ടെഹ്‌റാന്‍: ഇറാനെതിരെ യു.എസും ഇസ്രഈലും നടത്തുന്ന യുദ്ധം ആരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് യു.എസ് ജനത ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍.
കെട്ടിച്ചമച്ച കഥകള്‍ക്കുമപ്പുറം ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ ആരുടെ താത്പര്യങ്ങളാണ് നിറവേറ്റുന്നത്? ആദ്യം അമേരിക്ക (America First) എന്ന നിങ്ങളുടെ രാജ്യത്തിന്റെ പ്രഖ്യാപിത നയം ഇന്നത്തെ യു.എസ് സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ചിന്തിക്കണമെന്നും പ്രസ് ടി.വിയിലൂടെ പുറത്തുവിട്ട തുറന്ന കത്തില്‍ പെസസസ്‌കിയാന്‍ യു.എസിലെ ജനങ്ങളോട് ചോദിച്ചു.
‘ഈ യുദ്ധം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ ജനതയുടെ ഏത് താത്പര്യമാണ് നിറവേറ്റുന്നത്? നിരപരാധികളായ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നതും, കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ നശിപ്പിക്കുന്നതും, ഒരു രാജ്യത്തെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ ബോംബിട്ട് നശിപ്പിക്കുമെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് അമേരിക്കയുടെ ആഗോള നിലയെ കൂടുതല്‍ തകര്‍ക്കുമെന്നതല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശം നിറവേറ്റുന്നുണ്ടോ?’, പെസസ്‌കിയാന്‍ ചോദിച്ചു.
ഇറാന്റെ ഊര്‍ജ, വ്യാവസായിക സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഇറാന്‍ ജനതയെ നേരിട്ട് ലക്ഷ്യമിടുന്നതിന് തുല്യമാണ്. ഒരു യുദ്ധക്കുറ്റത്തിനുമപ്പുറം അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്ന തരത്തിലുള്ള വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നെന്നും പെസസ്‌കിയാന്‍ ചൂണ്ടിക്കാണിച്ചു.
ഈ ആക്രമണം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുന്നു, ചെലവുകള്‍ വര്‍ധിപ്പിക്കുന്നു, വര്‍ഷങ്ങളോളം നിലനില്‍ക്കുന്ന വിദ്വേഷത്തിന്റെ വിത്തുകള്‍ പാകുന്നു. ഇത് ശക്തി പ്രകടനമല്ല. തന്ത്രപരമായ പരാജയത്തിന്റെയും സുസ്ഥിരമായ ഒരു പരിഹാരം നേടാനുള്ള കഴിവില്ലായ്മയുടെയും അടയാളമാണെന്നും അദ്ദേഹം യു.സെിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ ഇസ്രഈല്‍ 12 ദിവസത്തെ യുദ്ധം ആരംഭിച്ചപ്പോഴും, ഈ ഫെബ്രുവരിയില്‍ യു.എസ് ആക്രമണത്തില്‍ പങ്കുചേര്‍ന്നപ്പോഴും ഇറാന്‍ ആണവ ചര്‍ച്ചകളിലായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. ലോകത്തിന് ഒരു ഭീഷണിയായി ഇറാനെ ചിത്രീകരിക്കുന്നതിനെ പെസസ്‌കിയാന്‍ വിമര്‍ശിച്ചു.
യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്റെ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചതായുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തനും ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ശക്തമായ ആക്രമണം നടത്തുമെന്ന ഭീഷണിക്കുമിടയിലാണ് ഇറാന്‍ പ്രസിഡന്റിന്റെ കത്ത് പുറത്തുവന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള അഭ്യര്‍ത്ഥന നടത്തിയെന്ന് ട്രംപിന്റെ വാദം ഇറാന്‍ തള്ളിയിരുന്നു.
Content Highlight: What interest does this war serve other than to destroy you? Peshezkian’s open letter to the American people