അവിടുന്നും റിജക്ഷന്‍ കിട്ടിയപ്പോള്‍ ഒരുപാട് കരഞ്ഞു, എന്നെ സംബന്ധിച്ച് അതൊരു പരാജയമായിരുന്നു: എസ്തര്‍ അനില്‍
Movie Day
അവിടുന്നും റിജക്ഷന്‍ കിട്ടിയപ്പോള്‍ ഒരുപാട് കരഞ്ഞു, എന്നെ സംബന്ധിച്ച് അതൊരു പരാജയമായിരുന്നു: എസ്തര്‍ അനില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd May 2026, 4:17 pm

തന്റെ ലണ്ടന്‍ ഉപരിപഠനത്തെക്കുറിച്ചും അതിലേക്കെത്തിയ സാഹചര്യങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി എസ്തര്‍ അനില്‍.

ലണ്ടനിലെ പഠനത്തിനായി തന്റെ എസ്.ഒ.പി (Statement of Purpose) എഴുതുമ്പോള്‍, കേവലം ഒരു സെലിബ്രിറ്റി അല്ലെങ്കില്‍ നടി എന്നതിനപ്പുറം താന്‍ ആരാണെന്ന് കണ്ടെത്താനാണ് മെന്റര്‍ ആവശ്യപ്പെട്ടതെന്ന് എസ്തര്‍ പറയുന്നു.

ഈ പ്രക്രിയയിലൂടെയാണ് തന്റെ വയനാട്ടിലെ ജീവിതം മുതല്‍ സിനിമ വരെയുള്ള യാത്രയെ താന്‍ തിരിച്ചറിഞ്ഞതെന്നും എസ്തര്‍ പറഞ്ഞു.

താന്‍ പഠിച്ച യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന മറ്റ് കുട്ടികള്‍ക്ക്, പ്രത്യേകിച്ച് വയനാട്ടില്‍ നിന്നുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളൂവെന്നും എസ്തര്‍ പറഞ്ഞു.

പഠനത്തിന്റെ കാര്യത്തില്‍ ഞാന്‍ എപ്പോഴും ലക്ഷ്യങ്ങളില്‍ വിശ്വസിക്കുന്ന ആളാണ്. സിനിമയെക്കാള്‍ ഉപരിയായി എന്റെ കഴിവും പ്രയത്‌നവും തെളിയിക്കാന്‍ പറ്റുന്നത് അക്കാദമിക്‌സിലാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.

എസ്തര്‍ Photo: Amrutha Tv/screengrab

എന്നാല്‍ ലണ്ടനിലെ പഠനത്തിനായി അപേക്ഷിച്ച സമയത്ത് പല യൂണിവേഴ്‌സിറ്റികളില്‍ നിന്നും റിജക്ഷന്‍ നേരിടേണ്ടി വന്നു. ആംസ്റ്റര്‍ഡാമിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റിജക്ഷന്‍ കിട്ടിയപ്പോള്‍ ഞാന്‍ ഒരുപാട് കരഞ്ഞു,’ എസ്തര്‍ പറഞ്ഞു.

എന്നാല്‍ ‘നമ്മുടെ വഴികളിലെ ചെറിയ തടസ്സങ്ങള്‍ വലിയ കാര്യങ്ങളിലേക്ക് പോകാന്‍ വേണ്ടിയുള്ളതായിരിക്കും’ എന്ന അമ്മയുടെ വാക്കുകളാണ് തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നും എസ്തര്‍ ഓര്‍ക്കുന്നു

ലണ്ടനില്‍ അഡ്മിഷന്‍ ലഭിച്ച കാര്യം അച്ഛനില്‍ നിന്നും ആദ്യം മറച്ചുവെച്ചിരുന്നതിനെക്കുറിച്ചും എസ്തര്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘എന്റെ സഹോദരന്‍ ലോണെടുത്ത് വിദേശത്ത് പഠിക്കുകയാണെന്നും മറ്റൊരു അനിയന്‍ ഓസ്ട്രേലിയയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണെന്നും ഉള്ള സാഹചര്യം പരിഗണിച്ചാണ് അഡ്മിഷന്‍ വിവരം പറയാതിരുന്നത്.

എസ്തര്‍ Photo: facebook

സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന ചെറിയ യൂണിവേഴ്‌സിറ്റികള്‍ തന്നെ റിജക്ട് ചെയ്യുകയും, വലിയ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ ലഭിച്ചപ്പോള്‍ അതിന്റെ ഭീമമായ ചെലവ് കുടുംബത്തിന് ബുദ്ധിമുട്ടാകുമെന്നും ഞാന്‍ കരുതി. എല്‍.എസ്.ഇ പോലുള്ള വലിയ യൂണിവേഴ്‌സിറ്റിയില്‍ കിട്ടിയിട്ടും പോകേണ്ടതില്ലെന്നായിരുന്നു എന്റെ തീരുമാനം,’ എസ്തര്‍ പറയുന്നു.

എന്നാല്‍ ഈ വിവരം അറിഞ്ഞ അച്ഛന്‍ സഹോദരനുമായി ഈ വിഷയം സംസാരിച്ചു. എന്റെ അനിയന് പോകാന്‍ സാധിച്ചില്ലെങ്കിലും ഞാന്‍ പോകണമെന്ന് അവന്‍ നിര്‍ബന്ധിച്ചു. അതൊരു സാക്രിഫൈസ് ആയി കാണരുതെന്ന് അവന്‍ പറഞ്ഞിരുന്നു,’ എസ്തര്‍ പറയുന്നു.

കുടുംബം മുഴുവന്‍ നല്‍കിയ പിന്തുണയും അനിയന്റെ സ്‌നേഹവും കാരണമാണ് തനിക്ക് ലണ്ടനിലെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും എസ്തര്‍ അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: When I got rejection from there as well, I cried a lot, says actress esther Anil