ന്യൂദല്‍ഹി: പാകിസ്ഥാനില്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദ. പാകിസ്ഥാനില്‍ പോയപ്പോള്‍ വീട്ടിലെത്തിയതുപോലെയാണ് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിദേശനയം അയല്‍രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കണമെന്നും പിത്രോദ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ വിദേശനയത്തില്‍ തിരുത്തല്‍ വേണമെന്ന് പറയുന്നതിനിടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. അയല്‍രാജ്യങ്ങളായ നേപ്പാളിനേയും ബംഗ്ലാദേശിനേയും കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തണം.
ഈ രാജ്യങ്ങളും ഇന്ത്യയും പാകിസ്ഥാനും എല്ലാം പൊതുവായ ജീന്‍ പങ്കുവെയ്ക്കുന്നവരാണ് എന്നും സാം പിത്രോദ പറഞ്ഞു.
‘നമ്മുടെ വിദേശനയം അയല്‍രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കണം എന്നാണ് എന്റെ അഭിപ്രായം. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം പതിയെ മെച്ചപ്പെടുത്താന്‍ സാധിക്കില്ലേ? അവരെല്ലാം ചെറിയ രാജ്യങ്ങളാണ്. ഒരുപാട് ബുദ്ധിമുട്ടിലാണ് ഈ രാജ്യങ്ങളിപ്പോള്‍.
ഇപ്പോള്‍ വേണ്ടത് പോരാട്ടമല്ല, അവര്‍ക്ക് സഹായമാണ് വേണ്ടത്. ഒന്നുമല്ലെങ്കിലും നമ്മളെല്ലാം ഒരേ ജീന്‍ പൂള്‍ പങ്കുവെയ്ക്കുന്നവരല്ലേ. ഞാനൊരിക്കില്‍ പാകിസ്ഥാനില്‍ പോയി.അന്നെനിക്ക് സ്വന്തം വീട്ടിലെത്തിയത് പോലെയാണ് തോന്നിയത്’, സാം പിത്രോദ പറഞ്ഞു.