വീട്ടുജോലി ചെയ്തിരുന്ന ആ തൊളിലാളി സ്ത്രീകള്‍ എവിടെപ്പോയി?
Domestic Workers
വീട്ടുജോലി ചെയ്തിരുന്ന ആ തൊളിലാളി സ്ത്രീകള്‍ എവിടെപ്പോയി?
ഷഫീഖ് താമരശ്ശേരി
Monday, 30th August 2021, 8:34 pm
ജീവിതത്തിന്റെ സിംഹഭാഗവും മറ്റുള്ളവരുടെ വീടുകളില്‍ വിയര്‍പ്പൊഴുക്കിയിട്ടും രോഗങ്ങളും കടബാധ്യതകളുമല്ലാതെ മറ്റൊന്നും സമ്പാദിക്കാന്‍ സാധിച്ചിട്ടില്ലാത്ത സാധാരണക്കാരായ പതിനായിരക്കണക്കിന് സ്ത്രീ തൊഴിലാളികളാണ് കേരളത്തിലങ്ങോളമിങ്ങോളം ഇന്ന് ജീവിതം വഴിമുട്ടി നില്‍ക്കുന്നത്.

14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 8 മാസം ഗര്‍ഭിണിയായിരിക്കെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി പ്രഭയെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോകുന്നത്. പ്രായമായ അമ്മയല്ലാതെ മറ്റാരും കൂട്ടിനില്ല. വരുമാന മാര്‍ഗങ്ങളൊന്നുമില്ല. ഇനിയെങ്ങിനെ ജീവിക്കുമെന്നറിയില്ല. എങ്കിലും ജീവിതത്തിന് മുന്നില്‍ പ്രഭ തോറ്റുകൊടുത്തില്ല. മകന് ആറുമാസം പ്രായമായതോടെ അവര്‍ ജോലിയന്വേഷിച്ച് വീടുവിട്ടിറങ്ങി. സമീപ പ്രദേശങ്ങളിലെ വീടുകളിലും കടകളിലുമെല്ലാം ചെന്ന് ജോലി ചോദിച്ചു. സ്ഥിരമായിട്ടല്ലെങ്കിലും പല സ്ഥലങ്ങളിലായി ലഭിച്ചുകൊണ്ടിരുന്ന ശുചീകരണ ജോലികളും വീട്ടുജോലികളുമൊക്കെയായി പ്രഭ വരുമാനം കണ്ടെത്തി. വൃദ്ധയായ അമ്മയെ പരിപാലിച്ചു. കൊച്ചുകുഞ്ഞിനെ വളര്‍ത്തി വലുതാക്കി. ലോണെടുത്ത് വീടുവെച്ചു.

മകന്‍ ഇന്ന് ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ്. ലോണിന്റെ തിരിച്ചടവ്, വീട്ടാവശ്യങ്ങള്‍, മകന്റെ പഠനം, അമ്മയുടെ ചികിത്സ, വൈദ്യുതി, ഗ്യാസ് അങ്ങനെ തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും വേണ്ട പണം തന്റെ തുച്ഛമായ കൂലിയില്‍ നിന്ന് മാറ്റിവെച്ചാണ് പ്രഭ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോയത്. നെടുമങ്ങാടിനടുത്തുള്ള മുണ്ടേലയിലെ ഒരു ഫാമിലായിരുന്നു അവസാന കാലത്ത് പ്രഭ ജോലി ചെയ്തുകൊണ്ടിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യം ലോക്ഡൗണിലാകുന്നത്. അതോടെ ജോലിയില്ലാതായി. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതായി. വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. ലോണുകളുടെ തിരിച്ചടവ് മുടങ്ങിയതോടെ വന്‍ പ്രതിസന്ധികളില്‍ പെട്ടു. റേഷന്‍ വിതരണം വഴി ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കുന്നുണ്ടെങ്കിലും ജീവിതത്തിലെ മറ്റൊരു കാര്യവും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലായി.

കൊവിഡിന്റെ ഒന്നാം തരംഗത്തിന് ശേഷം ലോക്ഡൗണ്‍ അവസാനിച്ചപ്പോള്‍ ജോലികള്‍ക്ക് ശ്രമിച്ചെങ്കിലും പഴയതുപോലെ ജോലികള്‍ ലഭിക്കാതായി. രണ്ടാം തരംഗത്തെത്തുടര്‍ന്ന് വീണ്ടും ലോക്ഡൗണും കടുത്ത നിയന്ത്രണങ്ങളും വന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് പ്രഭയും കടുംബവും. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് മറ്റാരുടെയും സഹായമില്ലാതെ ഒരു വ്യാഴവട്ടക്കാലത്തിലധികം നീണ്ട അധ്വാനത്തിലൂടെ പ്രഭ കെട്ടിപ്പടുത്തതാണ് ഒരിക്കല്‍ തകര്‍ന്നുവെന്ന് കരുതിയ ജീവിതവും കടുംബവുമെല്ലാം. എന്നാല്‍ ഈ മഹമാരി സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ ഇനിയെങ്ങിനെ അതിജീവിക്കുമെന്ന് പ്രഭയ്ക്കറിയില്ല. സമാനമായ രീതിയില്‍ ജോലി നഷ്ടപ്പെട്ട് മുന്നോട്ടുള്ള വഴികളടഞ്ഞ നിലയില്‍ നില്‍ക്കുകയാണ് കേരളത്തിലെ വിവിധ ജില്ലകളിലെ പതിനായിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍.

കൊവിഡ് വ്യാപനവും ഗാര്‍ഹിക തൊഴിലാളികളും

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും രാജ്യം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ ആദ്യമായി ജോലി നഷ്ടപ്പെട്ടവരാണ് ഗാര്‍ഹിക തൊഴിലാളികള്‍. കൊവിഡ് വ്യാപനത്തെ ഭയന്ന് തുടങ്ങിയ ആളുകള്‍ ആദ്യം തന്നെ ചെയ്തത് സ്വന്തം വീടുകളില്‍ പുറത്തുനിന്നെത്തുവരെ നിയന്ത്രിക്കുക എന്നതാണ്. അതോടെ പതിനായിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് ഒരു സുപ്രഭാതത്തില്‍ തൊഴിലില്ലാതായത്.

വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന വീടുകളില്‍ നിന്നും പെട്ടന്നൊരു സുപ്രഭാതത്തില്‍ പുറത്താക്കപ്പെട്ട ഈ തൊഴിലാളികള്‍ പിന്നീടെങ്ങിനെ ജീവിച്ചുവെന്നത് ആരും അന്വേഷിച്ചിട്ടില്ല. അവരുടെ കുടുംബങ്ങളില്‍ അടുപ്പ് പുകയുന്നുണ്ടോ എന്നത് ആരുടെയും പരിഗണനാ വിഷയമായിരുന്നില്ല.

കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നും
നഗരങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും ജോലി തേടി പോകുന്നവരാണ് ഗാര്‍ഹിക തൊഴിലാളികളില്‍ ഭൂരിഭാഗവും. കേരളത്തിന്റെ സാമൂഹിക വ്യവസ്ഥയില്‍ നിര്‍ണായക പങ്കുള്ള ഈ തൊഴില്‍ വിഭാഗത്തെക്കുറിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ എതെങ്കിലും വിധത്തിലുള്ള കണക്കുകളോ രേഖകളോ ഒന്നുമില്ല. പതിനായിരക്കണക്കിന് വരുന്ന ഇത്തരം തൊഴിലാളികള്‍ നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ എത്ര പ്രാധാന്യത്തോടെ ഇടപെടുന്നു എന്നതിനെക്കുറിച്ച് വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ല. ഗാര്‍ഹിക തൊഴിലാളികളെല്ലാം അസംഘടിതരാണ് എന്നത് ഇവരെ തത്വത്തില്‍ വ്യവസ്ഥയ്ക്ക് പുറത്തുള്ളവരാക്കി മാറ്റുകയും ചെയ്യുന്നു.

അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 40 ലക്ഷം തൊഴിലാളികളാണ് ഗാര്‍ഹിക മേഖലയില്‍ പണിയെടുക്കുന്നത്. നിയമപരമായ യാതൊരു പരിരക്ഷകളുമില്ലാതെ, നിയതമായ തൊഴില്‍ സമയമോ നിശ്ചിതമായ വേതനമോ ഇല്ലാതെ അങ്ങേയറ്റം ചൂഷണങ്ങള്‍ സഹിച്ച് ജോലി ചെയ്യുന്ന, ബഹുഭൂരിപക്ഷവും സ്ത്രീകളടങ്ങുന്ന ഈ തൊഴിലാളി വിഭാഗങ്ങളില്‍ ഭൂരിഭാഗവും അസംഘടിതരാണ് എന്നതിനാല്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി എന്തെങ്കിലും ശബ്ദം എവിടെയും കേള്‍ക്കാന്‍ സാധിക്കില്ല.

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലിയും കൂലിയും ഇല്ലാതായി ജീവിതം പെരുവഴിയിലായ ഈ സാധാരണ തൊഴിലാളി സ്ത്രീകള്‍ അവരുടെ കുടുംബത്തെ പിന്നീടെങ്ങിനെ മുന്നോട്ട് കൊണ്ടുപോയി എന്നത് ഭരണാധികാരികളും പൊതു സമൂഹവുമൊന്നും വേണ്ടവിധത്തില്‍ ആലോചിച്ചിട്ടേയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയുള്ള ഭക്ഷ്യ വസ്തുക്കളുടെ വിതരണവും വിവിധ സംഘടനകളുടെയും മറ്റും ഭക്ഷ്യ കിറ്റുകളുടെ വിതരണവും മാത്രമായിരുന്നു ഈ തൊഴിലാളികുടുംബങ്ങള്‍ക്ക് ഇക്കാലയളവില്‍ ആശ്രയം.

കൊവിഡിനെത്തുടര്‍ന്ന് ജീവന സാദ്ധ്യത നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് 7500 രൂപ വേതന നഷ്ട പരിഹാരം രാജ്യത്തെ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടുവെങ്കിലും സര്‍ക്കാറുകള്‍ ഇതുവരെ കേട്ട ഭാവം നടിച്ചിട്ടില്ല.

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ 21ാമത്തെ വയസ്സില്‍ ഗാര്‍ഹിക തൊഴില്‍ ചെയ്ത് തുടങ്ങിയതാണ് എറണാകുളം വൈപ്പിന്‍ സ്വദേശിനിയായ സുലേഖ ഖാദര്‍. ഭര്‍ത്താവ് രോഗബാധിതനായതോടെ കുടുംബത്തിന്റെ മുഴുവന്‍ ഭാരവും സ്വന്തം ചുമലിലായി. ബാങ്കില്‍ നിന്ന് ലോണെടുത്താണ് വീടുവെച്ചത്. മൂന്ന് പതിറ്റാണ്ടുകാലം നഗരത്തിന്റെ വിവിധയിടങ്ങളിലെ അനേകം വീടുകളില്‍ തുടര്‍ച്ചയായി ജോലി ചെയ്തിട്ടും കടങ്ങളും പ്രാരാബ്ധങ്ങളുമല്ലാതെ മറ്റൊന്നും സമ്പാദിക്കാന്‍ സുലേഖക്ക് സാധിച്ചിട്ടില്ല. എറണാകുളത്തെ മഞ്ഞുമ്മലില്‍ ഒരു ഡോക്ടറുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു അവസാന കാലത്ത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജോലിയില്ലാതായി. പിന്നെ വരുമാനമൊന്നുമില്ലാതെ വീട്ടില്‍ തന്നെയായി. ഇതിനിടയില്‍ വീട്ടിലെ മുഴുവനാളുകള്‍ക്കും കൊവിഡ് കൂടി വന്നതോടെ ചിലവുകളെ നേരിടാനാവാതെ അക്ഷരാര്‍ത്ഥത്തില്‍ പ്രയാസത്തിലായി. പട്ടിണി കൂടാതെ ജിവിക്കുന്നതിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് സുലേഖയും കുടുംബവും.

”ആദ്യത്തെ ലോക്ഡൗണ്‍ അവസാനിച്ചപ്പോള്‍ വീണ്ടും ജോലി തേടി ഞാന്‍ മുമ്പ് ജോലി ചെയ്തിരുന്ന വീടുകളില്‍ ചെന്നിരുന്നു. എന്നാല്‍ കൊവിഡിനെ പേടിച്ച് വീട്ടുജോലിക്കാരെ ഒഴിവാക്കിയിരിക്കുകയാണ് പല വീട്ടുകാരും. വലിയ വീടുകളിലൊക്കെ ആ വീട്ടില്‍ മാത്രം താമസിച്ച് മറ്റെവിടെയും പോകാതെ നില്‍ക്കുന്ന ആളുകളെ മാത്രമാണ് ജോലിക്ക് നിര്‍ത്തുന്നത്. ദിവസവും വീട്ടില്‍ പോയി വരുന്ന നമ്മളില്‍ നിന്ന് അസുഖം പകരുമോയെന്ന ഭയമാണ് പല വീട്ടുകാര്‍ക്കും. ഇത് എന്റെ മാത്രം സ്ഥിതിയല്ല. എനിക്കറിയുന്ന, നേരത്തെ വീട്ടുജോലി ചെയ്തിരുന്ന അനേകം പേരുടെ ഇപ്പോഴത്തെ സ്ഥിതി ഇങ്ങനെയാണ്. പലരും ജോലി തേടി അലയുന്ന സ്ഥിതിയിലാണ്. ലോണ്‍ തിരിച്ചടവ് മുടങ്ങി ജപ്തി പേടിച്ച് കഴിയുന്ന അനേകം പേരുണ്ട്. എന്റെയും സ്ഥിതി അങ്ങനെ തന്നെയാണ് ബാങ്കുകാര്‍ വിളിക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയില്ല.” – സുലേഖ പറയുന്നു.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വ്യാപാരരംഗമടക്കമുള്ള സാമ്പത്തിക മേഖലകളെല്ലാം താറുമാറായപ്പോള്‍ ശരാശരി നിലയിലുള്ള കുടുംബങ്ങളെല്ലാം കടുത്ത പ്രതിസന്ധികളിലേക്കെത്തിയിട്ടുണ്ട്. ചിലവുകള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ പല മധ്യവര്‍ഗവീട്ടുകാരും ജോലിക്കാരെ ഒഴിവാക്കിയിരിക്കുകയാണ്. ഈ സാഹചര്യവും ഗാര്‍ഹിക തൊഴിലാളികളുടെ പ്രതിസന്ധികളെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

മോശപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ ഉള്ളവരാണ് ഗാര്‍ഹിക തൊഴിലിന് പോകുന്നത്. വീടുകളുടെ പരിമിതി കാരണം കുടുംബത്തില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ അവര്‍ക്ക് മാറി താമസിക്കാനോ സാമൂഹിക അകലം പാലിക്കാനോ ഉള്ള സാഹചര്യമില്ല. അതുകൊണ്ട് തന്നെ മറ്റുള്ളവരിലേക്കുള്ള രോഗ വ്യാപനം അതിവേഗത്തിലാണ്. ഈ തൊഴില്‍മേഖലയിലുള്ളവരില്‍ കൊവിഡ് കേസുകളും മരണവും കൂടുതലാണ്. അതിനനുസരിച്ചുള്ള പരിഗണനനയോ പരിരക്ഷയോ ലഭിച്ചിട്ടില്ലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

‘നേരത്തെ ഞാന്‍ ജോലി ചെയ്തിരുന്ന വീട്ടുകാരില്‍ പലരും ഇപ്പോള്‍ ജോലിക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ലോക്ഡൗണിനെത്തുടര്‍ന്ന് കടകളും ഷോപ്പിങ് മാളുകളുമൊക്കെ കാലങ്ങളോളം അടഞ്ഞുകിടന്നതോടെ വ്യാപാരികളുടെയും ചെറുകിട ബിസിനസ്സുകാരുടെയുമൊക്കെ വീടുകളില്‍ നിന്ന് ചെലവ് ചുരുക്കലിന്റെ ഭാഗമായി വീട്ടുജോലിക്കാരെ ഒഴിവാക്കിയിരിക്കുകയാണ്. വര്‍ഷങ്ങളോളം ഒരേ വീട്ടില്‍ ജോലി ചെയ്തിരുന്നവരാണ് ഒരൊറ്റ ദിവസം കൊണ്ട് ജോലി ഇല്ലാത്തവരായി മാറുന്നത്. മറ്റേതെങ്കിലും തൊഴില്‍മേഖലകളിലാണെങ്കില്‍ ഇങ്ങനെ ജോലിക്കാരെ പിരിച്ചുവിടുമ്പോള്‍ അവര്‍ക്ക് നഷ്ടപരിഹാരവും സാമ്പത്തിക സഹായങ്ങളുമൊക്കെ കൊടുക്കണമല്ലോ. ഞങ്ങളുടെ കാര്യത്തില്‍ അങ്ങനെയൊന്നുമില്ല. ജോലിക്കോ കൂലിക്കോ ഒന്നും യാതൊരു സുരക്ഷയുമില്ലാത്തതിനാല്‍ ആരെയും എപ്പോള്‍ വേണമെങ്കിലും പറഞ്ഞുവിടാം എന്ന സ്ഥിതിയാണ്.” സുലേഖ കൂട്ടിച്ചേര്‍ത്തു.

11 വര്‍ഷമായി ജോലി ചെയ്തുകൊണ്ടിരുന്ന വീട്ടില്‍ നിന്ന് ലോക്ക്ഡൗണിനു മുമ്പ് ഇറങ്ങേണ്ടി വന്ന എറണാകുളം സ്വദേശിനി സുഹറയുടെ അനുഭവവും സമാനതകള്‍ നിറഞ്ഞതാണ്. ആഴ്ചകളോളം ജോലിയെടുക്കാനാവാതെ മാറി നിന്നപ്പോള്‍ കൈയ്യില്‍ പണം ഉണ്ടോ എന്നോ എങ്ങനെ ജീവിക്കുന്നുവെന്നോ തൊഴില്‍ ചെയ്തിരുന്ന വീട്ടുകാര്‍ അന്വേഷിച്ചില്ല.

വീണ്ടും ആ വീട്ടില്‍ തന്നെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം പോകേണ്ട ഗതികേടായിരുന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടാം തരംഗത്തിന്റെ വരവ്. വീട്ടില്‍ സുഹറ ഉള്‍പ്പെടെ എല്ലാവരും കോവിഡ് ബാധിതരായി. സര്‍ക്കാരും മറ്റ് വ്യക്തികളും നല്കുന്ന ഭക്ഷ്യ കിറ്റുകള്‍ മാത്രമായി ആശ്രയം. ദാരിദ്യം എന്താണ് എന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത് എന്നാണ് സുഹറ പറയുന്നത്. തൊഴിലുടമ ഇത്തവണയും ഒരു തരത്തിലുള്ള വേതന പിന്തുണയും നല്കിയില്ല.

മറ്റുള്ളവരുടെ വീട് തൊഴിലിടമാകുമ്പോള്‍

‘മറ്റുള്ളവരുടെ വീട്’ എന്ന സ്വകാര്യയിടം തൊഴിലിടമായി മാറുന്നതാണ് ഇന്ത്യയിലെ ഗാര്‍ഹിക തൊഴിലാളികള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണങ്ങളിലൊന്ന്. ഇന്ത്യന്‍ തൊഴില്‍ നിയമങ്ങളില്‍ ‘വീട്’ ഇന്നും തൊഴിലിടത്തിന്റെ ഭാഗമായിട്ടില്ല. അങ്ങനെ ഗാര്‍ഹിക തൊഴിലാളികളെ ആദ്യമായി ഉള്‍പ്പെടുത്തിയ അസംഘടിത മേഖല സാമൂഹ്യ സുരക്ഷിതത്വ നിയമം, 2008 പുതിയ തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ഇപ്പോള്‍ റദ്ദുചെയ്യപ്പെട്ടിരിക്കുകയുമാണ്. പകരം വന്ന സാമൂഹ്യ സുരക്ഷാ കോഡില്‍ നിന്നും ഗാര്‍ഹിക തൊഴിലിനെ പുറത്താക്കിയിട്ടുമുണ്ട്.

2011 ജൂണ്‍ 16നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന ‘ഗാര്‍ഹിക തൊഴില്‍ അന്തസ്സുള്ള തൊഴില്‍’ എന്ന കണ്‍വന്‍ഷന്‍ 189 പാസ്സാക്കിയത്. പത്ത് വര്‍ഷത്തിലേറെ ലോകമാകമാനമുളള ഗാര്‍ഹിക തൊഴിലാളികള്‍ തങ്ങളുടെ സംഘടനകളില്‍ കൂടി നടത്തിയ ശക്തമായ പോരാട്ടത്തിന്റെയും പ്രചരണങ്ങളുടെയും സമ്മര്‍ദങ്ങളുടേയും ഫലമായാണ് അന്തരാഷ്ട്ര തൊഴില്‍ ചരിത്രത്തില്‍ ഗാര്‍ഹിക തൊഴില്‍ അംഗീകരിക്കപ്പെടുന്നത്. അന്താരാഷ്ട്ര തൊഴില്‍ കോണ്‍ഫറന്‍സില്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി നടന്ന ചര്‍ച്ചകളുടെ ഫലമായാണ് ഇ189 എന്ന കണ്‍വന്‍ഷന്‍ യാഥാര്‍ത്ഥ്യമാവുന്നത്.

ആദ്യ വര്‍ഷം ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും ഈ കണ്‍വന്‍ഷനോട് യോജിച്ചിരുന്നില്ല. എന്നാല്‍ ഗാര്‍ഹിക തൊഴിലാളി സംഘടനകള്‍ നടത്തിയ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് രണ്ടാം വര്‍ഷത്തില്‍ ഈ കണ്‍വന്‍ഷനെ അനുകൂലിച്ചു കൊണ്ട് വോട്ട് ചെയ്യുന്നതിന് ഭൂരിപക്ഷം രാജ്യങ്ങളും തയ്യാറായത്.

ഇപ്പോള്‍ ഈ കണ്‍വന്‍ഷന്‍ പാസ്സാക്കപ്പെട്ടിട്ട് 10 വര്‍ഷം തികഞ്ഞിരിക്കുകയാണ്. 2012 – 2021 കാലഘട്ടത്തില്‍ 31 രാജ്യങ്ങള്‍ ഈ കണ്‍വന്‍ഷന്‍ സാധൂകരിച്ചു. 2009 മുതല്‍ ഗാര്‍ഹിക തൊഴിലാളി നയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദേശീയ ടാസ്‌ക്ക് ഫോഴ്സ് രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യയില്‍ നയത്തിന്റെ പല കരടു പതിപ്പുകളും പുറത്ത് വന്നുവെങ്കിലും കാബിനറ്റില്‍ അന്തിമ തീരുമാനമെടുക്കാതെ മാറ്റി വയ്ക്കപ്പെട്ടിരിക്കുകയാണ്.

ഗാര്‍ഹിക തൊഴിലാളികളെ പരിഗണിക്കാത്ത രാഷ്ട്രീയക്കാര്‍

ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ശക്തികളിലൊന്നാണ് ഗാര്‍ഹിക തൊഴിലാളികളെങ്കിലും നിയമപരമായ പരിരക്ഷയോ സാമൂഹിക സുരക്ഷയോ ഇല്ലാത്ത ഒരു തൊഴില്‍ മേഖലയാണത്. തൊഴിലിടങ്ങള്‍ എന്നത് ഓരോരുത്തരുടെയും വീടുകളായതിനാലും തൊഴിലാളികള്‍ സംയുക്തമായി ഒത്തുചേരുന്ന സാഹചര്യങ്ങളില്ലാത്തതിനാലും ഗാര്‍ഹിക തൊഴിലാളികളെ സംഘടിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒന്നാണ്.

ഗാര്‍ഹിക തൊഴിലാളികളെ ഒരു വോട്ട്ബാങ്കായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കണക്കാക്കാത്തതുകൊണ്ട് കൂടിയാകാം ഗാര്‍ഹിക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും തന്നെ ഇതുവരെ കാര്യമായ ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സേവ(സെല്‍ഫ് എംപ്ലോയിഡ് വിമന്‍സ് അസോസിയേഷന്‍) പോലുള്ള ചുരുക്കം സംഘടനകള്‍ മാത്രമാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേണ്ടി എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയിട്ടുള്ളത്.

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളോട് നമ്മുടെ ഭരണകൂടങ്ങള്‍ കാണിക്കുന്ന വിവേചനമാണ് ഗാര്‍ഹിക തൊഴിലാളികളുടെ മോശം സാഹചര്യങ്ങള്‍ക്ക് കാരണമെന്നാണ് സേവ കേരളയുടെ സെക്രട്ടറിയായ സോണിയ ജോര്‍ജ് പറയുന്നത്.

സോണിയ ജോര്‍ജ്

‘ഇന്ത്യയുടെ തൊഴില്‍ സേനയിലെ നിര്‍ണ്ണായക വിഭാഗമായ ഗാര്‍ഹിക തൊഴിലാളികള്‍ എല്ലാത്തരത്തിലും അവഗണിക്കപ്പടുന്ന സ്ഥിതി വിശേഷമാണ് നാം കാണുന്നത്. തൊഴില്‍ നിയമത്തില്‍ നിന്ന് പിന്തള്ളപ്പെടുന്നതോടൊപ്പം സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളില്‍ ഇവരെ ഉള്‍പ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ല. സംഘടിത മേഖലയുടെ സംരക്ഷണം കടം വാങ്ങിയും മറ്റു മാര്‍ഗ്ഗങ്ങളില്‍ കൂടിയും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. എന്നാല്‍ എല്ലാ തരത്തിലും അതിജീവന സാദ്ധ്യതകള്‍ നഷ്ടപ്പെട്ട അസംഘടിത മേഖലയ്ക്ക് നിലനില്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളൊന്നും സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്നില്ല. തൊഴില്‍ ദാതാക്കളുടെ ഉത്തരവാദിത്വങ്ങള്‍ എങ്ങും പ്രതിപാദിക്കപ്പെടുന്നില്ല.

ഒന്നാം തരംഗ കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി തൊഴില്‍ നഷ്ടപരിഹാരമായി ദേശീയ ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമമനുസരിച്ച് 7500 രൂപ വീതം നല്കണമെന്ന് ദേശീയ തൊഴിലാളി യൂണിയനുകള്‍ എല്ലാം പ്രധാനമന്ത്രിക്ക് നിവേദനം അയച്ചിട്ടും യാതൊരു പ്രതികരണവും ഇല്ല. രണ്ടാം തരംഗ പ്രതിസന്ധി ഗാര്‍ഹിക തൊഴിലാളി മേഖലയില്‍ അതിരൂക്ഷമാണ്. തൊഴില്‍ പൂര്‍ണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പാസ്സെടുത്ത് പോകാന്‍ അനുവാദം ഉണ്ട് എന്ന് പറഞ്ഞിരുന്നു എങ്കിലും പൊതുഗതാഗത ലഭ്യതയില്ലാതിരുന്നതിനാലും രോഗവ്യാപനത്തിന്റെ വര്‍ദ്ധനവും കാരണം ഭൂരിഭാഗം തൊഴിലാളികള്‍ക്കും തൊഴില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല’. സോണിയ ജോര്‍ജ് വിശദീകരിച്ചു.

ജീവിതത്തിന്റെ സിംഹഭാഗവും മറ്റുള്ളവരുടെ വീടുകളില്‍ വിയര്‍പ്പൊഴുക്കിയിട്ടും രോഗങ്ങളും കടബാധ്യതകളുമല്ലാതെ മറ്റൊന്നും സമ്പാദിക്കാന്‍ സാധിച്ചിട്ടില്ലാത്ത സാധാരണക്കാരായ പതിനായിരക്കണക്കിന് സ്ത്രീ തൊഴിലാളികളാണ് കേരളത്തിലങ്ങോളമിങ്ങോളം ഇന്ന് ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. കൊവിഡ് മൂലം വഴിമുട്ടിയ അസംഘടിത തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ഏതെങ്കിലും വിധത്തിലുള്ള പാക്കേജുകള്‍ നടപ്പാക്കണമെന്നാണ് സ്ത്രീ തൊഴിലാളികള്‍ക്ക് ഒന്നടങ്കം പറയാനുള്ളത്.

ലാഡ്‌ലി മീഡിയ ഫെലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Where did those domestic workers go

ഷഫീഖ് താമരശ്ശേരി
ഡൂള്‍ന്യൂസ് ചീഫ് കറസ്‌പോണ്ടന്റ്