ഒരുപാട് പേർക്കുള്ള ചോദ്യമായിരിക്കും തൈരും യോഗർട്ടും പ്രോബയോട്ടിക് തൈരും ഒന്നല്ലേ എന്നത്. എന്നാൽ തൈരും യോഗർട്ടും പ്രോബയോട്ടിക് തൈരും തമ്മിൽ ഒരുപാട് സാമ്യതയുള്ളപോലെതന്നെ വ്യത്യാസങ്ങളുമുണ്ട്. ഇവ മൂന്നും പുളിപ്പിച്ച പാൽ ഉൽപ്പന്നങ്ങളാണ്. നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് ഗുണകരമായ പ്രോബയോട്ടിക്സ് അഥവാ ‘നല്ല ബാക്ടീരിയകൾ’ ധാരാളമായി അടങ്ങിയിട്ടുള്ള പോഷകാഹാരമാണിത്.
നമ്മുടെ വീടുകളിൽ സാധാരണയായി ഉണ്ടാക്കുന്ന ഒന്നാണ് തൈര്. പാൽ തിളപ്പിച്ച് ചൂടാറിയ ശേഷം ഉറ (പുളിച്ച തൈര്) ചേർത്ത് ഉണ്ടാക്കുന്നതാണിത്. പാലിൽ അടങ്ങിയിട്ടുള്ള ലാക്ടോസിനെ ഉറയിൽ അടങ്ങിയിട്ടുള്ള വിവിധതരം ലാക്ടിക് ആസിഡ് ബാക്ടീരിയകൾ വിഘടിപ്പിച്ച് ലാക്ടിക് ആസിഡ് ആക്കി മാറ്റുന്ന പ്രക്രിയയിലൂടെയാണ് തൈര് ഉണ്ടാകുന്നത്. ഈ ലാക്ടിക് ആസിഡ് ആണ് തൈരിന് പുളിച്ച രുചി നൽകുന്നത്.
എന്താണ് യോഗർട്ട്?
തൈരുമായി വളരെ സാമ്യമുള്ള ഒന്നുതന്നെയാണ് യോഗർട്ട്. എന്നാൽ വ്യവസായപരമായി ഒരു പ്രത്യേക രീതിയിൽ നിർമിക്കുന്ന പാലുൽപ്പന്നമാണ് ഇത്. വീടുകളിൽ തൈര് ഉണ്ടാക്കുന്നതുപോലെ പാൽ പുളിപ്പിച്ച് തന്നെയാണ് യോഗർട്ടും ഉണ്ടാക്കുന്നത്. എന്നാൽ പ്രത്യേകം തെരഞ്ഞെടുത്ത ബാക്ടീരിയൽ കൾച്ചറുകൾ ഉപയോഗിച്ചാണ് യോഗർട്ട് നിർമിക്കുന്നത്.
യോഗർട്ട് നിർമിക്കാൻ പ്രധാനമായും രണ്ട് തരം ബാക്ടീരിയകളാണ് ഉപയോഗിക്കുന്നത്
യോഗർട്ട് തൈരിനെക്കാൾ ക്രീമിയും കൂടുതൽ രുചിയുള്ളതുമായിരിക്കും. മധുരവും പഴങ്ങളും മറ്റ് ഫ്ലേവറുകളും ചേർത്ത യോഗർട്ട് വിപണിയിൽ ലഭ്യമാണ്. പ്ലെയിൻ യോഗർട്ട്, ഫ്ലേവർഡ് യോഗർട്ട്, ഗ്രീക്ക് യോഗർട്ട് തുടങ്ങിയ വ്യത്യസ്തതരം യോഗർട്ടുകൾ വിപണിയിൽ ഉണ്ട്.
സാധാരണ തൈരിൽ നിന്ന് വ്യത്യസ്തമായി ആരോഗ്യത്തിന് പ്രത്യേക ഗുണങ്ങളുള്ള ചിലതരം പ്രോബയോട്ടിക് ബാക്ടീരിയകളുടെ അളവ് കൂടുതലായി അടങ്ങിയ തൈരുകളാണ് പ്രോബയോട്ടിക് തൈര്. ‘പ്രോബയോട്ടിക് തൈര്’ അല്ലെങ്കിൽ ‘പ്രോബയോട്ടിക് ദഹി’ എന്ന ലേബലിൽ ഇവ കടകളിൽ ലഭ്യമാണ്.
എന്താണ് പ്രോബയോട്ടിക് തൈരിനെ വ്യത്യസ്തമാക്കുന്നത്?
പ്രോബയോട്ടിക് തൈരുകളിൽ ദഹനനാളത്തിൽ അതിജീവിച്ച് ആരോഗ്യപരമായ ഗുണങ്ങൾ നൽകാൻ കഴിവുള്ള തെരഞ്ഞെടുക്കപ്പെട്ട ബാക്ടീരിയൽ സ്ട്രെയിനുകൾ കൂടുതലായി ചേർക്കുന്നുണ്ട്. സാധാരണ തൈരിനേക്കാൾ കൂടുതൽ അളവിൽ പ്രോബയോട്ടിക് ബാക്ടീരിയകൾ ഈ തൈരിലുണ്ട്.
സാധാരണ തൈരിന്റെയും പ്രോബയോട്ടിക് തൈരിന്റെയും യോഗർട്ടിന്റെയും പ്രധാന ഗുണങ്ങൾ
ദഹനം മെച്ചപ്പെടുത്തുന്നു: തൈരിലും കൂടുതലായി അടങ്ങിയിട്ടുള്ളത് പ്രോബയോട്ടിക്സ് ആണ്. ഈ ബാക്ടീരിയകൾ ദഹനനാളത്തിലെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. ഇത് ദഹനപ്രശ്നങ്ങളായ മലബന്ധം, വയറിളക്കം, ഗ്യാസ്, വയറുവീർക്കൽ എന്നിവ കുറയ്ക്കാൻ സഹായിക്കും. ആൻ്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന വയറിളക്കം തടയാനും ഇവ ഉത്തമമാണ്.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: കുടലിലെ നല്ല ബാക്ടീരിയകൾ നമ്മുടെ രോഗപ്രതിരോധ ശേഷിക്ക് വളരെ പ്രധാനമാണ്. തൈരും യോഗർട്ടും ഈ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം: കാൽസ്യത്തിന്റെയും വിറ്റാമിൻ ഡിയുടെയും നല്ലൊരു ഉറവിടമാണ് തൈരും യോഗർട്ടും. ഇത് എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളെ തടയാനും സഹായിക്കുന്നു.
പ്രോട്ടീൻ സമ്പുഷ്ടം: ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ തൈരിലും യോഗർട്ടിലും ധാരാളമായി അടങ്ങിയിട്ടുണ്ട്. പേശികളുടെ വളർച്ചയ്ക്കും കേടുപാടുകൾ തീർക്കാനും ഊർജ്ജം നൽകാനും പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. പ്രഭാതഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കും.
ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു: തൈരിലെയും യോഗർട്ടിലേയും ഉയർന്ന പ്രോട്ടീൻ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. ഇതുവഴി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
ലാക്ടോസ് അലർജിയുള്ളവർക്ക് ആശ്വാസം: ലാക്ടോസ് അലർജിയുള്ളവർക്ക് പാൽ നേരിട്ട് കഴിക്കുമ്പോൾ ഉണ്ടാകുന്ന ദഹന പ്രശ്നങ്ങൾ ഇവ കഴിക്കുമ്പോൾ സാധാരണയായി ഉണ്ടാകാറില്ല. തൈരിലെയും യോഗർട്ടിലെയും ബാക്ടീരിയകൾ പാലിലെ ലാക്ടോസിനെ വിഘടിപ്പിച്ച് ലാക്ടിക് ആസിഡ് ആക്കി മാറ്റുന്നത് മൂലമാണിത്.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു: ഇവയിലെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിച്ചേക്കാം എന്ന് ചില പഠനങ്ങൾ പറയുന്നു.
ചർമാരോഗ്യം: തൈരിലെയും യോഗർട്ടിലേയും പ്രോബിയോട്ടിക്‌സും പോഷകങ്ങളും ശരീരത്തിനകത്ത് നിന്ന് അഴുക്കുകൾ പുറന്തള്ളാൻ സഹായിക്കുന്നു. ഇത് ചർമത്തിന്റെ ആരോഗ്യവും തിളക്കവും വർദ്ധിപ്പിക്കുന്നു.
സാധാരണ തൈരാണോ യോഗർട്ടാണോ പ്രോബയോട്ടിക് തൈരാണോ നല്ലത്?
സാധാരണ തൈര്, യോഗർട്ട്, പ്രോബയോട്ടിക് തൈര് എന്നിവയെല്ലാം ആരോഗ്യകരമായ പാലുൽപ്പന്നങ്ങളാണ്. ഇവ മൂന്നിനും പൊതുവെ ഒരേ ഗുണഗണങ്ങൾ തന്നെയാണുള്ളത്. ദൈനംദിന ഉപയോഗത്തിന് വീട്ടിലുണ്ടാക്കുന്ന നാടൻ തൈരോ പ്ലെയിൻ യോഗർട്ടോ ആണ് നല്ലത്. ദഹന സംബന്ധമായ ഗുരുതരമായ പ്രശ്നങ്ങളുണ്ടെങ്കിൽ പ്രോബയോട്ടിക് തൈരോ യോഗർട്ടോ തെരഞ്ഞെടുക്കാം. തൈരിനെ അപേക്ഷിച്ച് യോഗർട്ടും പ്രോബയോട്ടിക് തൈരും കുറച്ച് എക്സ്പെൻസീവ് ആണ്. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആവശ്യങ്ങളും വ്യത്യസ്തമായതുകൊണ്ടുതന്നെ ഒരു ന്യൂട്രീഷ്യനുമായി സംസാരിച്ച് ഏറ്റവും അനുയോജ്യമായത് ഏതെന്ന് കണ്ടെത്താവുന്നതാണ്.