മോസ്‌കോവില്‍ പെയ്ത മഴയും പിന്നെ സ്റ്റാലിനും നെഹ്റുവിന്റെ വിശ്വചരിത്രാവലോകനവും
Opinion
മോസ്‌കോവില്‍ പെയ്ത മഴയും പിന്നെ സ്റ്റാലിനും നെഹ്റുവിന്റെ വിശ്വചരിത്രാവലോകനവും
കെ.ടി. കുഞ്ഞിക്കണ്ണന്‍
Saturday, 6th June 2026, 5:19 pm
നെഹ്റുവിന് പകരം നിര്‍ഭാഗ്യവശാല്‍ റായ്ബഹദൂര്‍ ലാലാലാല്‍ചന്ദില്‍ നിന്നും സവര്‍ക്കറില്‍ നിന്നും ഗോള്‍വാള്‍ക്കറില്‍ നിന്നും ചരിത്രവും വിദ്വേഷത്തിന്റെ തത്വചിന്തയും പഠിച്ച അരുണ്‍ഷൂരിയില്‍ നിന്നാണ് സതീശന്‍ ചരിത്രം പഠിച്ചതെന്ന് തോന്നുന്നു.

 

സോവിയറ്റ് യൂണിയനെയും സ്റ്റാലിനെയും നിയമസഭയില്‍ ആക്ഷേപിക്കുകയും കമ്യൂണിസ്റ്റ് വിരോധംകൊണ്ട് ഉറഞ്ഞുതുള്ളുകയും ചെയ്ത വി.ഡി.സതീശന്‍ ഫാസിസത്തെ പ്രതിരോധിക്കുകയും തോല്‍പിക്കുകയും ചെയ്ത മനുഷ്യരാശിയുടെ ചരിത്രത്തെയും രക്തസാക്ഷികളെയും തന്നെയാണ് അപമാനിച്ചിരിക്കുന്നത്.

സോവിയറ്റ് യൂണിയനും സ്റ്റാലിനും ഹിറ്റ്ലറുമായി ചേര്‍ന്ന് ജൂതവേട്ടയ്ക്ക് നേതൃത്വം കൊടുത്തുവെന്നും ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തില്‍ ഒരുപങ്കുമില്ലെന്നുമുള്ള ആക്ഷേപം സതീശന്റെ ചരിത്രത്തെ സംബന്ധിച്ച അത്യന്തം ദയനീയമായ അജ്ഞതയെതന്നെയാണ് കാണിക്കുന്നത്. രണ്ട് കോടി എഴുപത് ലക്ഷം സോവിയറ്റ് മനുഷ്യര്‍ക്കാണ് രണ്ടാംലോക മഹായുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ചെമ്പടയുടെ അപ്രതിരോധ്യമായ പോരാട്ടവീര്യത്തിനുമുമ്പിലാണ് ഹിറ്റ്ലര്‍ക്കും മുസോളിനിക്കും സ്വയം പരാജയം സമ്മതിച്ച് കീഴടങ്ങേണ്ടിവന്നതെന്നകാര്യം അരുണ്‍ഷൂരിയില്‍ നിന്ന് ചരിത്രം പഠിച്ച സതീശന് അറിയില്ലായിരിക്കും.

1941 ല്‍ ജൂണ്‍ 22-ന് സോവിയറ്റ് യൂണിയനെ ലക്ഷ്യംവെച്ചുകൊണ്ട് ആരംഭിച്ച നാസികളുടെ ഓപ്പറേഷന്‍ ബാര്‍ബറോസയെ, മരണത്തെ കീഴ്പ്പെടുത്തിയ ആത്മബോധത്തോടെ പ്രതിരോധിക്കുകയാണ് സോവിയറ്റ് യൂണിയനും ചെമ്പടയും ചെയ്തത്. ആ യുദ്ധമുഖത്ത് സ്റ്റാലിന്റെ മൂത്തപുത്രനായ യാക്കോബിനെ നാസി പട്ടാളം തടവിലാക്കുകയും ഒരു മിലിട്ടറി ഓഫീസറെ പകരം തന്നാല്‍ വിട്ടയക്കാമെന്ന് സ്റ്റാലിനെ അറിയിക്കുകയും ചെയ്തു. ധീരനായ സ്റ്റാലിന്‍ തന്റെ പുത്രനുവേണ്ടി സോവിയറ്റ് ചെമ്പടയിലെ ഒരു ഓഫീസറെ പകരം കൊടുക്കാന്‍ തയ്യാറായില്ലെന്നതും ചരിത്രമാണെന്ന് വി.ഡി.സതീശനെപോലുള്ള ആളുകള്‍ക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണം.

നാസി തടവിലായ സ്റ്റാലിന്റെ മൂത്ത മകൻ യാക്കോബ് ജുഗാഷ്വിലി Photo: Rare Historical Photos

ലോകചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ത്യാഗവും മനുഷ്യനഷ്ടവും സമ്പത്തിന്റെ നഷ്ടവുമുണ്ടായ യുദ്ധമാണ് രണ്ടാംലോക മഹായുദ്ധം. സോവിയറ്റ് യൂണിയന്റെ പില്‍ക്കാല പതനത്തിന് കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത് രണ്ടാംലോകമഹായുദ്ധത്തില്‍ തകര്‍ന്ന തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും നാഷണല്‍ഹൈവേകളും വ്യവസായകേന്ദ്രങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ സോവിയറ്റ് ബജറ്റിന്റെ സിംഹഭാഗവും ദീര്‍ഘകാലം ചെലവഴിക്കേണ്ടിവന്നുവെന്നാണ്. അതൊക്കെ മറ്റൊരുതലത്തില്‍കൂടി വിശകലനം ചെയ്യപ്പെടേണ്ടതാണ്. ഫാസിസ്റ്റ് വിരുദ്ധ യുദ്ധവിജയത്തിന്റെ ചരിത്രത്തെയും രക്തസാക്ഷികളെയും അപഹസിക്കുകയാണ്‌ വി.ഡി.സതീശന്‍ സോവിയറ്റ് യൂണിയനെയും സ്റ്റാലിനെയും ആക്ഷേപിക്കുകവഴി. നെഹ്റുവിനെ വായിച്ചിരുന്നുവെങ്കില്‍ സ്റ്റാലിന്റെ മാഹാത്മ്യവും ചരിത്രത്തിലെ സോവിയറ്റ് യൂണിയന്റെ പങ്കും സതീശന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു.

മോസ്‌കോവില്‍ മഴപെയ്യുമ്പോള്‍ കുടപിടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ ആരോപണം പുതിയതൊന്നുമല്ല. എത്രയോ കാലങ്ങളായി കമ്യൂണിസ്റ്റ് വിരുദ്ധര്‍ ഉറക്കത്തില്‍ പഴന്തുണി ചവയ്ക്കുന്നതുപോലെ അന്തസ്സാരശൂന്യമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണിത്. അരുണ്‍ഷൂരിയെ പോലുള്ള ഹിന്ദുത്വവാദികള്‍ ഇതിനായി ഒരു പുസ്തകം തന്നെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ദി ഓണ്‍ലി ഫാദര്‍ലാന്റ്’ എന്ന അരുണ്‍ഷൂരിയുടെ കുപ്രസിദ്ധമായ പുസ്തകം സംഘപരിവാറുകാര്‍ തങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയ്ക്കുള്ള വേദപുസ്തകമായിട്ടാണ് കൊണ്ടുനടക്കുന്നത്. വസ്തുതകളെയും സംഭവങ്ങളെയും സംബന്ധിച്ച സത്യസന്ധമായ വിശദീകരണങ്ങള്‍ക്ക് പകരം ചരിത്രത്തെ അപവാദപ്രചരണമായി മനസ്സിലാക്കിയ അരുണ്‍ഷൂരി ആര്‍.എസ്.എസുകാര്‍ക്ക് മാത്രമല്ല കോണ്‍ഗ്രസ്സിലെയും കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് പ്രിയപ്പെട്ട ‘ചരിത്രകാര’നാണ്.

ഇല്ലസ്ട്രേറ്റ് വീക്കിലിയില്‍ ക്വിറ്റ് ഇന്ത്യാസമരത്തെയും അതില്‍ കമ്യൂണിസ്റ്റുകാര്‍ എടുത്ത നിലപാടുകളെയും തെറ്റായി അവതരിപ്പിച്ചുകൊണ്ട് ‘ദി ഗ്രേറ്റ് ബിട്രയല്‍’ എന്ന പേരില്‍ അദ്ദേഹമെഴുതിയ നിറംപിടിപ്പിച്ച നുണകളെ സംബന്ധിച്ച് അക്കാലത്തുതന്നെ ബസവപുന്നയ്യ മറുപടി നല്‍കിയിട്ടുള്ളതാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് പിറകെവരാം. മോസ്‌കോവില്‍ പെയ്ത മഴയിലാണ് ലോകമെമ്പാടും 20-ാം നൂറ്റാണ്ടിനെ ഉത്സാഹഭരിതവും പ്രക്ഷോഭഭരിതവുമാക്കിയ കൊളോണിയലിസത്തിനെതിരായ ദേശീയവിമോചനസമരങ്ങളുടെയും സോഷ്യലിസ്റ്റ് ആശയങ്ങളുടെയും വിത്തുകള്‍ വിതയ്ക്കപ്പെട്ടതും മുളച്ച്പൊങ്ങിയതുമെന്ന കാര്യം നെഹ്റുവിനെ വായിച്ചിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി വി.ഡി.സതീശന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു.

എന്തുചെയ്യാം നെഹ്റുവിനെ വായിക്കാത്ത നെഹ്റുവിയന്‍ ലെഫ്റ്റാണല്ലോ അദ്ദേഹം! നെഹ്റുവിനെയും ഗാന്ധിയെയും അവരുടെ കാലത്തെ കോണ്‍ഗ്രസ് ചരിത്രത്തെയും പഠിക്കാതെ അരുണ്‍ഷൂരിയില്‍ നിന്ന് ചരിത്രവും രാഷ്ട്രീയവും പഠിച്ച ഒരാളായിട്ടേ വി.ഡി.സതീശനെ കാണാന്‍ കഴിയൂ.

അരുണ്‍ഷൂരിക്ക് ആരാധ്യനായ ഗോള്‍വാള്‍ക്കര്‍ സതീശനും ആരാധ്യനാണല്ലോ. അതുകൊണ്ടാണല്ലോ ഇന്ത്യന്‍ഫാസിസത്തിന്റെ പ്രത്യയശാസ്ത്രകാരനായ ഗോള്‍വാള്‍ ക്കറുടെ ജന്മവാര്‍ഷികദിനത്തില്‍ അയാളുടെ ഛായാചിത്രത്തിനുമുമ്പില്‍ നിലവിളക്കുകൊളുത്തി നെഹ്റുവിയന്‍ ലെഫ്റ്റ് മേനിനടിക്കുന്ന സതീശന്‍ കൈകൂപ്പി നിന്നത്

സ്വന്തം മേല്‍ജാതിസ്വത്വത്തില്‍ അഭിമാനംകൊള്ളുന്ന വടശ്ശേരി ദാമോദരമേനോന്‍ സതീശന് 20-ാം നൂറ്റാണ്ടിന്റെ ചരിത്രഗതിയെ സ്വാധീനിച്ച സോവിയറ്റ്യൂണിയന്റെ സംഭാവനകളെ എത്ര ശ്രമിച്ചാലും മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഒക്ടോബര്‍വിപ്ലവത്തിന്റെ ഉഷ്ണജ്വാലകളില്‍ കരിഞ്ഞുവീണത് സാറിസ്റ്റ് ഭരണകൂടവ്യവസ്ഥയും അതിനെ താങ്ങിനിര്‍ത്തിയിരുന്ന സ്ലാവ്പുണ്യപുരാണമഹിമയിലധിഷ്ഠിതമായ വരേണ്യവംശീയബോധവുമായിരുന്നു. സാമ്രാജ്യത്വവും സ്ലാവ്വംശീയതയും പൗരോഹിത്യശക്തികളും ചേര്‍ന്നാണ് ഒക്ടോബര്‍വിപ്ലവത്തെയും അതുയര്‍ത്തിക്കൊണ്ടുവന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയെയും എതിര്‍ത്തതെന്ന കാര്യം നെഹ്റുവിനെയെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ സതീശന്‍മാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു.

മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാമ്പത്തികവും സാമൂഹികവും ലിംഗപരവുമായ എല്ലാ അന്തരങ്ങളെയും വിവേചനങ്ങളെയും ഇല്ലാതാക്കാനാണ് സോവിയറ്റ് യൂണിയന്‍ അതിന്റെ ജന്മകാലംതൊട്ട് ശ്രമിച്ചത്. ലോകമെമ്പാടും സ്വയംനിര്‍ണയനത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി പോരാടുന്ന ജനതകള്‍ക്കും രാഷ്ട്രങ്ങള്‍ക്കും അത് നല്‍കിയ പിന്തുണയാണ് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിനമേരിക്കന്‍ നാടുകളിലെയും കൊളോണിയലിസത്തിന് അന്ത്യംകുറിച്ചത്. ലോകനാഗരികതയുടെ അന്ത്യം ലക്ഷ്യംവെച്ച് 1930-കളില്‍ യൂറോപ്പില്‍ അഴിഞ്ഞാടിയ ഫാസിസത്തെയും നാസിസത്തെയും ഈ ഭൂമുഖത്ത് അവസാനിപ്പിച്ചത് സോവിയറ്റ് യൂണിയന്റെ ധീരോദാത്തമായ പോരാട്ടങ്ങളായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്ലറുടെ പതനം കുറിച്ച്, ബെര്‍ലിനിലെ റീഷ്സ്റ്റാഗ് കെട്ടിടത്തിന് മുകളില്‍ സോവിയറ്റ് ചെമ്പട തങ്ങളുടെ പതാക ഉയര്‍ത്തുന്ന വിഖ്യാത ചിത്രം. Photo: Kosmo Photo

ഇതൊക്കെ മനസ്സിലാക്കണമെങ്കില്‍ നെഹ്റൂവിയന്‍ ലെഫ്റ്റ് എന്നൊക്കെ മേനിനടിക്കുന്ന വി.ഡി.സതീശന്‍ നെഹ്റുവിനെയെങ്കിലും വായിച്ചിരിക്കണമായിരുന്നു. ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററിയും, ഇന്ത്യയെ കണ്ടെത്തലും നെഹ്റുവിന്റെ ഏറെ വിഖ്യാതമായ ഓണ്‍ സോഷ്യലിസവും വായിച്ചിരുന്നുവെങ്കില്‍ സോവിയറ്റ്യൂണിയനും സ്റ്റാലിനുമൊന്നുമെതിരായിട്ടുള്ള ആക്ഷേപകരമായ പ്രസ്താവന നിയമസഭയില്‍ അദ്ദേഹം നടത്തില്ലായിരുന്നു. രണ്ടാംലോക മഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയനും സ്റ്റാലിനും വഹിച്ച മഹത്തായ പങ്കിനെ താറടിച്ചുകാണിക്കുന്ന സതീശന്‍ നെഹ്റുവിന്റെ വീക്ഷണങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുംനേരെയാണ് കാര്‍ക്കിച്ചുതുപ്പിയിരിക്കുന്നത്.

സ്റ്റാലിന്റെ മരണാനന്തരം അദ്ദേഹത്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നെഹ്റു നടത്തിയ പ്രസംഗം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഫാസിസത്തിന്റെ പരാജയവും രണ്ടാംലോക മഹായുദ്ധാനന്തരം ലോകരാജ്യങ്ങള്‍ക്കിടയില്‍ സോവിയറ്റ് യൂണിയനും സ്റ്റാലിനുമുണ്ടായ അംഗീകാരവുമാണ് കോളനി രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിന് സാമ്രാജ്യത്വശക്തികള്‍ നിര്‍ബന്ധിതമായത്.

രണ്ടാം ലോകമഹായുദ്ധത്തില്‍ അഞ്ച് കോടി മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അതില്‍ 2.7 കോടി മനുഷ്യര്‍ സോവിയറ്റ് യൂണിയന്റേതായിരുന്നു. സോവിയറ്റ് ചെമ്പടയുടെ ധീരോദാത്തമായ പ്രതിരോധവും കടന്നാക്രമണശേഷിയുമാണ് ഹിറ്റ്ലറെ മുസോളിനിയെയും ചരിത്രത്തിന്റെ ശവക്കൂനകളിലേക്ക് വലിച്ചെറിഞ്ഞത്.

പരാജയപ്പെട്ടുപോയ ഫാസിസ്റ്റ് ശക്തികളെ ചൂണ്ടിയാണ് ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയുമെല്ലാമടങ്ങുന്ന സാമ്രാജ്യത്വരാഷ്ട്രങ്ങളോട് സഖാവ് സ്റ്റാലിന്‍ പറഞ്ഞത്; ഇനി രാഷ്ട്രങ്ങള്‍ രാഷ്ട്രങ്ങള്‍ക്കുമുകളിലും ജനതകള്‍ ജനതകള്‍ക്കുമുകളിലും ആധിപത്യമുറപ്പിക്കുന്ന ഒരു വ്യവസ്ഥയെയും ലോകം വെച്ചുപൊറുപ്പിക്കില്ല. കോളനി രാജ്യങ്ങളിലെ ജനതകളുടെ സ്വയംനിര്‍ണയനവും സ്വതന്ത്രരാഷ്ട്രപദവിയും അംഗീകരിച്ചുകൊടുത്തേപറ്റൂ. അതിനുവേണ്ടി സാമ്രാജ്യത്വരാജ്യങ്ങള്‍ അപകോളനീകരണത്തിന് തയ്യാറാവണമെന്ന സ്റ്റാലിന്റെ ശബ്ദം ഫാസിസത്തിനെതിരായി പൊരുതിനേടിയ മനുഷ്യരാശിയുടെയും കോളനിരാജ്യങ്ങളിലെ ദേശീയവിമോചനപ്രസ്ഥാനങ്ങളുടെയും അദമ്യമായ സ്വാതന്ത്ര്യാഭിലാഷത്തെയാണ് വിളംബരം ചെയ്തത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യനാഫ്രിക്കന്‍ ലാറ്റിന്‍ നാടുകളില്‍ ഈയൊരു സാഹചര്യത്തിലാണ് സ്വാതന്ത്ര്യം പ്രാപിക്കുന്നത്.

നവസ്വതന്ത്രരാജ്യങ്ങളുടെ രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ നിര്‍ണായകമായ സഹായമാണ് സോവിയറ്റ് യൂണിയന്‍ നല്‍കിയിട്ടുള്ളത്. 1950 കളില്‍ ഇന്ത്യയുടെ ആസൂത്രണം ആരംഭിക്കുമ്പോള്‍ പ്രധാനമന്ത്രി നെഹ്റു ന്യൂയോര്‍ക്കിലും പാരീസിലും ലണ്ടനിലും ടോക്കിയോവിലുമൊക്കെ ഓടിച്ചെന്ന് ഇന്ത്യയില്‍ വിദേശനിക്ഷേപ സഹായം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചതാണ്. അതിനായി ഈ നഗരങ്ങളിലെല്ലാം ലെയ്സണ്‍ ഓഫീസുകള്‍ തുറന്നതാണ്. പക്ഷെ ഒരു മുതലാളിത്തരാജ്യവും ഇന്ത്യയെ സഹായിക്കാന്‍ തയ്യാറായില്ല. ഈയൊരു സാഹചര്യത്തിലാണ് സോവിയറ്റ് യൂണിയന്‍ യാതൊരുവിധ ഉപാധികളുമില്ലാതെ ഇന്ത്യയില്‍ ഘനവ്യവസായ സംരംഭങ്ങളാരംഭിക്കാന്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം നല്‍കിയത്.

ഭിലായ് ഉരുക്ക് നിര്‍മ്മാണശാലയില്‍ നെഹ്‌റു Photo: facebook

സോവിയറ്റ് മാതൃകയിലാരംഭിച്ച ഇന്ത്യയുടെ പഞ്ചവത്സരപദ്ധതികളും പൊതുമേഖലയുമെല്ലാം സോവിയറ്റ് സഹായത്തിന്റെ ബലത്തിലാണ് ജന്മംകൊണ്ടതും ശക്തിപ്പെട്ടതും. നെഹ്റുവിന്റെ ചേരിചേരാനയത്തിന്റെ അടിസ്ഥാനംതന്നെ വന്‍ശക്തിമേധാവിത്വത്തിനെതിരായ സമ്പദ്ഘടനകളുടെ സ്വാശ്രയത്വത്തിലൂന്നുന്നതായിരുന്നു. ഭിലായ് ഉരുക്ക് പ്ലാന്റുള്‍പ്പെടെ ഇന്ത്യയുടെ പൊതുമേഖലാ വ്യവസായരംഗത്ത് എല്ലാവിധ സഹായങ്ങളും ചെയ്തുതന്നത് സോവിയറ്റ് യൂണിയനാണ്. ഈ ചരിത്രമെല്ലാം കുപ്പത്തൊട്ടിയിലെറിയാനാണ് നരസിംഹറാവുവിന്റെ കാലംതൊട്ട് സംഘപരിവാര്‍ അജണ്ടയ്ക്കാവശ്യമായരീതിയില്‍ ഭരണം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിട്ടുള്ളത്. അതിന്റെ അശ്ലീലകരമായ തുടര്‍ച്ചമാത്രമാണ് സതീശന്റെ സ്റ്റാലിന്‍ ഭത്സനവും സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരായ അധിക്ഷേപങ്ങളും.

ഞാനൊരു വായനക്കാരന്‍ കൂടിയാണെന്നുള്ള പ്രകടനപരതക്കപ്പുറം ചരിത്രത്തിന്റെ അസന്ദിഗ്ധങ്ങളായ സത്യങ്ങളെ രേഖപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യുന്ന നെഹ്റുവിന്റെ കൃതികള്‍ വായിക്കുമ്പോഴാണ് സോവിയറ്റ് യൂണിയന്റെയും സോഷ്യലിസത്തിന്റെയും മാര്‍ക്സിസത്തിന്റെയുമൊക്കെ ചരിത്രത്തിലെ സംഭാവനകളെയും ദാര്‍ശനികമായ അതിന്റെ പ്രാധാന്യത്തെയുമൊക്കെ മനസ്സിലാക്കാന്‍ കഴിയുക. നെഹ്റുവിന് പകരം നിര്‍ഭാഗ്യവശാല്‍ റായ്ബഹദൂര്‍ ലാലാലാല്‍ചന്ദില്‍ നിന്നും സവര്‍ക്കറില്‍ നിന്നും ഗോള്‍വാള്‍ക്കറില്‍ നിന്നും ചരിത്രവും വിദ്വേഷത്തിന്റെ തത്വചിന്തയും പഠിച്ച അരുണ്‍ഷൂരിയില്‍ നിന്നാണ് സതീശന്‍ ചരിത്രം പഠിച്ചതെന്ന് തോന്നുന്നു. അരുണ്‍ഷൂരിക്ക് ചരിത്രമെന്നത് അപവാദകഥകളും ഹിന്ദുത്വത്തിന് ആവശ്യമായ അപനിര്‍മ്മാണവുമാണെന്ന കാര്യം റൊമിളഥാപ്പറും ഇര്‍ഫാന്‍ ഹബീബും ആര്‍.എസ്.ശര്‍മ്മയുമൊക്കെ നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

അരുണ്‍ ഷൂരിയുടെ ദി ഓണ്‍ലി ഫാദര്‍ലാന്റ് Photo: Facebook

മോസ്‌കോയില്‍ മഴ പെയ്യുമ്പോള്‍ തിരുവനന്തപുരത്ത് കുട പിടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന വര്‍ത്തമാനം എത്രയോ കാലങ്ങളായി നമ്മുടെ നാട്ടിലെ വലതുപക്ഷ യാഥാസ്ഥിതികന്മാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാെണന്ന കാര്യം കമ്യൂണിസ്റ്റ് വിരോധം മൂത്ത സതീശാദികള്‍ക്ക് ആരാണ് പറഞ്ഞുകൊടുക്കുക. കീഴാളജനതയോടും പണിയെടുക്കുന്ന വര്‍ഗങ്ങളോടും അവരുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളോടുമുള്ള കടുത്ത അവജ്ഞയില്‍നിന്നാണ് സവര്‍ണജാതിബോധത്തിന്റെ തമ്പുരാക്കന്മാര്‍ കാലാകാലമായി ഇങ്ങനെയൊക്കെ കമ്യൂണിസ്റ്റുകാരെ അധിക്ഷേപിച്ചുകൊണ്ടിരുന്നത്. ആര്‍.എസ്.എസിലും ഹിന്ദുമഹാസഭയിലും കോണ്‍ഗ്രസിലും അടിഞ്ഞുകൂടിയ ജന്മിജാതിപ്രമാണിമാരാണ് കമ്യൂണിസ്റ്റുകാരെ നുണകള്‍ പറഞ്ഞ് അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണകല നമ്മുടെ നാട്ടില്‍ വികസിപ്പിച്ചെടുത്തത്. ഗാന്ധിജിതന്നെ കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നല്‍കി എ.ഐ.സി.സിയിലെ അതിന് ഉത്തരവാദപ്പെട്ടവര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പി.സി.ജോഷിയുമായി നടത്തിയ സുദീര്‍ഘമായ കത്തിടപാടുകളില്‍ സമ്മതിക്കുന്നുണ്ട്.

സ്റ്റാലിനും നെഹ്‌റുവും Photo: Wikipedia

സവര്‍ണജാതി ജന്മിത്വശക്തികള്‍ പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ മനോവ്യാപാരങ്ങളെ നുണക്കഥകളിലൂടെ സൈദ്ധാന്തീകരിക്കുകയാണ് അരുണ്‍ഷൂരി തന്റെ ദി ഓണ്‍ലി ഫാദര്‍ലാന്റ് എന്ന പുസ്തകത്തിലൂടെ ചെയ്തത്. ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ഇംഗിതമനുസരിച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുത്തുവെന്നുമുള്ള ആരോപണമാണ് അരുണ്‍ഷൂരി ഈ പുസ്തകത്തിലൂടെ മുന്നോട്ടുവെച്ചത്. ഇത് ആര്‍.എസ്.എസിന്റെയും ഹിന്ദുമഹാസഭയുടെയും ദേശീയവഞ്ചനയെയും ബ്രിട്ടീഷ് പാദസേവയെയും തുറന്നുകാണിച്ച കമ്യൂണിസ്റ്റുകാരെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കമായിരുന്നു. 1939 ല്‍ നാസി സേന യൂറോപ്പില്‍ കടന്നതോടെയാണ് രണ്ടാംലോക മഹായുദ്ധം ആരംഭിച്ചത്. ഷൂരിയുടെ കമ്യൂണിസ്റ്റുകാര്‍ക്കും സോവിയറ്റ് യൂണിയനുമെതിരായ അതിശയോക്തിപരമായ വിശദീകരണങ്ങള്‍ ചരിത്രാപഗ്രഥനവുമായി ഒരിക്കലും ബന്ധപ്പെടുത്തി കാണാവുന്നതല്ല.

ഇറ്റലിയിലും ജര്‍മ്മനിയിലും ഫാസിസവും നാസിസവും പ്രധാനമായും ലക്ഷ്യംവെച്ചത് കമ്യൂണിസ്റ്റുകാരെയായിരുന്നുവെന്നും മുസോളിനിയും ഹിറ്റ്ലറുമെല്ലാം പ്രതിസന്ധിയിലായ കുത്തകമൂലധനത്തിന്റെ ഉല്‍പന്നങ്ങളായിരുന്നുവെന്നുമുള്ളകാര്യം ഫാസിസത്തിന്റെ പിന്തുണക്കാരായ അരുണ്‍ഷൂരിയെപോലുള്ളവര്‍ക്ക് പ്രശ്നമല്ലല്ലോ. ഇറ്റലിയിലും ജര്‍മ്മനിയിലുമെല്ലാം ഫാസിസത്തിനെതിരെ പ്രതിരോധമുയര്‍ത്തിയത് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നുവെന്ന കാര്യത്തെക്കുറിച്ചൊക്കെ നെഹ്റുവിയന്‍ ലെഫ്റ്റായ സതീശന് മനസ്സിലാക്കാന്‍ കഴിയാതെപോയത് നെഹ്റുവിനെ വായിക്കാത്തതുകൊണ്ടുതന്നെയാണ്. ആര്യശ്രേഷ്ഠതയുടെ ഉന്മാദത്തില്‍ യഹൂദര്‍ക്കൊപ്പം ഗ്യാസ്ചേമ്പറുകളിലും പീഢനക്യാമ്പുകളിലും കൊലചെയ്യപ്പെട്ടത് കമ്യൂണിസ്റ്റുകാരാണ്. മുസോളിനിയുടെയും ഹിറ്റ്ലറുടെയും ഫാസിസ്റ്റ് അധികാരവാഴ്ചയ്ക്കുകീഴില്‍ പത്ത് ലക്ഷത്തോളം കമ്യൂണിസ്റ്റുകാര്‍ 1930 കളില്‍ തന്നെ നിഷ്‌ക്കരുണം കൊലചെയ്യപ്പെട്ടിട്ടുണ്ട്.

സോവിയറ്റ് യൂണിയനും ജര്‍മ്മനിയും തമ്മില്‍ ഒപ്പുവെച്ച അനാക്രമണ സന്ധിയുടെ ഒപ്പുവെക്കല്‍ ചടങ്ങിന്റെ ചിത്രം. Photo: Radiofree Europe

ഹിറ്റ്ലറുമായി സോവിയറ്റ് യൂണിയനുണ്ടാക്കിയ അനാക്രമണസന്ധിയെ ഫാസിസവുമായുള്ള സ്റ്റാലിന്റെ കൂട്ടുചേരലായി വ്യാഖ്യാനിക്കുന്ന സതീശന്‍ മനസ്സിലാക്കേണ്ടത്, നാസി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സ്റ്റാലിന്‍ 1939 ല്‍ തന്നെ ശ്രമിച്ചിരുന്നുവെന്നകാര്യമാണ്. സോവിയറ്റ് യൂണിയനും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്നുകൊണ്ട് നാസികള്‍ക്കെതിരെ ഒരു സുരക്ഷാസഖ്യം രൂപീകരിക്കാനുള്ള സ്റ്റാലിന്റെ നീക്കങ്ങള്‍ നടക്കാതെപോയത് ബ്രിട്ടനും ഫ്രാന്‍സും തയ്യാറാകാത്തതുകൊണ്ടായിരുന്നു. ഹിറ്റ്ലറെ ഭയക്കുമ്പോള്‍തന്നെ പാശ്ചാത്യ സാമ്രാജ്യത്വരാജ്യങ്ങള്‍ കമ്യൂണിസത്തോടും സോവിയറ്റ് യൂണിയനോടും ശത്രുതപുലര്‍ത്തിയിരുന്നുവെന്ന കാര്യവും ഹിറ്റ്ലര്‍ സോവിയറ്റ് യൂണിയനെ തകര്‍ക്കുകയാണെങ്കില്‍ അതൊരു സാധ്യതയായികണ്ടിരുന്നുവെന്ന കാര്യവും പല ചരിത്രകാരന്മാരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.

ഹിറ്റ്ലറുടെ ലോകം കീഴടക്കാനുള്ള സൈനികനീക്കങ്ങളെ സോവിയറ്റ് യൂണിയനുനേരെ തിരിച്ചുവിടാന്‍ കഴിയുമോയെന്ന ആലോചനയും ബ്രിട്ടനും ഫ്രാന്‍സിനും അമേരിക്കയ്ക്കുമുണ്ടായിരുന്നു. സോവിയറ്റ് യൂണിയനുള്‍പ്പെട്ട സഖ്യശക്തികള്‍ ഫാസിസ്റ്റ് സേനക്കെതിരെ യോജിച്ച് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും അമേരിക്കന്‍ വന്‍കിട കമ്പനികള്‍ ഹിറ്റ്ലറുടെ യുദ്ധഫണ്ടിലേക്ക് യഥേഷ്ടം സംഭാവനകള്‍ ഒഴുക്കിക്കൊണ്ടിരുന്നു. ഫോര്‍ഡും ജനറല്‍മോട്ടോഴ്സും റോയല്‍ ഡെച്ച്ഷെല്ലും തുടങ്ങിയ അമേരിക്കന്‍ വന്‍കിട കമ്പനികള്‍ ഹിറ്റ്ലറെ സഹായിച്ചിരുന്നു. ഹിറ്റ്ലര്‍ സോവിയ് യൂണിയനെ തകര്‍ക്കുമെന്ന ആഗ്രഹമനുസരിച്ചായിരുന്നു നാസികളുടെ യുദ്ധഫണ്ടിലേക്ക് അമേരിക്കന്‍ കുത്തകകള്‍ ഇഷ്ടംപോലെ സ്വര്‍ണനാണയങ്ങള്‍ സംഭാവനയായി നല്‍കിയത്.

ഈയൊരു പശ്ചാത്തലത്തിലാണ് 1939 ആഗസ്റ്റ് 23 ന് സോവിയറ്റ് യൂണിയനും ജര്‍മ്മനിയും തമ്മില്‍ അനാക്രമണസന്ധിയുണ്ടാക്കുന്നത്. സോവിയറ്റ് യൂണിയന്റെ പ്രതിനിധിയായ മൊളോട്ടോവും ജര്‍മ്മനിയുടെ പ്രതിനിധിയായ റിബണ്‍ട്രോപ്പുമാണ് അനാക്രമണ കരാറില്‍ ഒപ്പുവെക്കുന്നത്. അതുകൊണ്ടാണ് ഈ അനാക്രമണ കരാര്‍ മൊളോട്ടോവ്-റിബണ്‍ട്രോപ്പ് കരാര്‍ എന്ന് വിളിക്കപ്പെട്ടത്. ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെ കമ്യൂണിസ്റ്റുകാരെയാണ് മുഖ്യശത്രുക്കളായി കണ്ടത്. അനാക്രമണസന്ധി ഫാസിസം ഭൂമുഖത്ത് സൃഷ്ടിക്കാന്‍ പോകുന്ന വിപത്തുകളെ ശക്തമായി നേരിടാന്‍ ആവശ്യമായ സമയം സോവിയറ്റ് യൂണിയന് ആവശ്യമാണെന്ന ഒരു സൈനികതന്ത്രത്തിന്റെയും കണക്കുകൂട്ടലിന്റെയും ഭാഗമായിട്ടുണ്ടായിട്ടുള്ളതാണ്.

അരുണ്‍ഷൂരിയെപോലുള്ളവരില്‍ നിന്ന് ചരിത്രം പഠിച്ച വി.ഡി.സതീശന്മാര്‍ കാണാത്തത് രണ്ടാം ലോക മഹായുദ്ധത്തില്‍ രണ്ടുഘട്ടങ്ങളുണ്ടെന്ന കാര്യമാണ്. ആദ്യഘട്ടം എന്നത് 18 മാസക്കാലം നീണ്ടുനിന്നതാണ്. രണ്ടാമത്തേത് നാലരക്കൊല്ലക്കാലം നീണ്ടുനിന്നു. യുദ്ധത്തെ കേവലമായി മനസ്സിലാക്കുകയല്ല സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റുകാരും ചെയ്തത്. രണ്ട് സാമ്രാജ്യത്വശക്തികള്‍ തമ്മിലുള്ള യുദ്ധത്തില്‍ ഇരുഭാഗത്തും അണിനിരന്നിരിക്കുന്ന സാമൂഹ്യസാമ്പത്തികശക്തികളെയും അവയുടെ താല്‍പര്യങ്ങളെയും വ്യവച്ഛേദിച്ചുതന്നെ മനസ്സിലാക്കേണ്ട ആവശ്യമൊന്നും അരുണ്‍ഷൂരിയെപോലുള്ളവര്‍ക്കില്ല.

അരുണ്‍ഷൂരി തന്റെ ലേഖനത്തിലും പുസ്തകത്തിലും ഫാസിസത്തെയും സാമ്രാജ്യത്വത്തെയും സഹായിക്കുന്ന നിലപാടാണ് സ്വീകിച്ചിട്ടുള്ളതെന്നകാര്യം സതീശന് മനസ്സിലായിട്ടില്ലെങ്കിലും രണ്ടാംലോക മഹായുദ്ധകാലത്തെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കാണണം. 1939 നവംബര്‍ 29 ന് എ.ഐ.സി.സിയുടെ വര്‍ക്കിംഗ്കമ്മറ്റി അംഗീകരിച്ച പ്രമേയം ഏറെക്കുറെ സോവിയറ്റ് യൂണിയന്റെയും കമ്യൂണിസ്റ്റുകാരുടെയും നിലപാടുകളോട് ചേര്‍ന്നുപോകുന്നതാണ്. ദീര്‍ഘമായ ആ പ്രമേയത്തിന്റെ ഒരു ഖണ്ഡിക ഇവിടെ ഉദ്ധരിക്കാം; ”ഇന്ത്യന്‍ ജനാധിപത്യത്തിന്റെ താല്‍പര്യങ്ങളും ബ്രിട്ടീഷ് ജനാധിപത്യത്തിന്റെയോ മറ്റേതെങ്കിലും ലോകരാഷ്ട്രത്തിലെ ജനാധിപത്യത്തിന്റെയോ താല്‍പര്യങ്ങളുമായി വൈരുദ്ധ്യമില്ലെന്ന് കമ്മറ്റിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ, മറ്റേത് രാജ്യത്തെയും ജനാധിപത്യവും സാമ്രാജ്യത്വവും ഫാസിസവും തമ്മില്‍ സഹജവും ഒഴിവാക്കാനാവാത്തതുമായ വൈരുദ്ധ്യമുണ്ട്.”

ഫാസിസ്റ്റ് വിരുദ്ധ യുദ്ധവും ബ്രിട്ടീഷുകാര്‍ക്കെതിരായ ദേശീയസ്വാതന്ത്ര്യസമരവും മുന്നോട്ടുകൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട സമീപനങ്ങളില്‍ ദേശീയസ്വാതന്ത്ര്യസമര നേതൃത്വത്തിനോ അതിന്റെ ഭാഗമായ കമ്യൂണിസ്റ്റ് പാര്‍ടിക്കോ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് പറയാനാവില്ല. പക്ഷെ ക്വിറ്റ്ഇന്ത്യ സമരവും ഫാസിസ്റ്റ്വിരുദ്ധയുദ്ധത്തിന്റേതായ സാഹചര്യവും ഉന്നയിക്കുന്ന സമസ്യകളെ അതിന്റെ സമൂര്‍ത്തതയില്‍ മനസ്സിലാക്കാനും ശരിയായ സമീപനം സ്വീകരിക്കാനും തയ്യാറല്ലാത്ത ഹിന്ദുമഹാസഭയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കളാണ് കമ്യൂണിസ്റ്റുകാര്‍ക്കെതിരായി ആക്ഷേപങ്ങളുമായി ആ കാലത്ത് രംഗത്തുവന്നത്. ബോംബെ എ.ഐ.സി.സി സമ്മേളനത്തില്‍ ക്വിറ്റ് ഇന്ത്യ പ്രമേയം അംഗീകരിച്ച ഉടനെ സമ്മേളന പന്തലില്‍വെച്ച് തന്നെ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റുചെയ്തു. അലഹബാദിലെ എ.ഐ.സി.സി ഓഫീസ് പോലീസ് അടച്ചുപൂട്ടി.

മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യാ സമരത്തില്‍ Photo: Press Information Bureau

തുടര്‍ന്ന് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി പുറത്ത് ഒരു പ്രവര്‍ത്തനവും നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഗാന്ധിജിയുടെ അറസ്റ്റിനും മഹാത്മാവ് യാര്‍വാദ സെന്ററില്‍ നടത്തുന്ന നിരാഹാരത്തിനും ജനങ്ങള്‍ക്കിടയില്‍ പ്രചാരം നല്‍കിയത് കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു. ഗാന്ധിജിയുടെ ജീവന്‍കൊണ്ട് പന്താടുന്ന ബ്രീട്ടീഷ് ഗവണ്‍മെന്റിന്റെ സമീപനങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധപ്രകടനങ്ങള്‍ക്ക് മുന്‍കൈയെടുത്തത് കമ്യൂണിസ്റ്റുകാരായിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍സെക്രട്ടറി പി.സി.ജോഷി കേന്ദ്രകമ്മറ്റിക്കുവേണ്ടി ഇറക്കിയ പ്രസ്താവനയില്‍ ഗാന്ധിജിയുടെ ജീവന്‍കൊണ്ട് പന്താടുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ടി മുന്നിട്ടിറങ്ങുമെന്ന് പ്രസ്താവിച്ചു.

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ്സര്‍ക്കാരിനെതിരെ ബോംബാക്രമണങ്ങള്‍ സംഘടിപ്പിച്ചത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകളായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് മലബാറില്‍ കീഴരിയൂര്‍ ബോംബ് കേസുണ്ടാകുന്നത്. രാജ്യവ്യാപകമായി ഗാന്ധിജിയുടെ അറസ്റ്റിനെതിരായി നടന്ന പ്രതിഷേധപ്രകടനങ്ങളും അതിനുനേരെ നടന്ന പൊലീസ് മര്‍ദനവും വെടിവെപ്പുമെല്ലാം പ്രക്ഷുബ്ധമായ ഒരു രാഷ്ട്രീയസാഹചര്യം സൃഷ്ടിച്ചപ്പോള്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും നിഷ്‌ക്രിയമാവുകയായിരുന്നു.

ക്വിറ്റ് ഇന്ത്യ സമരത്തെ തുടര്‍ന്ന് ജയിലിലടയ്ക്കപ്പെട്ടവരുടെ പട്ടിക കെ.പി.സി.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലബാറിന്‍ നിന്നുള്ള 600 ലെറെ പേര്‍ വരുന്ന ആ പട്ടികയില്‍ 340 ഓളം പേര്‍ കമ്യൂണിസ്റ്റുകാരായിരുന്നു. ബാക്കി ഭൂരിപക്ഷം പേരും സോഷ്യലിസ്റ്റുകളും നാമമാത്രമായി കോണ്‍ഗ്രസുകാരുമായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ പേരില്‍ അരുണ്‍ഷൂരിയുടെ വാദങ്ങളേറ്റെടുത്ത് കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കുന്നവര്‍ ചരിത്രത്തിന്റെ ഈ അനിഷേധ്യസത്യങ്ങളെല്ലാം മനസ്സിലാക്കണമെന്നേ പറയാനുള്ളൂ. സതീശനോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കാനുള്ളത് അക്കാലത്തെ മാതൃഭൂമി പത്രത്തില്‍വന്ന റിപ്പോര്‍ട്ടുകളെങ്കിലും ശേഖരിച്ച് വായിക്കുന്നത് നന്നാവുമെന്നാണ്.

Content Highlight: When It Rained in Moscow, Stalin, and Nehru’s Glimpses of World History KT Kunhikkannan writes

 

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍