'സ്വന്തം വീടിന്റെ പിന്‍വാതില്‍ കൂടുതല്‍ ഉപയോഗിക്കുന്നവന്‍ കുറ്റവാളിയായി മാറും'; ചൈനയിലെ പുനര്‍വിദ്യാഭ്യാസം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളാകുമ്പോള്‍
Opinion
'സ്വന്തം വീടിന്റെ പിന്‍വാതില്‍ കൂടുതല്‍ ഉപയോഗിക്കുന്നവന്‍ കുറ്റവാളിയായി മാറും'; ചൈനയിലെ പുനര്‍വിദ്യാഭ്യാസം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളാകുമ്പോള്‍
സജി മാര്‍ക്കോസ്‌
Monday, 2nd December 2019, 12:16 am

പുനര്‍വിദ്യാഭ്യാസം എന്ന ആശയം വ്യാപകമായി ഉപയോഗിച്ച ക്രൂരനായ ഭരണാധികാരി കംബോഡിയയിലെ പോള്‍ പോട്ട് ആയിരുന്നു. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവര്‍ രാജ്യത്തിനു കൊള്ളരുതാത്തവരാണെന്ന് അദ്ദേഹം കരുതി.

ഖമര്‍ റൂഷ് എന്ന ദേശീയവാദികളായ കമ്യൂണിസ്റ്റ് സംഘടന ജനങ്ങളെ രണ്ടു തരമാക്കി തിരിച്ചു. കൃഷിചെയ്ത് ഗ്രാമങ്ങളില്‍ ജീവിച്ചവര്‍ സാധാരണ പൗരന്മാര്‍. പട്ടണവാസികള്‍ ഉദ്യോഗസ്ഥര്‍, മുന്‍ സര്‍ക്കാര്‍ ജീവനക്കാര്‍, എഴുത്തുകാര്‍, കലാകരന്മാര്‍, ബുദ്ധിജീവികള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പുതിയ പൗരന്മാര്‍.

ജീവിച്ചിരുന്നാല്‍ നേട്ടമില്ല, മരിച്ചാല്‍ നഷ്ടവുമില്ല- ഇതായിരുന്നു പുതു പൗരന്മാരെക്കുറിച്ച് ഖമര്‍ റൂഷ് ഭരണകൂടത്തിന്റെ നിലപാട്.

പോള്‍ പോട്ട്

വിദേശ ഭാഷ അറിയാവുന്നവരും വിദ്യാഭ്യാസം നേടിയവരും ഭരണകൂടത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കപ്പെട്ടു. കണ്ണട വെച്ചവര്‍വരെ രാജ്യദ്രോഹികള്‍ ആയി കണക്കാക്കപ്പെട്ടു.

പുതിയ പൗരന്മാരെ പുനര്‍വിദ്യാഭ്യാസം ചെയ്യിപ്പിച്ച് കാര്‍ഷിക വൃത്തിക്ക് ഉതകുന്നവരാക്കി മാറ്റുക എന്നതായിരുന്നു പോള്‍ പോട്ടിന്റെ പദ്ധതി. അങ്ങിനെ രണ്ടുതരം മനുഷ്യര്‍ ഇല്ലാതെയാക്കുക, അസമത്വം ഒഴിവാക്കുക എന്നതായിരുന്നു ഖമര്‍ റൂഷ് ഭരണത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.

ഗ്രാമവും നഗരവും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗം എല്ലാവരെയും കാര്‍ഷിക വൃത്തിയിലേക്ക് തിരിച്ച് വിടുകയാണെന്ന് ഖമര്‍ റൂഷ് കരുതി.

സിനിമയും കലയും നിരോധിക്കുക എന്നിങ്ങനെയുള്ള പ്രാകൃതമായ നടപടികളിലൂടെ ഖമര്‍ റൂഷ് ജന ജീവിതം ദുസ്സഹമാക്കിത്തീര്‍ത്തു. കുട്ടികളെ വീട്ടില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. എല്ലാവര്‍ക്കും ഒരേ തരം വീടുകളും ഒരേ തരം ആഹാരവും മാത്രം.

ഒരു ഹെക്ടര്‍ നെല്‍പാടത്തുനിന്നും മൂന്ന് ടണ്‍ അരി ഉല്പാദിച്ചു നല്‍കണം എന്നതായിരുന്നു ഭരണകൂടം നിശ്ചയിച്ച ഉല്പാദന ലക്ഷ്യം. അതിന്റെ ഭാഗമായി ആളോഹരി ക്വാട്ട പ്രാദേശിക ഭരണ കൂടം നിശ്ചയിച്ചു. ക്വാട്ട തികക്കുന്നവര്‍ക്ക് മിതമായി റേഷന്‍ നല്‍കും, തികഞ്ഞില്ലെങ്കില്‍ രാത്രി 11 മണിവരെ ജോലി ചെയ്യേണ്ടിവരും.

കമ്യൂണിസ്റ്റ് ആശയങ്ങളെ ഇത്രയും വികലമായി മനസിലാക്കുകയും അശാസ്ത്രീയമായി നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്ത മറ്റൊരു ഭരണാധികാരി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

ഇപ്പോള്‍ സമാനമായ പുനര്‍വിദ്യാഭ്യാസ പദ്ധതിയുമായി ചൈന മുന്‍പോട്ടു പോകുന്നു. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിസ് എന്ന സംഘമാണ് ചൈനയിലെ പുതിയ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലെ വസ്തുതകള്‍ പുറം ലോകത്തെ അറിയിച്ചത്.

ഇപ്പോള്‍ ലോക മാധ്യമങ്ങള്‍ക്ക് ഇതൊരു ചൂടുള്ള ചര്‍ച്ചാ വിഷയമാണ്.

ചൈന പ്രധാനമായും ലക്ഷ്യം വെക്കുന്നത് പത്ത് ദശലക്ഷത്തിലധികം ജനങ്ങളുള്ള ഇസ്‌ലാമിക ന്യൂനപക്ഷമായ ഉയ്ഗറുകളെയാണ്. അവര്‍ താമസിക്കുന്ന സിന്‍ജിയാങ് പ്രവിശ്യയിലാണ് പുനര്‍വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന ആധുനിക കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഖമറൂഷില്‍ നിന്നും വ്യത്യസ്തമായി അത്യാധുനിക നിരീക്ഷണ സംവിധാനമാണ് ചൈനയിലുള്ളത്. അതിന്റെ പ്രവര്‍ത്തനങ്ങളേറെക്കുറെ അജ്ഞാതമാണ്.

ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ അപകടസാധ്യതാ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സംശയമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുന്നു. ഭാവിയില്‍ ഒരു അപകടമായി മാറിയേക്കാമെന്ന് സംശയിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഒരേ സമയം ലോക്ക് ചെയ്യാന്‍ അനുവദിക്കുന്ന ഒരു കമ്പ്യൂട്ടര്‍ മസ്തിഷ്‌കം.

സൂപ്പര്‍ കമ്പ്യൂട്ടറിന് എല്ലാം അറിയാം. ഒരാള്‍ ഏത് വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു, ആരുമായി അടുത്തിടെ ചാറ്റ് ചെയ്തു, സോഷ്യല്‍ മീഡിയയില്‍ അറിയാവുന്നവര്‍ ആരൊക്കെ, ഇന്റര്‍നെറ്റില്‍ നിന്നും എന്തൊക്കെ ഡൗണ്‍ലോഡ് ചെയ്യുന്നു, ഏത് പുസ്തകങ്ങളാണ് വായിച്ചത് എന്നിങ്ങനെ എല്ലാം എല്ലാം.

മുഖങ്ങളെയും വികാരങ്ങളെയും പോലും തിരിച്ചറിയുന്ന ദശലക്ഷക്കണക്കിന് ബുദ്ധിമാനായ (artificial intelligence) ക്യാമറകള്‍ സിന്‍ജിയാങ് പ്രവിശ്യയിലെ ജനങ്ങളുടെ എല്ലാ ചലനങ്ങളും തെരുവില്‍ റെക്കോര്‍ഡു ചെയ്യുന്നു. സൂപ്പര്‍ കമ്പ്യൂട്ടര്‍ നിരന്തരം ആ ഡാറ്റയെല്ലാം വിശകലനം ചെയ്യുകയും അറസ്റ്റു ചെയ്യപ്പെടേണ്ട ‘സംശയമുള്ള’ വ്യക്തികളുടെ നീണ്ട ലിസ്റ്റുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു.

അവരെ വിചാരണ ചെയ്യാതെ ദീഘകാലം പുനര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുവാന്‍ രണ്ടു വര്‍ഷം മുന്‍പ് ബെയിജിംഗ് ഇറക്കിയ രഹസ്യ വിജ്ഞാപനം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

എല്ലാ ഉയിഗറുകളെയും നിര്‍വീര്യമാക്കുകയെന്നതാണ് ബീജിങിന്റെ ലക്ഷ്യം, അവര്‍ അപകട സാധ്യതയുള്ളവരാണെന്ന് ഭരണകൂടം നിശ്ചയിച്ചു കഴിഞ്ഞു. ഏതാണ്ട് 34,000 ഉയിഗര്‍ വംശജര്‍ തുര്‍ക്കിയിലുണ്ട്. അവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നവര്‍ ഉടനടി അറസ്റ്റ് ചെയ്യപ്പെടും.

ഇപ്പോള്‍ സിന്‍ജിയാങ് പുനര്‍-വിദ്യഭ്യാസ കേന്ദ്രത്തിലെ അന്തേവാസികളില്‍ ഭൂരിപക്ഷവും സോഷ്യല്‍ മീഡിയ ഉപയോഗം മൂലമോ വിദേശത്തെ കുടുംബാഗങ്ങളെ ഫോണ്‍ വിളിച്ചതു മൂലമോ അറസ്റ്റ് ചെയ്യപ്പെട്ടവരാണ്.

വാറ്റ്‌സ് ആപ്പ്, വെബ് ചാറ്റ് എന്നിവ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നവരെ കുറ്റവാളി ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ചെക് പോസ്റ്റുകളില്‍ വച്ച് അവരുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് വാങ്ങിയതിനു ശേഷം ചാര ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു തിരിച്ചു നല്‍കും. പിന്നീട് ആ മൊബൈല്‍ ഉപയുക്താവിന്റെ ഒരു മെസേജ് മതി അറസ്റ്റ് ചെയ്യപ്പെടാന്‍.

ലോകമെമ്പാടുമുള്ള വീഡിയോ നിരീക്ഷണം മാപ്പ് ചെയ്യുന്ന ഗവേഷണ ഗ്രൂപ്പായ ഐ.പി.വി.എം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, സിന്‍ജിയാങ്ങിന് പുറത്തുള്ള പന്ത്രണ്ട് നഗരങ്ങള്‍ ഇതിനകം തന്നെ തെരുവിലെ ഉയിഗര്‍മാരെ തിരിച്ചറിയുന്ന ക്യാമറ സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

പുനര്‍വിദ്യാഭ്യാസ ക്യാമ്പുകളില്‍ വിചാരണയോ ചാര്‍ജോ ഇല്ലാതെ ഒരു ദശലക്ഷം ഉയ്ഗറുകള്‍ ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവിടെ അവര്‍ വളരെ കഠിനമായ ജയില്‍ ഭരണത്തിന്‍ കീഴില്‍ വര്‍ഷങ്ങളോളം താമസിക്കുന്നു. അതേസമയം കാവല്‍ക്കാര്‍ അവരുടെ ഉയ്ഗര്‍ ഐഡന്റിറ്റി ഇല്ലാതാക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്.

പുനര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ തങ്ങളുടെ മതം ത്യജിക്കണമെന്നും അവരുടെ ഭാഷ സംസാരിക്കരുതെന്നും പന്നിയിറച്ചി കഴിക്കണമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് കൂറ് പുലര്‍ത്തണമെന്നും നിര്‍ബന്ധിക്കുന്നു എന്ന് ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഉയിഗറുകള്‍ പറയുന്നു.

പുനര്‍വിദ്യാഭ്യാസ ക്ലാസുകളില്‍ കമ്മ്യൂണിസത്തിന്റെ ചരിത്രം, ചൈനീസ് പൗരത്വം, മാന്‍ഡറിന്‍ ഭാഷ എന്നിവയെക്കുറിച്ചുള്ള ‘പാഠങ്ങള്‍’ കൊണ്ട് നിറഞ്ഞിരിക്കുന്നു.

അതോടൊപ്പം വാട്ടര്‍ ബോര്‍ഡിംഗ്, സ്ട്രെസ് പൊസിഷനുകള്‍, ഉറക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കല്‍, മറ്റ് പീഡന രീതികള്‍ എന്നിവ നിത്യസംഭവങ്ങളാണെന്ന് മുന്‍ തടവുകാര്‍ പറയുന്നു.

പുനര്‍ വിദ്യാഭ്യാസത്തിനെതിരായ പ്രതിഷേധത്തില്‍നിന്ന്‌

പഠനത്തിനായി മാറ്റിവയ്ക്കുന്ന ദിവസങ്ങളില്‍ പതിനാലു മണിക്കൂര്‍ വരെയാണ് നിര്‍ബന്ധിത വിദ്യാഭ്യാസം. കഠിനമായ പരീക്ഷകള്‍, തുടര്‍ന്ന് നിര്‍ബന്ധിത തൊഴില്‍ പരിശീലനം, ക്രൂരമായ പീഡനങ്ങള്‍ എന്നിങ്ങനെ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രക്രിയയിലൂടെ പ്രതികരണശേഷിയും ചിന്താശക്തിയുമില്ലാത്ത മനുഷ്യരാക്കി മാറ്റുന്ന സംവിധാനമാണ് പുനര്‍വിദ്യാഭ്യാസ കേന്ദ്രങ്ങള്‍.

അതേസമയം, ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചൈനയും രംഗത്തെത്തി. പ്രത്യേകമായി ചിത്രീകരിച്ച വീഡിയോ ബീജിംങ് പുറത്ത് വിട്ടിട്ടുണ്ട്. അതില്‍ ചിത്രരചനയും നൃത്തപരിശീലനവും നടത്തുന്ന അന്തേവാസികളാണ് പുനര്‍വിദ്യാഭ്യാസ കേന്ദ്രത്തിലുള്ളത്.

തുര്‍ക്കി വംശജരായ ഉയ്ഗറുകള്‍ സിന്‍ജിയാങ് പ്രവിശ്യയില്‍ ഏതാണ്ട് ആയിരം കൊല്ലമായി അധിവസിക്കുന്നവരാണ്. അവരുടെ കുടുംബാംഗങ്ങള്‍ വസിക്കുന്ന തുര്‍ക്കി, കസാക്കിസ്ഥാന്‍ എന്നിവിടം സന്ദര്‍ശിച്ചവരെ ഉടനടി പുനര്‍ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് അയക്കുന്നു.

നിരീക്ഷണ ക്യാമറകള്‍ എങ്ങിനെയാണ് കുറ്റവാളി ആകാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുന്നത് എന്നും അതിന്റെ പിന്നിലെ സാങ്കേതിക സംവിധാനവും അതിനുപയോഗിക്കുന്ന അല്‍ഗോരിതവും പുറം ലോകത്തിനു അജ്ഞാതമാണ്.

ചൈന ഇതര വംശീയരുമായോ മറ്റു മതസ്ഥരുമായോ ബന്ധമുള്ളവര്‍ കുറ്റവാളികളാകാന്‍ സാധ്യതയുണ്ട് എന്ന് കമ്പ്യൂട്ടര്‍ കണ്ടു പിടിക്കുന്നു. മറ്റുള്ളവരെ പ്രാര്‍ത്ഥിക്കാന്‍ വിളിക്കുന്നവരും വിദേശത്തുള്ളവരുമായി ബന്ധപ്പെടുന്നവരും താടി വെച്ചവരും ഫോണില്‍ പ്രത്യേക ആപ്ലിക്കേഷന്‍ ഉള്ളവരും അവരുടെ വീടിന്റെ പിന്‍വാതില്‍ ശ്രദ്ധേയമായി ഉപയോഗിക്കുന്നവരെ വരെയും സൂപ്പര്‍ കമ്പ്യുട്ടര്‍ തിരിച്ചറിയുന്നു.

അതിനാല്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ കുറ്റവാളികളുടെ സാധ്യതാ പട്ടിക ഉണ്ടാക്കുന്ന ഒരു യന്ത്രം മാത്രമല്ല, മിലിട്ടറി കമാന്‍ഡ് ഘടനയിലുള്ള വിപുലമായ സൈനിക സംവിധാനമാണത്. സിന്‍ജിയാങ് പ്രവിശ്യയിലെ വിജയകരമായ പരീക്ഷണത്തിനു ശേഷം ചൈന മുഴുവനും ഇത്തരം ക്യാമറകള്‍ സ്ഥാപിക്കുന്നതിനാണ് പദ്ധതി.

Predictive policing എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനം ചൈനയില്‍ മാത്രമല്ല, ഏകാധിപത്യ സ്വഭാവമുള്ള രാജ്യങ്ങളിലേക്കും ചൈന കയറ്റി അയച്ചു തുടങ്ങി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോള്‍ കെനിയ, ഉസ്ബക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ പതിനെട്ടോളം രാജ്യങ്ങളില്‍ അവ ഉപയോഗത്തിലുണ്ട്. പാക്കിസ്ഥാനിലും ഇപ്പോള്‍ ഇത്തരം പോലീസിങ് സംവിധാനം ആരംഭിച്ചിരിക്കുന്നു. ദരിദ്രരാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് ഭീമമായ ധന സഹായം നല്‍കിയാണ് ചൈന ആര്‍ട്ടിഫിഷ്യല്‍ ഇന്റെല്ലിജന്‍സ് കയറ്റുമതി ചെയ്യുന്നത്.

സ്വകാര്യത പൂര്‍ണ്ണമായും ഇല്ലാതാക്കി ഭരണകൂടത്തെ ഭയപ്പെടുന്ന പാവകളാക്കി മനുഷ്യനെ മാറ്റുന്നതില്‍ ഈ രാജ്യങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കുന്നു. അതിനുള്ള എളുപ്പ ഉപാധിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി നിയന്ത്രിക്കുന്ന ഫേസ് റിക്കഗ്‌നെഷനും വോയിസ് റെക്കഗ്‌നീഷനുമുള്ള നിരീക്ഷണ ക്യാമറകളും അതില്‍ നിന്ന് ലഭിക്കുന്ന ഭീമമായ വിവരങ്ങള്‍ വിശകലനം ചെയ്തു കുറ്റവാളി സാധ്യതാ ലിസ്റ്റില്‍ തയ്യാറാക്കുന്ന സൂപ്പര്‍ കംപ്യുട്ടറും.

കണ്ണട വച്ചാല്‍ കമര്‍ റൂഷ് കുറ്റവാളി ആയി കരുതുമായിരുന്നു എങ്കില്‍, സിന്‍ജിയാങ്ങില്‍ സ്വന്തം വീടിന്റെ പിന്‍വാതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ വീട്ടുടയവന്‍ കുറ്റവാളി ആയി മാറും.

നമ്മുടെ നാട്ടിലും ഇതൊക്കെ എന്ന് വരും എന്ന് കാത്തിരുന്നു കാണാം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ