പാലക്കാട്: ‘വൈറ്റ് കോളര്‍ ടെററിസം’ എന്ന പ്രയോഗം ഒരു പ്രത്യേക സമുദായത്തിലേക്ക് ചുരുക്കരുതെന്ന് സി.പി.ഐ.എം നേതാവ് ഡോ. പി. സരിന്‍. റിപ്പോര്‍ട്ടര്‍ ടി.വി മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറിനെ തിരുത്തിക്കൊണ്ടായിരുന്നു സരിന്റെ പ്രതികരണം.
നവംബര്‍ പത്തിന് ദല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനത്തിന് പിന്നാലെയാണ് വൈറ്റ് കോളര്‍ ടെററിസമെന്ന പ്രയോഗം വീണ്ടും ചര്‍ച്ചയായത്. ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട ഒന്നിലധികം ഡോക്ടര്‍മാര്‍ അറസ്റ്റിലായതും ഈ ചര്‍ച്ചയെ കൂടുതല്‍ ശക്തമാക്കി.
ചെങ്കോട്ട സ്‌ഫോടനത്തിന് മുന്നോടിയായി ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് മുസ്‌ലിം ഡോക്ടര്‍മാര്‍ അറസ്റ്റിലായ സംഭവവും വൈറ്റ് കോളര്‍ ടെററിസം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കാരണമായി.
കഴിഞ്ഞ ഒരാഴ്ചയായി ദേശീയ-സംസ്ഥാന മാധ്യമങ്ങളും ഈ പ്രയോഗം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സമാനമായി അരുണ്‍ കുമാര്‍ നടത്തിയ പരാമര്‍ശത്തെ മുന്‍നിര്‍ത്തിയാണ് പി. സരിന്‍ മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം തിരുത്തിയത്. കൽപ്പാത്തി രഥോത്സവത്തിനിടെ സരിനിൽ നിന്ന് പ്രതികരണം തേടുകയായിരുന്നു അരുൺ കുമാർ.
‘ഗുജറാത്ത് കലാപത്തിനിടെ, അതായത് നരോദപാട്യ (2002 ഫെബ്രുവരി 28) കൂട്ടക്കൊലയില്‍ 97 ഇസ്‌ലാം മതവിശ്വാസികളെ തെരഞ്ഞുപിടിച്ച് കൊന്ന് തള്ളിയവരില്‍ പ്രധാനിയും പിന്നീട് ബി.ജെ.പി മന്ത്രിസഭയില്‍ വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായ ഡോ. മായാ കോഡ്‌നാനി ആയിരുന്നു ആദ്യത്തെ വൈറ്റ് കോളര്‍ ടെററിസ്റ്റ്. ഗര്‍ഭ പരിചരണ വിഭാഗം സ്‌പെഷലിസ്റ്റായ ഈ മായാ മേംസാബാണ്, ഗര്‍ഭിണികളുടെ വയറ് ത്രിശൂലം കൊണ്ട് കുത്തിക്കീറി ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ വരെ കൊന്ന് കൊലവിളിച്ച സംഘികള്‍ക്ക് നേതൃത്വം നല്‍കിയ യഥാര്‍ത്ഥ വൈറ്റ് കോളര്‍ ടെററിസ്റ്റ്,’ എന്ന് സരിന്‍ വ്യക്തമാക്കി.
അരുണ്‍ കുമാറിന് നല്‍കിയ പ്രതികരണത്തിന്റെ വിശദരൂപം അദ്ദേഹം ഫേസ്ബുക്കിലും കുറിച്ചു. ഭീകരതയ്ക്ക് മതമില്ലെന്നും എല്ലാ മതങ്ങളിലും വൈറ്റ് കോളര്‍ ടെററിസ്റ്റുകളുണ്ടെന്നും സരിന്‍ ചൂണ്ടിക്കാട്ടി.
വി.എച്ച്.പി നേതാവായ പ്രവീണ്‍ തൊഗാഡിയയെ കുറിച്ചും സരിന്‍ പരാമര്‍ശിച്ചു. തൊഗാഡിയ ഒരു എം.ബി.ബി.എസ് മാത്രമല്ല ക്യാന്‍സര്‍ സര്‍ജനുമായിരുന്നുവെന്നും പി. സരിന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിദ്യാസമ്പന്നരായ ആളുകള്‍ തന്നെ ടെററിസത്തിലേക്ക് കടക്കുന്നുവെന്ന് ഗുജറാത്തില്‍ നമ്മള്‍ കണ്ടതാണെന്ന് ഓര്‍മിപ്പിച്ചാണ് കോഡ്‌നാനി-തൊഗാഡിയ എന്നിവരെ കുറിച്ച് സരിന്‍ പരാമര്‍ശിക്കുന്നത്.
വൈറ്റ് കോളര്‍ ടെററിസത്തെ തെറ്റായി പ്രയോഗിക്കുന്നവരെ നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ തിരുത്തണമെന്നും സരിന്‍ ഡോ. അരുണ്‍ കുമാറിനോട് പറയുന്നുണ്ട്. ശേഷം എല്ലാ വിഭാഗങ്ങളിലും ഇത്തരം ആളുകളുണ്ടെന്ന് മറുപടി നല്‍കിയ അരുണ്‍ കുമാറിനോട്, അതാണ് നിങ്ങള്‍ പറയാന്‍ ശ്രമിക്കേണ്ടതെന്നും സരിന്‍ പറഞ്ഞു.
Content Highlight: ‘White collar terrorism’ should not be reduced to a specific community; P. Sarin corrects Arun Kumar