ധര്‍മേന്ദ്ര പ്രധാനെ പുകഴ്ത്തുമ്പോള്‍ പ്രധാനമന്ത്രി ഈ കുട്ടികളെക്കുറിച്ച് ഓര്‍ക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ: രാഹുല്‍ ഗാന്ധി
India
ധര്‍മേന്ദ്ര പ്രധാനെ പുകഴ്ത്തുമ്പോള്‍ പ്രധാനമന്ത്രി ഈ കുട്ടികളെക്കുറിച്ച് ഓര്‍ക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th June 2026, 10:43 pm

ന്യൂദല്‍ഹി: നീറ്റ് ചോദ്യച്ചോര്‍ച്ചയടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ജന്മദിനാശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നീറ്റ് ചോദ്യച്ചോര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍ക്കുകയെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ രാഹുല്‍ ചോദിച്ചു.

‘ഈ പട്ടികയിലുള്ള എല്ലാ പേരുകളും സ്വപ്‌നങ്ങളും ഒരു കുടുംബവും ഒരു ഭാവിയുമുണ്ടായിരുന്ന ഓരോ കുട്ടികളുടേതാണ്. എല്ലാം തകര്‍ത്തത് ഇവിടത്തെ നശിപ്പിക്കപ്പെട്ട വ്യവസ്ഥിതിയും ഉത്തരവാദിത്തമേറ്റെടുക്കാനോ പഠിക്കാനോ തയ്യാറാവാത്ത വ്യവസ്ഥിതിയുമാണ്. ഈ വിദ്യാര്‍ത്ഥികളെ ഓര്‍ക്കൂ. അവര്‍ ഓരോരുത്തരെയും. മോദി ധര്‍മേന്ദ്ര ധര്‍മേന്ദ്ര പ്രധാനെ അയാളുടെ ജന്മദിനത്തില്‍ പുകഴ്ത്തിയ പ്രധാനമന്ത്രി ഈ കുട്ടികളെക്കുറിച്ച് ചിന്തിക്കുകയെങ്കിലും ചെയ്‌തോ,’ രാഹുല്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

നീറ്റ് ചോദ്യച്ചോര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ പേര് രേഖപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പവന്‍ ഖേരയുടെ കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ധര്‍മേന്ദ്ര പ്രധാന്റെ ജന്മദിനമായ ഇന്ന് രാവിലെ പവന്‍ ഖേര എക്‌സില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ പേര് രേഖപ്പെടുത്തിയിരുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് താങ്കളുടെ പകുതി പ്രായം പോലുമുണ്ടായിരുന്നില്ലെന്ന് 57 വയസുള്ള ധര്‍മേന്ദ്ര പ്രധാനെ ടാഗ് ചെയ്ത് ആ പോസ്റ്റില്‍ പവന്‍ ഖേര പറഞ്ഞിരുന്നു.

ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ കത്തെഴുതുന്ന പോലെയായിരുന്നു പവന്‍ ഖേരയുടെ കുറിപ്പ്. ‘പ്രിയപ്പെട്ട ധര്‍മേന്ദ്ര അങ്കിള്‍. ജന്മദിനാശംകള്‍. നിങ്ങള്‍ക്ക് ഇന്ന് 57 വയസ്സായി. ഞങ്ങള്‍ക്ക് നിങ്ങളുടെ പകുതി വയസ്സ് പോലും എത്താനായില്ല,’ എന്ന കുറിപ്പിന് ശേഷം മരിച്ച വിദ്യാര്‍ത്ഥികളുടെ പേരുകള്‍ കൂടി പവന്‍ ഖേര തന്റെ പോസ്റ്റില്‍ കുറിക്കുകയായിരുന്നു.

എക്‌സിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ധര്‍മേന്ദ്ര പ്രധാന് ജന്മദിനാശംസകള്‍ നേര്‍ന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ ശ്രദ്ധേയമായ പരിശ്രമങ്ങള്‍ ധര്‍മേന്ദ്ര പ്രധാന്‍ നടത്തുകയാണെന്ന് ജന്മദിനാശംസാ പോസ്റ്റില്‍ മോദി പറഞ്ഞു. അദ്ദേഹത്തിന് ദീര്‍ഘവും ആരോഗ്യത്തോടെയുള്ളതുമായ ജീവിതം ആശംസിക്കുന്നുവെന്നും മോദി കുറിച്ചിരുന്നു.

നീറ്റ് ചോദ്യച്ചോര്‍ച്ചയടക്കമുള്ള വിഷയങ്ങളില്‍ രാഹുല്‍ ഗാാന്ധി നിരവധി തവണ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചിരുന്നു. ചോദ്യച്ചോര്‍ച്ചയടക്കമുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം ‘ ഭീകരവാദികള്‍’ എന്ന് വിളിച്ചതില്‍ രാഹുല്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

ഈ പ്രസ്താവന നടത്തിയ ധര്‍മേന്ദ്ര പ്രധാന്‍ രാജ്യത്തെ കോടിക്കണക്കിന് യുവാക്കളോട് മാപ്പു പറയണമെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
പ്രതിഷേധിക്കുന്ന ആരെ വേണമെങ്കിലും ‘രാജ്യദ്രോഹി’ എന്ന് മുദ്ര കുത്തുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. അധികാരത്തിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ മോദി സര്‍ക്കാര്‍ സുരക്ഷിത ഭാവിക്കായും അവകാശങ്ങള്‍ക്കായും പോരാടുന്ന വിദ്യാര്‍ത്ഥികളെ ഭീകരവാദികളെന്ന് വിളിക്കുകയാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു.

‘അധികാരത്തിന്റെ ധാര്‍ഷ്ട്യം ബാധിച്ച മോദി സര്‍ക്കാര്‍ ഇപ്പോള്‍ അവകാശങ്ങള്‍ക്കും നീതിയുക്തമായ പരീക്ഷയ്ക്കും സുരക്ഷിതമായ ഭാവിക്കുമായി പോരാടുന്ന വിദ്യാര്‍ത്ഥികളെ ഭീകരവാദികളെന്ന് മുദ്രകുത്തുന്ന അവസ്ഥയിലാണ് എത്തിച്ചേര്‍ന്നത്,’ രാഹുല്‍ പറഞ്ഞു. തന്റ പരാജയങ്ങള്‍ ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: ‘When PM praised Pradhan on his birthday, did he even spare thought for kids who died?’: Rahul Gandhi