രാജ്ഭവനിലെ പരിപാടി റദ്ദാക്കിയത് അറിയിച്ചപ്പോള്‍ 'നന്നായി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി: പി.പ്രസാദ്
Kerala News
രാജ്ഭവനിലെ പരിപാടി റദ്ദാക്കിയത് അറിയിച്ചപ്പോള്‍ 'നന്നായി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി: പി.പ്രസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th June 2025, 12:36 pm

തിരുവനന്തപുരം: രാജ്ഭവനിലെ പരിസ്ഥിതി ദിന പരിപാടി റദ്ദാക്കിയ കൃഷി വകുപ്പിന്റെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി പിന്തുണച്ചത്.

വിഷയത്തില്‍ മന്ത്രി സ്വീകരിച്ച നിലപാട് നന്നായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്ഭവനില്‍ പരിപാടി നടത്താന്‍ ഭാരതാംബയുടെ ചിത്രത്തില്‍ തിരി തെളിയിക്കണമെന്നും പൂജ നടത്തണമെന്നുമുള്ള ഗവര്‍ണറുടെ നിലപാടിനെ മുഖ്യമന്ത്രി തള്ളുകയായിരുന്നു.

ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കണമെന്നും രാജ്ഭവന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ കൃഷി വകുപ്പ് രാജ്ഭവനില്‍ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി റദ്ദാക്കുകയായിരുന്നു. അത്തരം ചടങ്ങുകള്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് രാജ്ഭവന്‍ കൃഷിവകുപ്പിനെ ചടങ്ങുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ തിരി തെളിക്കലും പുഷ്പാര്‍ച്ചനയും വേണമെന്ന് അറിയിച്ചത്. പിന്നാലെ ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് ഓഫീസ് മറുപടി നല്‍കി. ഇതോടുകൂടി രാജ് ഭവനില്‍ നടത്തേണ്ട പരിപാടി റദ്ദ് ചെയ്ത് സെക്രട്ടറിയേറ്റില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Content Highlight: When informed of the cancellation of the event at Raj Bhavan, the Chief Minister’s response was ‘fine’: P. Prasad