ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. യൂറോപ്പിലെ ടോപ് ലീഗുകളില്‍ നിന്ന് കളം വിട്ടിട്ടും കാല്‍പന്തുകളിയുടെ ചര്‍ച്ചകളില്‍ സജീവമാണ് ഇരുവരും. പ്രീമിയര്‍ ലീഗിലോ ലാലിഗയിലോ പന്ത് തട്ടുന്നില്ലെങ്കിലും ആരാധകര്‍ക്ക് ഇപ്പോഴും ഇരുവരോടും പ്രിയമേറെയാണ്.
അതിനാല്‍ തന്നെ ഇരുവരെയും കുറിച്ചുള്ള ഓരോ നിമിഷവും എപ്പോഴും ആഘോഷിക്കപ്പെടാറുണ്ട്. ഇന്റര്‍ മയാമിക്കായി മെസി ഗോളടിക്കുമ്പോഴും അല്‍ നസറിന്റെ വിജയത്തില്‍ റോണോ ചുക്കാന്‍ പിടിക്കുമ്പോഴും ആരാധകര്‍ക്ക് ആഘോഷ രാവാണ്. അപ്പോഴെല്ലാം ഇരുവരിലും ആരാണ് മികച്ചതെന്ന് ചോദ്യവുമായി ഇരുപക്ഷത്തിലെയും കായിക പ്രേമികള്‍ എത്താറുണ്ട്.
കൂടാതെ, മെസിയെയും റൊണാള്‍ഡോയെയും കുറിച്ച് പറയുന്ന, ഇരുവരെയും താരതമ്യപ്പെടുത്തുന്ന വീഡിയോകളും ഫുട്‌ബോള്‍ താരങ്ങളുടെ പ്രസ്താവനകളും സജീവ ചര്‍ച്ചയിലേക്ക് വരാറുണ്ട്. അത്തരത്തില്‍ മെസിയുടെ സഹതാരമായ എയ്ഞ്ചല്‍ ഡി മരിയയുടെ ഒരു ഇന്റര്‍വ്യൂ വീണ്ടും ചര്‍ച്ചയാവുകയാണ്. താരത്തിന്റെ 2024ലെ ഒരു വീഡിയോയാണ് വീണ്ടും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഡി മരിയ മെസി, റൊണാള്‍ഡോ എന്നിവരില്‍ മികച്ച താരത്തെ തെരഞ്ഞെടുക്കുന്ന വീഡിയോയാണ് വീണ്ടും ചര്‍ച്ചയാവുന്നത്. തനിക്ക് ഏറ്റവും മികച്ചവന്‍ ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓര്‍ നേടിയ മെസിയാണെന്ന് മരിയ പറഞ്ഞു. മെസി – റൊണാള്‍ഡോ റൈവല്‍റി ലോകത്തെ ഫുട്‌ബോളിന്റെ ആരാധകരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയ്ഞ്ചല്‍ ഡി മരിയ. Photo: MessiXtra/x.com
‘മെസിയും റൊണാള്‍ഡോയും ഒരുപോലെ വിജയമെന്ന മന്ത്രത്തില്‍ പന്ത് തട്ടുന്നവരാണ്. എന്നാല്‍, ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓര്‍ നേടിയ താരമാണ് എന്റെ മികച്ച ഫുട്‌ബോളര്‍. മെസിക്ക് എട്ട് എണ്ണമുണ്ട്. റൊണാള്‍ഡോയ്ക്ക് അഞ്ചെണ്ണം മാത്രമാണുള്ളത്. നമ്പറുകളില്‍ ഈ വ്യത്യാസം ഇവര്‍ക്കിടയില്‍ ഒരു നിശ്ചിത അകലം സൃഷ്ടിക്കുന്നുണ്ട്.
റൊണാള്‍ഡോ സൗദിയിലേക്കും മെസി യു.എസിലേക്കും മാറിയിട്ടും ആളുകളുടെ സംസാരം അവരെ ചുറ്റിപറ്റിയാണ്. ഇരുവരുടെയും കളി ശൈലിയും റൈവല്‍റിയും ലോകത്തെ ഫുട്‌ബോള്‍ ആരാധകരാക്കി. മെസി യു.എസില്‍ കളിക്കുന്നതിനാല്‍ അമേരിക്കക്കാര്‍ ഈ സ്‌പോര്‍ട്‌സിനെ വീണ്ടും ഞെഞ്ചിലേറ്റുന്നു,’ ഡി മരിയ പറഞ്ഞു.
Content Highlight: When Angel Di Maria selects Lionel Messi as best over Cristiano Ronaldo