ജര്‍മനിയെ ജപ്പാന്‍ അട്ടിമറിക്കുന്നു, ആ ജപ്പാനെ സ്‌പെയ്‌നിനോട് ഏഴ് ഗോളിന് തകര്‍ന്ന കോസ്റ്ററിക്ക തോല്‍പ്പിക്കുന്നു; ഗ്രൂപ്പ് ഇയില്‍ നടക്കുന്നതെന്ത്
Football
ജര്‍മനിയെ ജപ്പാന്‍ അട്ടിമറിക്കുന്നു, ആ ജപ്പാനെ സ്‌പെയ്‌നിനോട് ഏഴ് ഗോളിന് തകര്‍ന്ന കോസ്റ്ററിക്ക തോല്‍പ്പിക്കുന്നു; ഗ്രൂപ്പ് ഇയില്‍ നടക്കുന്നതെന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 27th November 2022, 9:07 pm

ഖത്തര്‍ ലോകകപ്പില്‍ മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഗ്രൂപ്പ് ഇ. മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയ്‌നും ജര്‍മനിയും ഏഷ്യന്‍ കരുത്തരായ ജപ്പാനും മധ്യഅമേരിക്കന്‍ രാജ്യമായ കോസ്റ്റാറിക്കയും ഉള്‍പ്പെടുന്നതാണ് ഗ്രൂപ്പ്.

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ അസാധാരണ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഗ്രൂപ്പിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ഏഴ് ഗോളിനായിരുന്നു 2010ലെ ലോക ചാമ്പ്യന്മാരായ സ്‌പെയ്ന്‍ കോസ്റ്റാറിക്കയെ തോല്‍പ്പിച്ചിരുന്നത്. 2014ലെ ചാമ്പ്യന്മാരായ ജര്‍മനിയെ ജപ്പാന്‍ അട്ടിമറിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2-1നായിരുന്നു ജപ്പാന്റെ വിജയം.

എന്നാല്‍ ഗ്രൂപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിലെത്തിയപ്പോള്‍ ജര്‍മനിയെ അട്ടിമറിച്ച ജപ്പാനെ കോസ്റ്റാറിക്ക തോല്‍പ്പിച്ചിരിക്കുകയാണ്. അവസാന നിമിഷംവരെ പൊരുതിക്കളിച്ച ജപ്പാനെതിരെ 80ാം മിനിറ്റില്‍ നേടിയ ഏക ഗോളിനാണ് കോസ്റ്ററിക്കയുടെ ആദ്യ വിജയം.

 

 

സ്പെയ്‌നിനെതിരായ നാണംകെട്ട തോല്‍വിക്കുശേഷമാണ് ടീമിന്റെ തിരിച്ചുവരവ്. 80ാം മിനിട്ടില്‍ കെയ്ഷര്‍ ഫുള്ളറിലൂടെയാണ് കോസ്റ്ററിക്കക്ക ഗാള്‍ നേടിയത്.

അതേസമയം, ഒരു വിജയവുമായി മൂന്ന് പോയിന്റുള്ള സ്‌പെയ്‌നാണ് ഈ മരണ ഗ്രൂപ്പില്‍ ഒന്നാമതുള്ളത്. ഒരു വിജയവും ഒരു തോല്‍വിയുമുള്ള ജപ്പാന്‍ രണ്ടാമതാണ്. ഇതേ പോയിന്റുള്ള കോസ്റ്റാറിക്ക ഗോള്‍ ശരാശരിയുടെ കണക്കനുസരിച്ച് മൂന്നാമതാണ്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ജര്‍മനി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.

 

രണ്ടാം റൗണ്ടിലെ സ്‌പെയ്ന്‍- ജര്‍മനി മത്സരം പൂര്‍ത്തിയാകുമ്പോള്‍ ഗ്രൂപ്പിലെ ഏകദേശ ചിത്രം തെളിയും. വിജയിച്ചാല്‍ സ്‌പെയ്ന്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കും. എന്നാല്‍ ഈ മത്സരത്തില്‍ ജര്‍മനി പരാജപ്പെട്ടാല്‍ തുടര്‍ച്ചയായ രണ്ടാം ലോകക്കപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ ലോക ചാമ്പ്യന്മാര്‍ പുറത്തുപോകും. ഞായറാഴ്ച രാത്രി 12:30നാണ് ജര്‍മനി- സ്‌പെയ്ന്‍ മത്സരം.

CONTENT HIGHLIGHT: What’s going on in Group E World cup Japan upsets Germany, and that Japan is beaten by Costa Rica, who are hammered by Spain by seven goals