തൃക്കരിപ്പൂര്‍: ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരെ വര്‍ഗീയരാഷ്ട്രീയം മേല്‍ക്കോയ്മ നേടുന്ന കാലത്ത് രാജ്യത്തെ മതനിരപേക്ഷതയെ ശക്തിപ്പെടുത്താന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന സമാന മനസുള്ളവര്‍ ഒന്നിക്കേണ്ട കാലമാണിതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ ഒരിക്കലും വ്യക്തി അല്ലെങ്കില്‍ കുടുംബ ബന്ധങ്ങളെ ബാധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃക്കരിപ്പൂരില്‍ മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ വി.കെ. രവീന്ദ്രനുള്ള ആദരം ദര്‍ശനപഥം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
എം.വി.ഗോവിന്ദന്റേത് നല്ല പരാമര്‍ശമായി കാണുന്നുവെന്ന് തൊട്ട് പിന്നാലെ പ്രസംഗിച്ച സി.എം. പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു. പാര്‍ട്ടിയില്‍നിന്നു പിരിഞ്ഞു പോയി ഭിന്നചേരിയില്‍ നില്‍ക്കുമ്പോഴും ശത്രുതയില്ലാതെ സൗഹാര്‍ദത്തില്‍ നില്‍ക്കണമെന്ന ഗോവിന്ദന്റെ പ്രസ്താവന സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും സി.പി ജോണ്‍ കൂട്ടിച്ചേര്‍ത്തു. എം.വി. ഗോവിന്ദനില്‍ നിന്നും സമീപകാലത്തുണ്ടായ വളരെ ശക്തമായ രാഷ്ട്രീയ പ്രസ്താവനയാണിതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക പരിവര്‍ത്തനത്തിനായി നിരന്തരം പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹം നല്‍കുന്നതാണ് നേതാവ് എന്ന പേരെന്നും അല്ലാതെ ഒരിക്കലും പേരിന്റെ വലതുഭാഗത്ത് എഴുതിച്ചേര്‍ക്കപ്പെടുന്ന സ്ഥാനപ്പേരല്ല അതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ജന മനസില്‍ ഇടം പിടിക്കുന്നയാളായിരിക്കണം നേതാവെന്നും സുദീര്‍ഘമായ കാലയളവില്‍ മനുഷ്യ സമൂഹത്തിന്റെ വികാസത്തിന് ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്നയാളെയാണ് ജനം നേതാവെന്ന് വിളിക്കുന്നതെന്നും സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാഷ്ട്രീയ സമൂഹം വികസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യലിസ്റ്റ് ആദര്‍ശത്തോടെ ജനാധിപത്യ യുവജനപ്രസ്ഥാനം രൂപമെടുത്ത നാളുകളില്‍ അതിന്റെ സംഘാടകരും പ്രവര്‍ത്തകരുമെന്ന നിലയിലാണ് വി.കെ രവീന്ദ്രനും താനും പരിചയപ്പെടുന്നതെന്ന് എം.വി ഗോവിന്ദന്‍ ദര്‍ശനപഥം എന്ന പുസ്തകത്തിലൂടെ ഓര്‍ത്തെടുക്കുന്നുണ്ട്.
‘അദ്ദേഹം വളരെ പെട്ടെന്ന് കെ.എസ്.വൈ.എഫിന്റെ യും തുടര്‍ന്ന് ഡി.വൈ.എഫ്.ഐ യുടെയും ജില്ലാ സ്ഥാന നേതൃനിരയിലേക്കുയര്‍ന്നു. അതോടെയാണ് ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം രൂപപ്പെടുന്നത്. ഒരേ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന മട്ടിലുള്ള ഔപചാരികമായ ബന്ധം മാത്രമായിരുന്നില്ല ഞങ്ങളുടേത്. സംഘടനാപരമായി രൂപപ്പെട്ട പരിചയം ഞങ്ങളിരുവരുടെയും കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധമായി വളര്‍ന്നു. രവിയുടെ കുടുംബാംഗങ്ങളുമായി എനിക്കും എന്റെ കുടുംബത്തിലുള്ളവരുമായി രവിക്കും സഹോദരതുല്യമായ ബന്ധമാണുള്ളത്,’ പുസ്തകത്തില്‍ പറയുന്നു.