കോഴിക്കോട്: കേരളത്തിൽ ജാതി സെൻസസ് നടത്തുന്നതിന് തടസമെന്താണെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ. ഇന്ത്യ മുന്നണി ജാതി സെൻസസിന് അനുകൂലമാണെന്നും കോൺഗ്രസും സി.പി.ഐ.എമ്മും ജാതി സെൻസസിനെ വേണമെന്ന് പറയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയും ആർ.എസ്.എസും തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അനുകൂലിച്ചെന്നും എന്നിട്ടും കേരളത്തിൽ ജാതി സെൻസസ് വൈകുന്നതെന്തുകൊണ്ടെന്നും സത്താർ പന്തല്ലൂർ ചോദിച്ചു.
കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും തെലങ്കാനയിലും ജാർഖണ്ഡിലും ജാതി സെൻസസ് നടത്തുന്നുണ്ട്. ജാതി സെൻസസ് നടത്താൻ സുപ്രീം കോടതിയും കേന്ദ്ര സർക്കാരും സംസ്ഥാനങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ട്. അതുകൊണ്ട് കേന്ദ്രമാണ് സെൻസസ് നടത്തേണ്ടതെന്ന് പറഞ്ഞ് മാറിനിൽക്കാൻ കഴിയില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.
സീതാറാം യെച്ചൂരി സി.പി.ഐ.എം ജനറൽ സെക്രട്ടറി ആയിരിക്കെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പാർട്ടി തന്നെ ജാതി സെൻസസ് നടപ്പാക്കണമെന്ന് പറയുന്നുണ്ടെന്ന് പന്തല്ലൂർ പറഞ്ഞു.
പാർലമെന്റ് മുന്നോക്ക സംവരണം പാസാക്കിയപ്പോൾ സ്ഥിതി വിവരകണക്ക് പോലും ശേഖരിക്കാതെ അത് നടപ്പാക്കിയ സംസ്ഥാനമാണ് ഇടതുപക്ഷ കേരളം. എന്നാൽ പിന്നോക്ക വിഭാഗക്കാരുടെ കാര്യത്തിൽ ഈ ആവേശം സർക്കാർ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ന്യൂനപക്ഷങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും അനർഹമായി പലതും നേടുന്നുവെന്നാണല്ലോ വെള്ളാപ്പള്ളി മുതല്‍ കാസക്കാർ വരെ പറയുന്നത്. അങ്ങനെയെങ്കില്‍ അത് കണ്ടത്താനുള്ള അവസരവുമാകുമിത്. അനർഹമായി നേടിയിട്ടുണ്ടെങ്കിൽ സംവരണത്തിലും ആവശ്യമായ പുനക്രമീകരണം നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയല്ലേ,’ സത്താർ പന്തല്ലൂർ ചോദിച്ചു.
സംസ്ഥാനത്തെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതി വിവരങ്ങൾ പരിശോധിക്കുന്നതിൽ സർക്കാരിനെ തടയുന്നതാരാണ്. വിഭവങ്ങളുടെ വിതരണത്തിലും അതിന്റെ ഗുണഭോക്താക്കളാകുന്നതിലും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ സ്ഥാനം എവിടെയാണെന്ന് അറിയുന്നതിൽ ആർക്കാണ് ഭയമെന്നും അദ്ദേഹം ചോദിച്ചു.