തിന് ധനസഹായം നല്‍കുകയായിരുന്നുവെന്നും അത് നിര്‍ത്തിവെക്കേണ്ടതാണെന്നും അദ്ദേഹം എഴുതി.

‘ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി കണക്കാക്കണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടകണം. ഇന്ത്യയുടെ എണ്ണ ലോബി പുടിന്റെ യുദ്ധ യന്ത്രത്തിന് സഹായകമാകുന്നു. ഇത് അവസാനിപ്പിക്കണം,’ നവാരോ പറഞ്ഞു.

ഇതോടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ യു.എസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. ഓഗസ്റ്റ് 25ന് നടക്കാനിരുന്ന ചര്‍ച്ചാസംഘത്തിന്റെ സന്ദര്‍ശനം മാറ്റിവച്ചത്.

ഇത് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്നതിനാല്‍ സമ്മര്‍ദം ശക്തമാക്കാനുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കമാണെന്നും വിമര്‍ശനമുണ്ട്. അസിസ്റ്റന്റ് യു.എസ് വ്യാപാര പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള യു.എസ് സംഘത്തിന്റെ സന്ദര്‍ശനം ഓഗസ്റ്റ് 25നും 29നും ഇടയില്‍ നടക്കേണ്ടതായിരുന്നു.

ഡൊണാള്‍ഡ് ട്രംപ് പരസ്പര താരിഫ് 50 ശതമാനമായി ഇരട്ടിയാക്കിയതിനെത്തുടര്‍ന്ന് ഇരു സഖ്യകക്ഷികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ചര്‍ച്ചകള്‍ സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

Content Highlight: White House trade adviser Peter Navarro says transferring sophisticated military capabilities to India is dangerous for American companies