എന്താണ് കച്ചത്തീവ് കൈമാറ്റത്തിന് പിന്നിലെ ചരിത്രവും വിവാദവും
national news
എന്താണ് കച്ചത്തീവ് കൈമാറ്റത്തിന് പിന്നിലെ ചരിത്രവും വിവാദവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2024, 5:41 pm

ഇപ്പോള്‍ വിവാദമായിരിക്കുന്ന കച്ചത്തീവ് ദ്വീപിന്റെ ചരിത്രം എന്താണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കച്ചത്തീവിനെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കി മാറ്റുമ്പോള്‍ അത് ഇന്ത്യയുടെ വിദേശ താത്പര്യങ്ങളെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

ശ്രീലങ്കയെ ഇന്ത്യയുടെ പക്ഷത്ത് നിര്‍ത്തുന്നതിനായി 1974ല്‍ ആണ് കച്ചത്തീവ് ദ്വീപുമായി ബന്ധപ്പെട്ട് ഇന്ത്യയും ശ്രീലങ്കയും പൂര്‍ണ ധാരണയിലെത്തുന്നത്. അതായത് ഏകദേശം 1921 മുതല്‍ ഇരു രാജ്യങ്ങളുടെയും സമുദ്രാതിര്‍ത്തികള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അത് ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത് 1974ല്‍ ആണെന്ന് മാത്രം.

എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി ഉയര്‍ത്തുന്ന ആരോപണം എന്നുപറയുന്നത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്റുവിന് കച്ചത്തീവിനോട് താത്പര്യമില്ലായിരുന്നുവെന്നും പിന്നാലെ ഭരണത്തിലെത്തിയ ഇന്ദിരാ ഗാന്ധി ദ്വീപിനെ ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കുകയും ആയിരുന്നുവെന്നാണ്. ഇവിടെ എടുത്തുപറയേണ്ടത് 1921ല്‍ തന്നെ കച്ചത്തീവിന്റെ കാര്യത്തില്‍ ഇന്ത്യയും ശ്രീലങ്കയും ധാരണയില്‍ എത്തിയിരുന്നു എന്നതാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് 26 വര്‍ഷം മുമ്പ്.

ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമാണ് കച്ചത്തീവിലേക്കുള്ള ഇരു രാഷ്ട്രങ്ങളുടെയും ശ്രദ്ധ വര്‍ധിക്കുന്നത്. അതുവരെ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം താത്പര്യമുണ്ടായിരുന്ന ഒരിടം. പിന്നെ എങ്ങനെയാണ് കച്ചത്തീവ് ഇത്രമാത്രം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതെന്നാവും അടുത്ത ചോദ്യം. അക്കാലത്ത് ഇന്ത്യന്‍ സമുദ്രത്തില്‍ സര്‍വാധിപത്യം ഉണ്ടായിരുന്ന ബ്രിട്ടന് ഭീഷണിയായി ജര്‍മനി മദ്രാസിന്റെ തീരങ്ങളില്‍ നങ്കൂരമിടാന്‍ തുടങ്ങി.

തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ ബ്രിട്ടനും ജര്‍മനിയും തമ്മിലുളള സമുദ്ര യുദ്ധത്തിന് കാരണമായി. യുദ്ധത്തില്‍ പ്രത്യേകിച്ച് ആര്‍ക്കും വിജയം കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലും കച്ചത്തീവില്‍ ബ്രിട്ടീഷുകാര്‍ പീരങ്കി പരിശീലനം ആരംഭിക്കാന്‍ തുടങ്ങി. ബ്രിട്ടീഷുകാരുടെ കൈയ്യേറ്റം പിന്നീട് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അവകാശ തര്‍ക്കത്തിലാണ് ചെന്നുനിന്നത്. ഇവിടെയും എടുത്തു പറയേണ്ടത് അന്ന് സിലോണ്‍ ആയിരുന്ന ശ്രീലങ്കയിലും ഇന്ത്യയിലും ഭരണം നടത്തിയിരുന്നത് ബ്രിട്ടന്‍ ആയിരുന്നു എന്നതാണ്.

17 ആം നൂറ്റാണ്ടുമുതല്‍ രാമനാടിന്റെ ഭാഗമാണെന്ന് കരുതിയിരുന്ന കച്ചത്തീവ് യാഥാര്‍ഥ്യത്തില്‍ സിലോണിന്റെ ഭാഗമാണെന്ന് ഇരു രാജ്യങ്ങളും 1921ല്‍ അംഗീകരിക്കുകയാണ് ഉണ്ടായത്. മുന്‍ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണ് ദ്വീപ് സിലോണിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലാണെന്ന് അംഗീകരിക്കപ്പെടുന്നത്. ഇതിനുപുറമെ കച്ചത്തീവ് ഇന്ത്യയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലത്തിലാണെന്നതും ശ്രീലങ്കയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലത്തിലാണെന്നതും മറ്റൊരു വസ്തുതയാണ്. തുടര്‍ന്ന് സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ മുന്‍ ഭരണകര്‍ത്താക്കള്‍ അംഗീകരിച്ചിരുന്ന ഇന്ത്യയുടെ അതിര്‍ത്തികള്‍ക്ക് നെഹ്റു സര്‍ക്കാര്‍ ഔദ്യോഗിക അംഗീകാരം നല്‍കുകയും ചെയ്തു.

വീണ്ടും ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വന്നു. 1971ല്‍ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ അമേരിക്കയുടെ സമ്മര്‍ദം മൂലം സൈനിക നടപടികള്‍ക്കായി ശ്രീലങ്ക രാജ്യത്തെയും കച്ചത്തീവിനെയും യു.എസിനായി തുറന്നുകൊടുത്തു. ആ വെല്ലുവിളിയില്‍ അപകടം മണത്ത മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ശ്രീലങ്കയെ ഇന്ത്യയുടെ ഭാഗത്ത് നിര്‍ത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കി. അല്ലാത്തപക്ഷം ഭാവിയില്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് വലിയ ദുരന്തമായിരിക്കുമെന്ന് ഇന്ദിരക്ക് അറിയാമായിരുന്നു.

1972ല്‍ സിലോണ്‍ റിപ്പബ്ലിക്ക് ആയതോടെ കച്ചത്തീവ് വിഷയത്തില്‍ ഇന്ദിരയുടെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ ആരംഭിച്ചു. തുടര്‍ന്ന് 1921ലെ ധാരണ 72ല്‍ ഔദ്യോഗിക ഉടമ്പടിയായി മാറി. 1974ല്‍ ഇന്ത്യയും ശ്രീലങ്കയും ഈ ഉടമ്പടിയില്‍ ഒപ്പുവെക്കുകയും ചെയ്തു. പൂര്‍ണമായും ശ്രീലങ്കയുടെ നിയന്ത്രണത്തിലിരിക്കുന്ന കച്ചത്തീവില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള അവകാശമുണ്ടെന്നും ഈ ഉടമ്പടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള ധാരണകളെയും ഉടമ്പടികളെയും രേഖകളെയും നരേന്ദ്ര മോദി സര്‍ക്കാര്‍ വെല്ലുവിളിക്കുമ്പോള്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാവുമെന്നാണ് വിലയിരുത്തല്‍. മാറി മാറിവരുന്ന കേന്ദ്ര സര്‍ക്കാരുകള്‍ ഇത്തരം വിഷയങ്ങളിലുള്ള നിലപാടുകളില്‍ മാറ്റം വരുത്തിയാല്‍ അത് ബൂമറാങ് പോലെ ഇന്ത്യയെ തന്നെ തിരിച്ചടിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പാകിസ്ഥാനില്‍ നിന്ന് ഹൈക്കമീഷണറായും ചൈന, ഇസ്രഈല്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രതിനിധിയായും സേവനമനുഷ്ഠിച്ച ശിവശങ്കര്‍ മേനോന്‍ കച്ചത്തീവ് രാഷ്ട്രീയ വിഷയമാക്കിയാല്‍ അത് സെല്‍ഫ് ഗോളാകുമെന്നും, കേന്ദ്രത്തിന്റെ നീക്കം ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ രൂക്ഷമായി ബാധിക്കുമെന്ന് ചൈനീസ് അംബാസിഡറായും ശ്രീലങ്കയിലെ ഇന്ത്യന്‍ പ്രതിനിധിയായും പ്രവര്‍ത്തിച്ച നിരുപമ റാവുവും ചൂണ്ടിക്കാട്ടി.

കേന്ദ്രത്തില്‍ സര്‍ക്കാരുകള്‍ മാറുന്നതിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വരുത്തുന്നത് നല്ലതല്ലെന്ന് മുന്‍ ഹൈക്കമ്മീഷണര്‍ അശോക് കാന്തയും അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ നീക്കം രാജ്യത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയാണെന്നും ഇവര്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാടുകളാല്‍ ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങള്‍ ചൈനയുടെ പക്ഷത്തേക്ക് ഭാഗികമായി മാറി കഴിഞ്ഞു. നേപ്പാള്‍, മാലിദ്വീപ്, മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൈനയുടെ പക്ഷം പിടിച്ചു തുടങ്ങിയെന്നത് ഇന്ത്യക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

അയല്‍ രാജ്യങ്ങള്‍ പൂര്‍ണമായും ചൈനയോടൊപ്പം ചേര്‍ന്നാല്‍ ദ്വീപ സമൂഹം പോലെ നിലനിക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രതിരോധത്തിന് അടിപതറുമെന്നത് മറ്റൊരു യാഥാര്‍ഥ്യമാണെന്ന് കൂടി കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കിയാല്‍ ഇന്ത്യന്‍ ജനത എല്ലായ്പ്പോഴും സുരക്ഷിതരായിരിക്കും.

Content Highlight: What is the history and controversy behind Katchatheevu transfer?