സാന്‍ഫ്രാന്‍സിസ്‌കോ: യു.പി.ഐ പേമെന്റ് ആപ്പുകള്‍ പണിമുടക്കിയതിന് പിന്നാലെ സമൂഹമാധ്യമമായ വാട്‌സ്ആപ്പിനും സാങ്കേതിക തകരാര്‍. 81% ഉപയോക്താക്കളാണ് തങ്ങള്‍ക്ക് മെസ്സേജുകള്‍ അയക്കുവാന്‍ സാധിക്കുന്നില്ലെന്ന് പരാതിപ്പെട്ടിരിക്കുന്നത്. മെറ്റയുടെ കീഴിലുള്ള സമൂഹ മാധ്യമമായ വാട്‌സാപ്പിന് ഇന്ത്യയില്‍ രാത്രി 8.10 മുതലാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
ഓണ്‍ലൈന്‍ സേവനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന വെബ്സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍, ഉപഭോക്തൃ പരാതികളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രം ഏകദേശം 3,000 പരാതികള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്തിട്ടുണ്ട്.
വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ കൈമാറുവാന്‍ ഉള്ള ബുദ്ധിമുട്ട് കഴിഞ്ഞ ഫെബ്രുവരിലും നേരിട്ടിരുന്നു. 9000 ത്തില്‍ അധികം ആളുകള്‍ അന്ന് പരാതി ഉയര്‍ത്തിയിരുന്നു.
സാങ്കേതിക തകരാറില്‍ മെറ്റ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.രണ്ട് ബില്യണില്‍ അധികം ആളുകള്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമമാണ് വാട്‌സ്ആപ്പ്. അതേസമയം വാട്ട്സ്ആപ്പ് പണിമുടക്കിയതോടെ ഇത് സംബന്ധിച്ച മീമുകള്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്ന് രാജ്യത്തെ യു.പിഐ സേവനങ്ങളും സമാനമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. സാങ്കേതിക തകരാറുകള്‍ ആണ് കാരണമെന്ന് എന്‍.പി.സി.ഐ വ്യക്തമാക്കിയിരുന്നു.