മലയാളം എവിടെ? ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷനിലെ ഹിന്ദി ബോര്‍ഡിനെതിരെ സോഷ്യല്‍ മീഡിയ
Kerala
മലയാളം എവിടെ? ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷനിലെ ഹിന്ദി ബോര്‍ഡിനെതിരെ സോഷ്യല്‍ മീഡിയ
അനിത സി
Thursday, 12th March 2026, 10:31 am

കോട്ടയം: ചങ്ങനാശ്ശേരി റെയില്‍വേസ്റ്റ്ഷനിലെ പുതുക്കിയ പ്രവേശന കവാടത്തിലും കെട്ടിടത്തിലും ഹിന്ദിയില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ.

കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് മുമ്പത്തെയും ഇപ്പോഴത്തേയും റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചിരുന്നു. പുതുക്കിയ റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിടം വികസന നേട്ടമായി അവതരിപ്പിക്കാനായാണ് റെയില്‍വെ മന്ത്രി ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

‘അമൃത് ഭാരത് സ്‌റ്റേഷന്‍ സ്‌കീമില്‍ കേരളത്തിലെ ചങ്ങനാശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ പുനര്‍നിര്‍മിച്ചു’ എന്ന തലക്കെട്ടിലാണ് ചിത്രം മന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍, ആളുകള്‍ ശ്രദ്ധിച്ചത് പുതിയ കെട്ടിടത്തിലെ ബോര്‍ഡായിരുന്നു. മുമ്പ് ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും ‘ചങ്ങനാശ്ശേരി‘ എന്ന് രേഖപ്പെടുത്തിയ ബോര്‍ഡ് ആയിരുന്നെങ്കില്‍ ഇന്ന് ഹിന്ദിയില്‍ മാത്രമുള്ള ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കലിന്റെ ഭാഗമാണെന്ന് സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു.

‘റെയില്‍വേ നിയമത്തില്‍ പ്രധാന ബോര്‍ഡ് ഹിന്ദിയില്‍ സ്ഥാപിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് എന്തിനാണ്? പ്രധാനബോര്ഡ് പ്രാദേശിക ഭാഷയിലാണ് വേണ്ടത്. മുമ്പ് മൂന്ന് ഭാഷകളിലും ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാലിപ്പോള്‍ മലയാളി ഒരു മൂലയിലേക്ക് ഒതുങ്ങിയിരിക്കുന്നത് കാണുമ്പോള്‍ വിചിത്രമായി തോന്നുന്നു’, റാണി യേശുദാസ് എന്ന അക്കൗണ്ടില്‍ നിന്നുള്ള കമന്റ് വിമര്‍ശിക്കുന്നു.


ഇത് കേരളമാണ്. 100 ശതമാനം ആളുകളും മലയാളത്തിലാണ് സംസാരിക്കുന്നതും. പിന്നെ എന്തിനാണ് സ്ഥലപ്പേര് ഹിന്ദിയില്‍ നല്‍കുന്നതെന്ന് ഡോ. മുഹമ്മദ് ഇര്‍ഷാദ് എന്ന പ്രൊഫൈല്‍ ചോദിച്ചു.

എന്ത് ധൈര്യത്തിലാണ് ഹിന്ദിയില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്? ഇപ്പോള്‍ തന്നെ നീക്കം ചെയ്യണമെന്നായിരുന്നു ബ്രമ്മ പി.എസ് എന്ന അക്കൗണ്ടില്‍ നിന്നുള്ള കമന്റ്.

കേരളത്തില്‍ നിന്നും കാരണങ്ങളൊന്നുമില്ലാതെ മാതൃഭാഷ മായ്ക്കപ്പെട്ടിരിക്കുന്നതിനെ തമിഴിലുള്ള കമന്റുകളും വിമര്‍ശിക്കുന്നുണ്ട്.

കേരളത്തില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് വ്യക്തമാണ്. പൊതു ഇടങ്ങളില്‍ നിന്നും മലയാളം ഇപ്പോള്‍ തന്നെ മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. മലയാളത്തിന് പകരം ഹിന്ദി പ്രധാന ബോര്‍ഡിലിടം പിടിക്കുന്നത് ഗുരുതരമായ പ്രശ്‌നമാണ്. തമിഴ് സഹോദരങ്ങളില്‍ നിന്നും ഭാഷാഭിമാനത്തെ കുറിച്ച് പഠിക്കേണ്ടതുണ്ടെന്നാണ് പബ്ട്വീറ്റ് എന്ന അക്കൗണ്ട് അഭിപ്രായപ്പെട്ടത്.

മുമ്പത്തെ ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റായും പുതിയ കെട്ടിടം കളര്‍ ചിത്രമായും പങ്കുവെച്ചതും സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്. മുമ്പത്തെ ചിത്രം 1947കളില്‍ നിന്നുള്ളതാണോ എന്തിനാണ് പഴയതാണെന്ന് കാണിക്കാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പ്രസിദ്ധീകരിച്ചതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

കഴിഞ്ഞദിവസം, തമ്‌ഴിനാട് മുഖ്യമന്ത്രി സ്റ്റാലിന്‍ തിരുച്ചിറപ്പള്ളി റെയില്‍വേ ഡിവിഷണല്‍ ഓഫീസിന്റെ പ്രവേശന കവാടത്തിലെ കമാനത്തിന്റെ പേര് കര്‍ത്തവ്യ ദ്വാര്‍ (ഡ്യൂട്ടി ഗേറ്റ്) എന്ന് നാമകരണം ചെയ്തതിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

‘ഒരു ഭാഷ, മൂന്ന് ലിപികള്‍’ പ്രോത്സാഹിപ്പിക്കുകയാണെന്നതിന്റെ മറവില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഹിന്ദിയിലുള്ള പേര് തമിഴിലും ഇംഗ്ലീഷിലും എഴുതുന്ന രീതി നീചമാണെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

Content Highlight: Where is Malayalam? Social media against Hindi board at Changanassery railway station

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.