ദുരന്തത്തെ അവസരമായി മുതലെടുത്ത മോദി സര്‍ക്കാര്‍; ലോക്ഡൗണില്‍ കേന്ദ്രം രാജ്യത്തോട് ചെയ്തത്
Discourse
ദുരന്തത്തെ അവസരമായി മുതലെടുത്ത മോദി സര്‍ക്കാര്‍; ലോക്ഡൗണില്‍ കേന്ദ്രം രാജ്യത്തോട് ചെയ്തത്
ഷഫീഖ് താമരശ്ശേരി
Sunday, 24th May 2020, 2:46 pm

ളുകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ, സംഘം ചേരാന്‍ കഴിയാതെ എല്ലാവരും വീട്ടിലിരിക്കേണ്ടി വരുന്ന സാഹചര്യം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും പൊതുമധ്യത്തിലുള്ള അവരുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരുന്ന ഘട്ടം. സംഘടിതമായ സമരങ്ങളോ പ്രതിഷേധങ്ങളോ സാധ്യമകാത്ത കാലഘട്ടം. ഇതെല്ലാം കൂടിയാണ് ലോക്ഡൗണ്‍. രാജ്യം പൂര്‍ണമായി അടച്ചിടേണ്ടി വരുന്ന ഇത്തരമൊരു കാലത്തെ ഒരു അവസരമായി കാണുന്നവര്‍ ആരെങ്കിലും ഉണ്ടാകുമോ? ഒരു പക്ഷേ ഉണ്ടെന്ന് സംശയിക്കേണ്ടി വരും.

ലോക്ഡൗണ്‍ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധങ്ങളായ പദ്ധതികള്‍, നയപരമായ തീരുമാനങ്ങള്‍, നിയമ ഭേദഗതികള്‍, രാഷ്ട്രീയ നീക്കങ്ങള്‍, ഇവയെല്ലാം യഥാക്രമം ഒന്ന് പരിശോധിച്ചാല്‍ ചില കാര്യങ്ങള്‍ നമുക്ക് ബോധ്യമാകും. അടിയന്തരാവസ്ഥയ്ക്ക് സമാനമായ ഇത്തരമൊരു ലോക്ഡൗണ്‍ സാഹചര്യത്തിനായി ഇന്ത്യയിലെ ഭരണകൂടം കാത്തിരിക്കുകയായിരുന്നോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ലോക്ഡൗണ്‍ കാലത്തെ നരേന്ദ്രമോദി സര്‍ക്കാറിന്റെ ഓരോ നീക്കങ്ങളും. നമുക്ക് ഓരോന്നായി പരിശോധിക്കാം.

രാജ്യത്തെ അടിസ്ഥാന ജനതയുടെ ജീവിതത്തെ താറുമാറാക്കിയ ഈ ലോക്ഡൗണിനെ ഇനി എങ്ങനെയാണ് നാം നേരിടുക എന്ന ആശങ്കയില്‍ കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജുകളുടെ പ്രഖ്യാപനങ്ങള്‍ക്ക് നാം കാതോര്‍ത്തിരിക്കുമ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ ഒരു വില്‍പന പ്രഖ്യാപനം വന്നത്. കല്‍ക്കരി, ധാതുക്കള്‍, പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനം, വിമാനത്താവളങ്ങള്‍, വൈദ്യുതി വിതരണം, ബഹിരാകാശ ഗവേഷണം, ആണവോര്‍ജം, ആരോഗ്യ പരിരക്ഷ, എന്നീ മേഖലകളില്‍ സ്വകാര്യവത്കരണം നടപ്പാക്കാന്‍ പോവുകയാണെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചത്.

പൊതുമേഖലയുടെ സ്വകാര്യവത്കരണത്തിന് വേണ്ടി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഈ ലോക്ഡൗണിനെയും ഇപ്പോഴുണ്ടായിരിക്കുന്ന സാമ്പത്തിക തകര്‍ച്ചകളെയും കേവലം മറയാക്കുകയാണെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍.

രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അതാത് സ്ഥലങ്ങളില്‍ നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങളില്‍ വലിയ രീതിയിലുള്ള ഭേദഗതികള്‍ വരുത്തിയിരിക്കുകയാണ്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളാണ് നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങളില്‍ വലിയ അഴിച്ചുപണികള്‍ നടത്തിയത്. ഇവിടെയെല്ലാം നിലവിലുണ്ടായിരുന്ന എട്ട് മണിക്കൂര്‍ തൊഴില്‍ എന്ന നിയമം പുതിയ ഭേദഗതിയിലൂടെ ഇനി മുതല്‍ 12 മണിക്കൂര്‍ ആയി വര്‍ധിച്ചിരിക്കുകയാണ്.

മിനിമം വേതനം, പിരിച്ചുവിടല്‍, ഓവര്‍ടൈം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇനി മുതല്‍ തീരുമാനം കമ്പനികളുടേത് മാത്രമായിരിക്കും. കമ്പനികള്‍ നടത്തിക്കൊണ്ടിരുന്ന തൊഴിലാളി ദ്രോഹങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ സാധിക്കാത്ത തരത്തില്‍, മുഴുവന്‍ തൊഴില്‍ നിയമങ്ങളെയും അപ്രസക്തമാക്കി കോര്‍പ്പറേറ്റുകളെ ഏകാധിപതികളാക്കി മാറ്റുന്ന ഒരു സാഹചര്യത്തിനാണ് കേന്ദ്രവും ഈ സംസ്ഥാനങ്ങളും ഇവിടെ വഴി തുറന്നുകൊടുത്തിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ബഹുഭൂരിപക്ഷം തൊഴില്‍ നിയമങ്ങളും അടുത്ത മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നു. ഇതുപ്രകാരം അടുത്ത മൂന്ന് വര്‍ഷത്തേക്ക് സംസ്ഥാനത്ത് വ്യാപാര വ്യവസായ മേഖലകളില്‍ തൊഴില്‍ നിയമങ്ങളൊന്നും ബാധകമായിരിക്കില്ല.

നേരത്തെ തന്നെ രാജ്യം അനുഭവിച്ചുകൊണ്ടിരുന്ന സാമ്പത്തിക പ്രതിസന്ധികളും ഇപ്പോള്‍ നടപ്പിലാക്കപ്പെട്ട ലോക്ഡൗണുമെല്ലാം കാരണം സര്‍വവും നഷ്ടപ്പെട്ട് ദുരിതക്കയത്തിലായിരിക്കുന്ന ഇന്ത്യയിലെ തൊഴിലാളികളുടെ പരിമിതമായ അവകാശങ്ങള്‍കൂടി ഇപ്പോള്‍ കവര്‍ന്നെടുക്കപ്പെടുകയാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

അധികാരത്തില്‍ വന്ന നാളുകള്‍ മുതല്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ നയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ ചൂഷണങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന തൊഴില്‍ നിയമങ്ങളെ ഇല്ലാതാക്കാന്‍ ഈ ലോക്ഡൗണ്‍ സാഹചര്യത്തെ വിനിയോഗിക്കുകയാണെന്നാണ് ഇന്ത്യയിലെ ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നത്.

രിസ്ഥിതി ആഘാത പഠനം സംബന്ധിച്ച നിയമങ്ങളിലും അഴിച്ചുപണികള്‍ നടത്തിക്കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഈ ലോക്ഡൗണിനിടയിലും വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നു. ഇത് ഫലത്തില്‍ വരുന്നതോടുകൂടി നിലവിലുണ്ടായിരുന്ന പാരിസ്ഥിതികാഘാത പഠന നിയമം അപ്രസക്തമാകും.

വ്യാവസായികവും അല്ലാത്തതുമായ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് പദ്ധതി പ്രദേശത്തെ സംബന്ധിച്ച പരിസ്ഥിതി പഠനം നിര്‍ബന്ധമാക്കുന്ന നിയമത്തിലെ നിബന്ധനകള്‍ ദുര്‍ബലമാക്കുന്നതാണ് നിലവിലെ ഭേദഗതി. ദേശീയ ഹരിത ട്രിബ്യൂണലിന്റെയും വിവിധ കോടതികളുടെയും സുപ്രധാനമായ ഒട്ടേറെ വിധിതീര്‍പ്പുകളെ മറികടക്കുന്നതാണ് ഈ വിജ്ഞാപനം.

ഇന്ത്യയിലെ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന ഒന്നായിട്ടായിരുന്നു പരിസ്ഥിതി നിയമങ്ങളെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ പരിസ്ഥിതി നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നതും പതിയെ ഇല്ലാതാക്കണമെന്നതും രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. അതാണ് കേന്ദ്രമിപ്പോള്‍ നടപ്പാക്കി കൊടുത്തിരിക്കുന്നത്.

ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കാലത്ത് തന്നെ ഒന്നര ലക്ഷം ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതിയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നെങ്കിലും ദേശീയ ഹരിത ട്രിബ്യൂണല്‍ ഇത് റദ്ദാക്കുകയായിരുന്നു. ഇപ്പോഴിതാ കൊവിഡിന്റെ സാഹചര്യത്തില്‍ വീണ്ടും ഇളവുകളുമായി കേന്ദ്രം രംഗത്ത് വന്നിരിക്കുകയാണ്.

റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട് ഏപ്രില്‍ മാസത്തില്‍ പുറത്തുവന്ന മറ്റൊരു വിവരവും ഏറെ നിര്‍ണായകമായതാണ്. കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യത്തിന്റെ സമ്പത്ത് തട്ടിയെടുത്ത വന്‍കിട കമ്പനികളുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളിയതായുള്ള റിസര്‍വ് ബാങ്കിന്റെ വെളിപ്പെടുത്തലാണ് പുറത്തുവന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 15000 കോടിയുടെ വായ്പയെടുത്ത് മുങ്ങിയ മെഹുല്‍ ചോക്‌സി, യൂകോ ബാങ്കിന്റെ നേതൃത്വത്തിലുള്ള 14 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3871 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയതിന് സി.ബി.ഐ അന്വേഷണം നേരിടുന്ന സഞ്ജയ്, സന്ദീപ് ഝുന്‍ഝുന്‍വാലമാര്‍, വിവിധ ബാങ്കുകളിലായി 9000 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ മദ്യവ്യാപാരി വിജയ് മല്യ, കോടികളുടെ ബിസിനസ് തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണത്തിലുള്ള ജിതിന്‍ മേത്ത, സന്യാസി വ്യവസായി ബാബ രാംദേവ് തുടങ്ങിയവരുടെയെല്ലാം പേരിലുള്ള 50 കമ്പനികളുടെ കുടിശ്ശികകളാണ് റിസര്‍വ് ബാങ്ക് എഴുതിത്തള്ളിയത്.

ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കേവലം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കശ്മീരിലും സര്‍ക്കാര്‍ ഒരു നിയമഭേദഗതി കൊണ്ടുവന്നിരുന്നു. മാര്‍ച്ച് 31 ന് അര്‍ധരാത്രിയോടെ ഇറങ്ങിയ ഒരു ഉത്തരവിലൂടെ ജമ്മു കാശ്മീരില്‍ നടപ്പാക്കിയ ഡൊമിസൈല്‍ നിയമം ആയിരുന്നു അത്. ജമ്മു-കശ്മീരിലെ സ്ഥിരവാസികള്‍ ആരെന്ന മാനദണ്ഡങ്ങളെ പുതുക്കിക്കൊണ്ടായിരുന്നു ഈ ഭേദഗതി. പുതിയ നിയമ പ്രകാരം പതിനഞ്ച് വര്‍ഷം കശ്മീരില്‍ താമസിച്ചവരെയും അവിടെ വെച്ച് പത്താം ക്ലാസോ പ്ലസ് ടു പരീക്ഷയോ പാസ്സായവരെയുമെല്ലാം കശീമീരികളായി കണക്കാക്കാം. ഇതുപ്രകാരം നിലവില്‍ കശ്മീരിലുള്ള കേന്ദ്ര ഉദ്യോഗസ്ഥര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും ഉള്ളവര്‍, കേന്ദ്ര സര്‍വകലാശാലകളിലും ഗവേഷണസ്ഥാപനങ്ങളിലുമുള്ളവര്‍, ഇവരുടെയെല്ലാം കുടുംബം തുടങ്ങിയവരില്‍ ബഹുഭൂരിപക്ഷത്തിനും നിയമപരമായി കശ്മീരികളായി മാറാം.

ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ മേഖലയായ കശ്മീരിന്റെ ജനസംഖ്യാനുപാതത്തെ മാറ്റിമറിക്കാനുള്ള സംഘപരിവാര്‍ തന്ത്രമാണിതെന്നതാണ് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍.

ന്ത്യയിലെ മാധ്യമങ്ങളെ തങ്ങളുടെ വരുതിയിലാക്കാനും ഈ ലോക്ഡൗണ്‍ കാലത്ത് കേന്ദ്രസര്‍ക്കാര്‍ വലിയ രീതിയിലുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. മാര്‍ച്ച് 24 ന് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ആറുമണിക്കൂര്‍ മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ 20 പ്രമുഖ മാധ്യമ ഉടമകളെയും പത്രാധിപന്‍മാരെയും വിളിച്ചുചേര്‍ത്തിരുന്നു. ജനങ്ങള്‍ക്കും സര്‍ക്കാറിനും ഇടയിലുള്ള പാലമാവണമെന്നും നല്ല വാര്‍ത്തകള്‍ മാത്രം കൊടുക്കണമെന്നുമായിരുന്നു മോദി മാധ്യമതലവന്‍മാരോട് ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാറിന്റെ ഭാഷ്യം മാത്രം റിപ്പോര്‍ട്ട് ചെയ്യിക്കാന്‍ സുപ്രീം കോടതി വഴിയും ശ്രമങ്ങള്‍ നടത്തി.

മോദിയുടെ ഈ താത്പര്യങ്ങള്‍ക്ക് പുറത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടാന്‍ ലോക്ഡൗണിലും ബി.ജെ.പി ഭരണകൂടം മടി കാണിച്ചില്ല.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലോക് ഡൗണ്‍ കാലത്ത് അകലം പാലിക്കല്‍ ചട്ടം ലംഘിച്ച കാര്യം ചൂണ്ടിക്കാട്ടിയതിന് ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ കേസ്സെടുക്കുകയുണ്ടായി. അയോധ്യയില്‍ നിന്നും ഡല്‍ഹിയിലെത്തിയ എട്ടംഗ പൊലീസ് സംഘം സിദ്ധാര്‍ത്ഥ് വരദരാജന്റെ വീട്ടിലെത്തി ഉടന്‍ അയോധ്യ പൊലീസിന് മുന്നില്‍ ഹാജരാകണമെന്ന നോട്ടീസ് നല്‍കുകയായിരുന്നു.

ലോക്ഡൗണില്‍ പണമില്ലാതെ വലഞ്ഞവരെക്കുറിച്ചും അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ എത്തിക്കേണ്ടതിനെക്കുറിച്ചും ചര്‍ച്ച സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ബംഗളൂരുവിലെ പബ്‌ളിക് ടി.വിക്കെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടായത്.

ഫലപ്രദമല്ലാത്തതും രോഗവ്യാപനത്തിന് സാധ്യതയുള്ളതുമായ ക്വാറന്റൈന്‍ രീതി ട്വിറ്റര്‍ വഴി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെയാണ് ആന്റമാനില്‍ പത്രപ്രവര്‍ത്തകനായ സുബൈര്‍ അഹമ്മദിന് നേരെ കേസ്സെടുക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ഉത്തര്‍പ്രദേശിലെ സിതാപൂര്‍ ജില്ലയിലുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലെ വീഴ്ചകളും പോരായ്മകളും റിപ്പോര്‍ട്ട് ചെയ്തതിന് ടുഡേ 24 ന്യൂസ് പോര്‍ട്ടലിലെ മാധ്യമപ്രവര്‍ത്തകന്‍ രവീന്ദ്ര സക്സേനക്കെതിരെയും പൊലീസ് കേസ്സെടുത്തു. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണം പഴകിയതാണെന്ന് ഒരു അന്തേവാസി പരാതിപ്പെടുന്ന വീഡിയോ റിപ്പോര്‍ട്ട് ചെയ്തതിനാണ് തനിക്കെതിരെ ഈ നടപടിയുണ്ടായതെന്ന് അദ്ദേഹം പ്രതികരിക്കുകയുണ്ടായി.

കശ്മരീല്‍ ഫോട്ടോ ജേണലിസ്റ്റായ മസ്‌റത്ത് സഹ്‌റ, പീര്‍സാദ ആഷിഖ്, ഗൗഹാര്‍ ഗീലാനി എന്നിവര്‍ക്ക് നേരെ കേസ്സെടുത്തതും ഈ ലോക്ഡൗണ്‍ സമയത്താണ്.

യുവാക്കളെ സ്വാധീനിക്കാനായി ദേശവിരുദ്ധമായ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുകയും ചെയ്തു എന്നാരോപിച്ചാണ് മസ്‌റത്ത് സഹ്‌റയ്ക്ക് നേരെ യു.എ.പി.എ ചുമത്തിയത്. വര്‍ഷങ്ങളായി ഭരണകൂട അടിച്ചമര്‍ത്തല്‍ നേരിടുന്ന കശ്മീരിലെ സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട് മസ്‌റത്ത് സഹ്‌റ പകര്‍ത്തുകയും ബി.ബി.സി, അല്‍ജസീറ, വാഷിങ്ടണ്‍ പോസ്റ്റ് എന്നിവ ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ചിത്രങ്ങളാണ് യു.എ.പി.എയ്ക്ക് കാരണമായതെന്നാണ് യാഥാര്‍ത്ഥ്യം.

കശ്മീരിലെ ബാരാമുള്ളയില്‍ അജ്ഞാത തീവ്രവാദികളുടേതെന്ന നിലയില്‍ സംസ്‌കരിച്ച മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിയുകയും മൃതദേഹം പുറത്തെടുത്ത് സംസ്‌കരിക്കാന്‍ അധികൃതരുടെ അനുമതി വാങ്ങുകയും ചെയ്തുവെന്ന ‘ദ ഹിന്ദു’ വില്‍ പ്രസിദ്ധീകരിച്ച പീര്‍സാദ ആഷിഖിന്റെ റിപ്പോര്‍ട്ടാണ് അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്. അതേ സമയം മസ്‌റത്ത് സഹ്‌റയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചതിനാണ് ഗൗഹര്‍ ഗീലാനിയെ പൊലീസ് പിടികൂടിയത്.

കൊവിഡ് വ്യാപനത്തിനുള്ള സാധ്യത കാരണം രാജ്യത്തെ വിചാരണ തടവുകാരില്‍ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളവരെയെല്ലാം ജാമ്യവ്യവസ്ഥയില്‍ വിട്ടയക്കണമെന്ന കോടതി നിര്‍ദേശം വന്നതിന് ശേഷവും തങ്ങളുടെ ശത്രുക്കളെയെല്ലാം തിരഞ്ഞുപിടിച്ച് ജയിലടയ്ക്കാന്‍ തിരക്ക് കാണിക്കുകയായിരുന്നു കേന്ദ്രം.

കേന്ദ്രസര്‍ക്കാറിന്റെ താത്പര്യങ്ങള്‍ക്കും രാഷ്ട്രീയത്തിനും വിരുദ്ധപക്ഷത്ത് നില്‍ക്കുന്നവരെ ഓരോരുത്തരെയായി അറസ്റ്റുകള്‍ കൊണ്ടും കേസ്സുകള്‍ കൊണ്ടും വേട്ടായാടിക്കൊണ്ടിരുന്ന ഒരു കാലംകൂടിയായിരുന്നു ഈ ലോക് ഡൗണ്‍.

ഭീമ കോറേഗാവ് സംഭവവുമായി ബന്ധപ്പെട്ട കേസ്സില്‍ സംശയത്തിന്റെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ട ഇന്ത്യയിലെ പ്രമുഖ അക്കാദമിസ്റ്റും ദളിത് മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ ആനന്ദ് തെല്‍തുംദെയെയും പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖയെയും കേന്ദ്രഭരണകൂടം ഈ സമയത്ത് ജയിലിലേക്കയച്ചു.

രാമായണത്തെയും മഹാഭാരതത്തെയും അപമാനിച്ചുകൊണ്ട് മതവികാരം വ്രണപ്പെടുന്ന തരത്തില്‍ ട്വീറ്റ് ചെയ്തു എന്നാരോപിച്ച് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് നേരെ കേസ്സെടുത്തു.

സര്‍ക്കാര്‍ ഉത്തരവുകള്‍ ഉപയോഗിച്ച് സോഷ്യല്‍മീഡിയ വഴി ആളുകളെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന് നേരെ കേസ്സെടുത്തു.

ഇവിടെയൊന്നും തീര്‍ന്നില്ല. സമീപകാലത്ത് കേന്ദ്രസര്‍ക്കാറിന് രാഷ്ട്രീയപരമായി വലിയ പരിക്കുകള്‍ സമ്മാനിച്ച പൗരത്വഭേദഗതി നിയമ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ ഓരോരുത്തരെയായി കേന്ദ്രം ഈ ലോക്ഡൗണില്‍ വേട്ടയാടി.

അലിഗഡ് സര്‍വകലാശാലയിലെ പൗരത്വ സമരത്തില്‍ സംസാരിച്ച ഡോ. കഫീല്‍ ഖാനെ ഭീകരനിയമം ചുമത്തി ജയിലിലടച്ചു.


ഡല്‍ഹിയിലെ അമരാവതിയില്‍ പ്രസംഗിച്ചതിന് ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിന് നേരെ യു.എ.പി.എ ചുമത്തി.

ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ശിഫാഉര്‍ റഹ്മാന്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ തുടങ്ങി നിരവധി പേരെ യു.എ.പി.എ അടക്കമുള്ള ഭീകരനിയമങ്ങള്‍ ചുമത്തി ജയിലിലടച്ചു. മറ്റനേകം വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ പൊലീസിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസയയ്ക്കുകയും ചെയ്തു.

ഷാഹീന്‍ബാഗ് മാതൃകയില്‍ ഡല്‍ഹിയിലെ ജാഫറാബാദില്‍ പൗരത്വ സമരത്തിന് സ്ത്രീകളെ നയിച്ചതിന് പിഞ്ച്‌ര തോഡ് എന്ന സ്ത്രീപക്ഷ സംഘടനയിലെ ഗുല്‍ഷിഫാന്‍, സുഹാസിനി, ദേവാംഗന, കവിത, തരോമ റാവു, നടാഷ എന്നിവരുടെയെല്ലാം പേരില്‍ കേസ്സെടുത്തു. ഇതില്‍ മുസ്ലിം നാമധാരിയായ ഗുല്‍ഷിഫാനെ മാത്രം യു.എ.പി.എ ചുമത്തി ജയിലിലടയ്ക്കുകയും ചെയ്തു.

പൗരത്വ സമരത്തിന്റെ പേരില്‍ നേരത്തെ തന്നെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന യുനൈറ്റഡ് എഗയിന്‍സ്റ്റ് ഹേറ്റിന്റെ പ്രവര്‍ത്തകനും മുന്‍ ആം ആദ്മി പാര്‍ട്ടിക്കാരനുമായ ഖാലിദ് സൈഫി, കോണ്‍ഗ്രസിന്റെ വനിത നേതാവ് ഇശ്രത് ജഹാന്‍, ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം തുടങ്ങിയവരെയും ജാമ്യം നിഷേധിച്ച് ജയിലില്‍ തന്നെ തളയ്ക്കുകയായിരുന്നു.

ഇവിടെയും തീര്‍ന്നില്ല. ഡല്‍ഹി വംശീയാക്രമണത്തിന്റെ സമയത്ത് വടക്കുകിഴക്കന്‍ ദല്‍ഹിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നടന്നിട്ടുള്ള നിരവധി അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അനേകം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഇതില്‍ മുസ്ലിങ്ങള്‍ പ്രതികളാക്കപ്പെട്ട കേസ്സുകളില്‍ മാത്രം കൂട്ടമായ അറസ്റ്റാണ് ലോക് ഡൗണ്‍ ദിനങ്ങളില്‍ ഡല്‍ഹി പൊലീസ് നടത്തിയത്. ചാന്ദ്ബാഗില്‍ നിന്നും മുസ്തഫബാദില്‍ നിന്നുമെല്ലാമായി സ്ത്രീകളടക്കം നിരവധി മുസ്‌ലിങ്ങള്‍ ലോക്ഡൗണ്‍ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ലോക്ഡൗണ്‍ കാലത്തെ കേന്ദ്ര സര്‍ക്കാറിന്റെ മുസ്ലിം വേട്ട സാധാരണക്കാര്‍ക്ക് നേരെ മാത്രമല്ല എന്ന് തെളിയിക്കുന്നതായിരുന്നു ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ സഫറുല്‍ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്സെടുക്കുകയും അദ്ദേഹത്തിന്റെ വീട്ടില്‍ റെയിഡ് നടത്തുകയും ചെയ്ത സംഭവം.

ദല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്കെതിരായി നടന്ന വംശീയ ആക്രമണങ്ങളുടെയും കൊവിഡ് 19 നുമായി ബന്ധപ്പെട്ട തബ്ലീഗ് വേട്ടയുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയ്ക്കെതിരെ അറബ് രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തതിനാണ് സഫറുല്‍ ഇസ്‌ലാം ഖാനെതിരെ ദല്‍ഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്സെടുത്തത്.

രാജ്യത്തെ അറിയപ്പെടുന്ന പണ്ഡിതനും ബുദ്ധിജീവിയുമായ സഫറുല്‍ ഇസ്‌ലാം ഖാന്‍ ഇന്ത്യന്‍ മുസ്ലിങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലോകമാസകലമുള്ള ചര്‍ച്ചകളിലും സെമിനാറുകളിലുമെല്ലാം സ്ഥിര സാന്നിധ്യമാണ്. 50 ലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവും. സമീപകാലത്തായി ദല്‍ഹി സര്‍ക്കാറിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും മുസ്ലിംവിരുദ്ധ നിലപാടുകളോട് തുറന്ന എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് സഫറുല്‍ ഇസ്‌ലാം ഖാന്‍ സര്‍ക്കാറിന്റെ നോട്ടപ്പുള്ളിയായി മാറിയത്.

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ വലിയ അടിച്ചമര്‍ത്തലുകള്‍ അഴിച്ചുവിട്ട കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ അദ്ദേഹം രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്. ഫെബ്രുവരി അവസാനവാരം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തെ വംശീയാക്രമണം എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ഒരു സോഷ്യല്‍മീഡിയ ട്വീറ്റിന്റെ പേരില്‍ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കേസ്സെടുത്തത്.

ധികാരത്തിലേറിയ നാള്‍ മുതല്‍ രാജ്യത്തെ പൗരന്മാരെ ഭരണകൂടത്തിന്റെ നിരന്തര നിരീക്ഷണത്തിന് കീഴിലാക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയിരുന്നു. ഇപ്പോള്‍ കൊവിഡ് വ്യാപനം തടയുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന ആരോഗ്യ സേതു ആപ്പ് ഇത്തരം സര്‍വൈലന്‍സിലേക്കുള്ള അപകടകരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യസേതു ആപ്പ് എല്ലാ സര്‍ക്കാര്‍ – സ്വകാര്യ ജീവനക്കാരും നിയന്ത്രണമേഖയില്‍ ഉള്ളവരും നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തന്നെ വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായാണ് കണക്കാക്കപ്പെടുന്നത്.

ജി.പി.എസ് സ്ഥാനം മുതല്‍ ഉപയോക്താവിന്റെ ഇന്റര്‍നെറ്റ് വിവരങ്ങള്‍, മൊബൈല്‍ ഉള്ളടക്കങ്ങള്‍ തുടങ്ങി 9 തരം വിവരങ്ങള്‍ നിരീക്ഷിക്കാനും ഉപയോഗിക്കാനും കേന്ദ്രത്തിന് അനുമതി നല്‍കിക്കൊണ്ട് മാത്രമേ ആരോഗ്യസേതു ഡൗണ്‍ലോഡ് ചെയ്യാനാകൂ എന്നത് ഈ ആപ്പ് സര്‍ക്കാരിന്റെ നിരീക്ഷണോപാധി മാത്രമാണെന്ന് വെളിവാക്കിയിരിക്കുകയാണ്.

മാത്രമല്ല ആരോഗ്യസേതു ആപ്പ് വഴി ഇപ്പറഞ്ഞതല്ലാതെ പൗരന്മാരുടെ എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നത്, അവ സുരക്ഷിതമാണോ, ആപ്പിന്റെ സ്വകാര്യത നയത്തിലെ പാളിച്ചകള്‍ എന്നീ ചോദ്യങ്ങള്‍ക്കൊന്നും കേന്ദ്രം ഇതുവരെയും കൃത്യമായ മറുപടി നല്‍കിയിട്ടുമില്ല. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്കും കൃത്യമായ ഇടവേളകളില്‍ വിവരങ്ങള്‍ പുതുക്കി നല്‍കാത്തവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കൂടി ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

ഇതുകൂടാതെ എത്തിക്കല്‍ ഹാക്കറായ എലിയറ്റ് ആല്‍ഡേഴ്സണ്‍ ആപ്പിലെ അപാകതകളെക്കുറിച്ചും ഇത് ഡാറ്റ ചോര്‍ച്ചയിലേക്ക് നയിക്കുമെന്നും തെളിയിച്ചിരുന്നു. പക്ഷെ ആപ്പിന് യാതൊരു പ്രശ്നവുമില്ലെന്ന് പ്രസ്താവനയിറക്കുക മാത്രമായിരുന്നു കേന്ദ്രത്തിന്റെ മറുപടി. രാജ്യത്തെ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് രാഷ്ട്രീയനേട്ടങ്ങള്‍ക്കായി വിനിയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്കായി കൊവിഡ് മഹാമാരിയുടെ സാഹചര്യത്തെ ദുര്‍വിനിയോഗം ചെയ്യുകയാണെന്ന ആരോപണങ്ങള്‍ ശക്തമാണ്.

കൊവിഡ് കാലത്ത് കേന്ദ്രം കൈക്കൊണ്ട ഏറെ സുപ്രധാനമായ ഒരു തീരുമാനമായിരുന്നു പ്രധാനമന്ത്രിയുടെ പേരില്‍ പി.എം കെയര്‍ എന്ന ഒരു പുതിയ ദുരിതാശ്വാസ ഫണ്ട് രൂപീകരിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ തന്നെ പ്രധാനമന്ത്രിയുടെ പേരില്‍ ഒരു ദുരിതാശ്വാസ ഫണ്ട് രാജ്യത്ത് നിലവിലുണ്ടായിരുന്നു. അതിന്റെ വരവ് ചിലവ് കണക്കുകള്‍ പരിശോധിക്കുന്നത് കണ്‍ട്രോളര്‍ ഓഡിറ്റര്‍ ജനറല്‍ എന്ന ഭരണഘടനാ സ്ഥാപനവുമാണ്. എന്നാല്‍ പുതിയ ഫണ്ട് നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ്. ഇതിലെ അംഗങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നതാകട്ടെ പ്രധാനമന്ത്രി നേരിട്ട് തന്നെയും. ട്രസ്റ്റിന്റെ നിയമാവലി പ്രകാരം അതിന് ഇഷ്ടമുള്ള ഓഡിറ്ററെ കൊണ്ട് വരവ് ചിലവ് കണക്കുകള്‍ പരിശോധിപ്പിക്കാം. ചുരുക്കത്തില്‍ ഈ ഫണ്ടിലെത്തുന്ന പണം ഒരുവിധ ബാഹ്യ നിയന്ത്രണവും കൂടാതെ പ്രധാനമന്ത്രിക്ക് യഥേഷ്ടം ചിലവഴിക്കാനാകും.

കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി വന്‍കിട കമ്പനികള്‍ അവരുടെ വാര്‍ഷിക വരുമാനത്തിന്റെ ഒരു ഭാഗം സാമൂഹ്യ സേവനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നുണ്ട്. ഈ പണം പി.എം കെയറിലേക്ക് നല്‍കുന്നത് വഴി ഇത് നിര്‍വഹിക്കാമെന്ന ഉത്തരവുകൂടി കേന്ദ്രം ഇറക്കിയതോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കോടികളാണ് പ്രധാനമന്ത്രിയുടെ പുതിയ അക്കൗണ്ടിലേക്കെത്തിയത്. അതെ സമയം സംസ്ഥാനമുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായുള്ള പണം നല്‍കാന്‍ കഴിയില്ല എന്നും കേന്ദ്രം ഉത്തരവിറക്കിയിരുന്നു.

രാജ്യം മുഴുവന്‍ കൊവിഡ് വ്യാപിക്കുമ്പോള്‍ ഓരോ സംസ്ഥാനത്തിന്റെയും ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ നടത്തിവരേണ്ടത് ന്യായമായും അതാത് സംസ്ഥാനങ്ങള്‍ തന്നെയാണ്. എന്നാല്‍ ഈ ഘട്ടത്തിലും സുരക്ഷാ സംവിധാനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതുമെല്ലാം തങ്ങള്‍ ചെയ്തുകൊള്ളാമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് പറഞ്ഞത്. രോഗികളെ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമൊക്കെയുള്ള ഉത്തരവാദിത്വം സംസ്ഥാനസര്‍ക്കാറുകള്‍ക്കായിരിക്കെ സുരക്ഷാ ഉപകരണങ്ങള്‍ സംസ്ഥാനങ്ങളോട് നേരിട്ട് വാങ്ങരുതെന്നും അത് കേന്ദ്രം വിതരണം ചെയ്യുമെന്നും പറയുന്നത് ഇന്ത്യയുടെ ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് നേരെയുള്ള കടന്നുകയറ്റമായാണ് വിമര്‍ശനങ്ങള്‍ വന്നത്. സംസ്ഥാനങ്ങള്‍ക്ക് സവിശേഷ അധികാരങ്ങള്‍ നല്‍കിവരുന്ന ഇന്ത്യയുടെ ഫെഡറലിസത്തെ തകര്‍ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ കാലങ്ങളായി നടത്തിവരുന്ന ശ്രമം ഈ ലോക്ഡൗണ്‍ ഘട്ടത്തിലും തുടര്‍ന്നു എന്നാണ് വിലയിരുത്തലുകള്‍.

ലോക്ഡൗണ്‍ കാരണം തകരാറിലായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുകെട്ടാനെന്ന പേരില്‍ എം.പി മാരുടെ പ്രാദേശിക വികസന ഫണ്ടും കേന്ദ്രം ഇല്ലാതാക്കി. എഴുന്നൂറിലധികം വരുന്ന രാജ്യത്തെ എം.പി മാരില്‍ വലിയൊരു ശതമാനം ബി.ജെ.പി ക്ക് പുറത്തുള്ള രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നാണ്. ഈ പ്രതിസന്ധിക്കാലത്ത് ഓരോ എം.പി മാര്‍ക്കും അവരുടെ മണ്ഡലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സവിശേഷമായി ചെലവഴിക്കാമായിരുന്ന ഈ ഫണ്ട് ഇല്ലാതാക്കി അത് കേന്ദ്രത്തിന്റെ അക്കൗണ്ടിലേക്ക് കൊണ്ടുവരുന്നതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് സഹായങ്ങളെല്ലാം ചെയ്തുവരുന്നത് ബി.ജെ.പിയും നരേന്ദ്രമോദി സര്‍ക്കാറുമാണെന്ന് വരുത്തിതത്തീര്‍ക്കാനാണ് ഈ ശ്രമമെന്നാണ് പ്രതിപക്ഷം ഉന്നയിച്ചത്. അധികാര കേന്ദ്രീകരണമാണ് ഇവിടെ ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നു.

ന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ സാമ്പത്തിക സഹായത്തിലും വലിയ രീതിയിലുള്ള രാഷ്ട്രീയ പക്ഷപാതിത്വമായിരുന്നു നടത്തിയിരുന്നത്. അന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുണ്ടായിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും മഹാരാഷ്ട്രയ്ക്ക് 1611 കോടി, ഉത്തര്‍ പ്രദേശിന് 996 കോടി, ഒഡീഷയ്ക്ക് 802 കോടി, രാജസ്ഥാന് 740 കോടി എന്നിങ്ങനെ തുക അനുവദിച്ചപ്പോള്‍ കേരളത്തിന് നല്‍കിയത് വെറും 157 കോടി രൂപ മാത്രമായിരുന്നു.

കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്നവര്‍ക്ക് കാണാനായി ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ പുനഃസംപ്രേഷണം ആരംഭിച്ചതും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യയിലെ ജനസാമാന്യത്തിനിടയില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന് വലിയ അടിത്തറ രൂപപ്പെട്ടുവന്നതില്‍ രാമായണം സീരിയല്‍ വഹിച്ച പങ്കിനെക്കുറിച്ച് ഗവേഷണ റിപ്പോര്‍ട്ടുകള്‍ പോലും പുറത്തുവന്നിട്ടുള്ളതാണ്. ഇന്ത്യന്‍ മതേതരത്വത്തിന് എക്കാലവും അപമാനമായ ബാബരിമസ്ജിദ് ധ്വംസനത്തിന് വരെ കാരണമായെന്ന് വിലയിരുത്തലുകളുള്ള ഇത്തരമൊരു സീരിയലിനെ ഈ പ്രതിസന്ധിക്കാലത്തും ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചതും രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നാണ് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍.

കൊവിഡ് പ്രതിരോധത്തിനായി രാജ്യത്തിന്റെ ആരോഗ്യരംഗവും ശാസ്ത്രസാങ്കേതിക സന്നാഹങ്ങളും സജീവമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നതിനിടയിലും കേന്ദ്രം മുന്നോട്ടുവെച്ച ഒരു ആവശ്യം ഏറെ പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിട്ടിരുന്നു. സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ള അതുല്യ ഗംഗ എന്ന ഒരു എന്‍.ജി.ഒ മുന്നോട്ടുവെച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗംഗാജലത്തെ കൊവിഡിനുള്ള മരുന്നായി പരീക്ഷണം നടത്തണമെന്ന് കേന്ദ്ര ജലവിഭവ മന്ത്രാലയം ഐ.സി.എം.ആറിനെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്കായി പാഴാക്കാന്‍ തങ്ങള്‍ക്ക് സമയമില്ല എന്നാണ് ഐ.സി.എം.ആര്‍ കേന്ദ്രത്തോട് പ്രതികരിച്ചത്.

ലോക്ഡൗണിന് മറവില്‍ കേന്ദ്രം അവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ ഇവിടെയൊന്നും തീരുന്നില്ല. രാജ്യമിപ്പോള്‍ ഒരു വലിയ ആരോഗ്യ അടിയന്തിരാവസ്ഥയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനിടയിലൂടെ ഒരു രാഷ്ട്രീയ അടിയന്തിരാവസ്ഥയുടെ സാഹചര്യങ്ങളെ രൂപപ്പെടുത്തി തങ്ങളുടെ അജണ്ട ള്‍ നടപ്പിലാക്കാനാണ് ഈ പ്രതിസന്ധിക്കാലത്തും നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നത് ഇക്കാര്യങ്ങളില്‍ നിന്നെല്ലാം വ്യക്തമാവുകയാണ്. സര്‍ക്കാറിന്റെ തെറ്റായ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാനോ തെരുവിലിറങ്ങാനോ സമരം ചെയ്യാനോ ജനങ്ങള്‍ക്ക് സാധ്യമല്ലാത്ത ഒരു സാഹചര്യത്തെ മുതലെടുത്തുകൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുകയാണ് കേന്ദ്രമെന്ന് രാജ്യമെമ്പാടും വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക