വെള്ളം ലഭിക്കാതിരിക്കാന്‍ എന്ത് നിര്‍മിച്ചാലും അത് തകര്‍ക്കും; ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി
World News
വെള്ളം ലഭിക്കാതിരിക്കാന്‍ എന്ത് നിര്‍മിച്ചാലും അത് തകര്‍ക്കും; ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd May 2025, 3:46 pm

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള പാകിസ്ഥാന്റെ വിഹിതത്തില്‍ ഉള്‍പ്പെടുന്ന ജലം വഴി തിരിച്ചുവിടാന്‍ ഇന്ത്യ നിര്‍മിക്കുന്ന ഏതൊരു നിര്‍മിതിയും നശിപ്പിക്കുമെന്നാണ് പ്രതിരോധ മന്ത്രിയുടെ ഭീഷണി.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യ സിന്ധു നദീജല കരാര്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് പാകിസ്ഥാനിലേക്ക് വെള്ളം ഒഴിവാക്കുന്നതിനായി അണക്കെട്ടുകള്‍ പോലുള്ള നിര്‍മിതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണി.

അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അത് പാകിസ്ഥാനെതിരായ ആക്രമണമായിരിക്കുമെന്നും ഇന്ത്യ, ഇത്തരത്തിലുള്ള നിര്‍മിതികള്‍ പണിയാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ അത് നശിപ്പിക്കുമെന്നുമാണ് ഖ്വാജ ആസിഫിന്റെ പരാമര്‍ശം.

ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് പോകുന്നില്ലെന്ന് ഇന്ത്യ ഉറപ്പുവരുത്തുമെന്ന് ജല്‍ ശക്തി മന്ത്രി സി.ആര്‍ പാട്ടീലും പറഞ്ഞിരുന്നു.

പഹല്‍ഗാം ആക്രമണം ഇന്ത്യ തന്നെ നടത്തിയതാണെന്നും പാകിസ്ഥാനില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഇപ്പോള്‍ ഇല്ലെന്നും ആസിഫ് പറഞ്ഞിരുന്നു. ഇന്ത്യ വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധമാണ് പ്രതിവിധിയെന്നും പാകിസ്ഥാന്‍ ആണവായുധ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ആസിഫ് ഒരു അഭിമുഖത്തില്‍ ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അതില്‍ നിന്ന് പിന്മാറി. മൂന്ന് ദിവസത്തിനുള്ളില്‍ ഒരു യുദ്ധം ഉണ്ടാകുമെന്ന് പ്രവചിച്ചിട്ടില്ലെന്നും അടുത്ത മൂന്ന് മുതല്‍ നാല് ദിവസം നിര്‍ണായകമാകുമെന്നാണ് പറഞ്ഞതെന്നും ആസിഫ് പറഞ്ഞു.

Content Highlight: Whatever is built to prevent water from reaching India, it will be destroyed; Pakistan’s Defense Minister again threatens India