ഇന്ത്യന്‍ ഫുട്ബോളില്‍ നിലവില്‍ തുടരുന്ന പ്രതിസന്ധിയില്‍ എത്രയും വേഗത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) ഫിഫയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും (എ.എഫ്.സി) കത്ത് നല്‍കിയിരിക്കുകയാണ്. എ.ഐ.എഫ്.എഫിന്റെ പുതുക്കിയ ഭരണഘടനയ്ക്ക് ഒക്ടോബര്‍ 30നകം അംഗീകാരം നല്‍കണമെന്ന അന്ത്യശാസനമാണ് ഫിഫയുടെ കത്തിലുള്ളത്.

ഇതില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് വൈകിയാല്‍ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും കത്തില്‍ നല്‍കിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മൂന്ന് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയായിരിക്കും എ.ഐ.എഫ്.എഫിന് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരിക.

 

ഒരുപക്ഷേ ഈ സസ്‌പെന്‍ഷനോ അതിനെ തുടര്‍ന്നുള്ള വിലക്കോ നേരിടേണ്ടി വന്നാല്‍ അത് പല തലത്തിലും ഇന്ത്യന്‍ ഫുട്‌ബോളിനെ ബാധിക്കും. ഫിഫ, എ.എഫ്.സി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നുള്ള വിലക്കുകളായിരിക്കും ഇതില്‍ പ്രധാനം. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍, ഏഷ്യന്‍ കപ്പ്, സാഫ് ടൂര്‍ണമെന്റുകള്‍ ഇവയൊന്നും കളിക്കാന്‍ ടീമിന് സാധിക്കാതെ വരും.

ടൂര്‍ണമെന്റുകള്‍ക്കും മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കാനുള്ള അവകാശവും ഇന്ത്യയ്ക്ക് നഷ്ടപ്പെടും. അതായത് അര്‍ജന്റീനയുടെ കേരള സന്ദര്‍ശനത്തിനടക്കം വിലക്ക് വരുമെന്നര്‍ത്ഥം.