തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷത്തിൽ തന്റെ നിലപാട് പറഞ്ഞതിന് പിന്നാലെ സൈബർ ആക്രമണം നേരിട്ട സി.പി.ഐ.എം നേതാവ് എം.സ്വരാജിന് പിന്തുണയുമായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ടി.പി രാമകൃഷ്ണൻ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം. സ്വരാജ് പറഞ്ഞത് യുദ്ധത്തെ കുറിച്ചുള്ള കമ്യൂണിസ്റ്റുകാരുടെ പൊതുനിലപാടാണെന്നും അല്ലാതെ പാകിസ്ഥാന്റെ പ്രകോപനത്തോടുള്ള മറുപടിയെക്കുറിച്ചായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എം. സ്വരാജ് പറഞ്ഞത് യുദ്ധത്തെ കുറിച്ചുള്ള കമ്യൂണിസ്റ്റുകാരുടെ പൊതുനിലപാടാണ്. ഇന്ത്യയോട് പാകിസ്ഥാൻ ഇപ്പോൾ കാണിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രകോപനതോടുള്ള മറുപടിയെക്കുറിച്ചല്ല അദ്ദേഹം സംസാരിച്ചത്. അതിന് സോഷ്യൽ മീഡിയയിൽ ചിലർ അദ്ദേഹത്തെ അക്രമിക്കുന്നുണ്ട്. അത് നമ്മൾ മുമ്പും കണ്ടിട്ടുണ്ട്. ഏപ്രിൽ 22 നാണല്ലോ തീവ്രവാദികൾ പഹൽഗാമിൽ ആക്രമണം നടത്തിയത്. ആ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചിയിലെ രാമചന്ദ്രന്റെ മകൾ ഒരു കാര്യം പറഞ്ഞപ്പോഴും സോഷ്യൽ മീഡിയ അക്രമിച്ചില്ലേ?
അദ്ദേഹത്തിന്റെ മകൾ ആരതി പറഞ്ഞത് തനിക്ക് തന്റെ അച്ഛനെ നഷ്ടപ്പെട്ടു, പക്ഷെ രണ്ട് സഹോദരങ്ങളെ ലഭിച്ചു എന്നായിരുന്നു. കാശ്മീരി യുവാക്കൾ എന്റെ കുടുംബമായി എന്നായിരുന്നു ആരതി പറഞ്ഞത്. ഈ നിലപാട് അവർ പറഞ്ഞതിന് പിന്നാലെ അവർക്ക് നേരെയും ആക്രമണം ഉണ്ടായില്ലേ.
അത് പോലെ തന്നെയാണ് ഇതും കാണുന്നത്. വിഷയങ്ങളിൽ നിലപാട് എടുക്കുക എന്നത് പോലെ തന്നെ പൊതുനിലപാട് പറയുക എന്നതും പ്രധാനമാണ്,’ അദ്ദേഹം പറഞ്ഞു.
സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളവും സ്വന്തം വീട് തകരാത്തിടത്തോളവും ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്നായിരുന്നു സി.പി.ഐ.എം നേതാവ് എം.സ്വരാജ് വിമർശിച്ചത്.
നമ്മുടെ രാജ്യം ഇന്നൊരു യുദ്ധത്തിന്റെ വക്കിലാണെന്നും പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തതായി ഇപ്പോള്‍ വാര്‍ത്തയില്‍ കാണുന്നതായും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്ഥാനെന്നും നിരപരാധികളും നിസഹായരുമായ മനുഷ്യരെ കൊന്നുതള്ളുന്ന ഭീരുക്കളാണ് ഭീകരരെന്നും ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കപ്പെടേണ്ടതാണെന്നും കുറിപ്പില്‍ പറയുന്നു.
അതിര്‍ത്തിയില്‍ പാക്‌സേന ഷെല്ലാക്രമണം തുടങ്ങിയതായാണ് വാര്‍ത്തയെന്നും ഇത് ലോകത്തെ യുദ്ധഭീതിയിലാഴ്ത്തുന്നുവെന്നും സ്വരാജ് പറഞ്ഞു. യുദ്ധത്തിനു വേണ്ടി ദാഹിക്കുന്ന ചിലര്‍ നവമാധ്യമങ്ങളില്‍ മുറവിളികൂട്ടുന്നുണ്ട് ചാനലുകളില്‍ യുദ്ധപ്രചോദിതര്‍ ഉറഞ്ഞു തുള്ളുന്നുമുണ്ടെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.
യുദ്ധത്തില്‍ വിജയികളില്ലെന്നതാണു സത്യമെന്നും ഏതു യുദ്ധത്തിലും ആദ്യം തോല്‍ക്കുന്നത് സാധാരണക്കാരായ മനുഷ്യരും സ്ത്രീകളും കുഞ്ഞുങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരും കന്നുകാലികളുമെന്നല്ല പരിസ്ഥിതി തന്നെയും മുറിവേറ്റ് പിടഞ്ഞൊടുങ്ങുന്ന യുദ്ധാനുഭവങ്ങള്‍ ചരിത്രത്തിലെമ്പാടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണെന്നും കണ്ണീരും ചോരയും നിലയ്ക്കാത്ത വിലാപങ്ങളുമാണെന്നും അനാഥരും അഭയാര്‍ത്ഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിന്റെ ശേഷിപ്പുകളാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: What Swaraj said was the general stance of the communists on the war, not a response to Pakistan’s provocation: T.P. Ramakrishnan