ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമിച്ച സംഭവത്തില്‍ ബി.ജെ.പിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി.
ഇന്ത്യയിലെ ദളിത് ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ വ്യക്തിക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ഒവൈസി ചോദിച്ചു.
രാകേഷ് കിഷോര്‍ എന്ന പേരിനു പകരം ആസാദ് എന്നായിരുന്നെങ്കില്‍ എന്തൊക്കെ സംഭവിക്കുമായിരുന്നെന്നും രാകേഷ് കിഷോറിനെതിരെ കേസെടുക്കാത്തത് മതപരമായ പക്ഷപാതം ഒന്നു കൊണ്ട് മാത്രമാണെന്നും ഒവൈസി പറഞ്ഞു.
സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ കോടതിമുറിയില്‍ കയറി ചീഫ് ജസ്റ്റിസിനു നേരെ ഷൂ ഉയര്‍ത്താന്‍ ഈ വ്യക്തിക്ക് എങ്ങനെ ധൈര്യം വന്നു എന്ന് മോദിയോടും മോഹന്‍ ഭാഗവതിനോടും നിതീഷ് കുമാറിനോടും ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്.
പറയൂ? നരേന്ദ്ര മോദി, നിങ്ങള്‍ പ്രധാനമന്ത്രിയായിരുന്ന 11 വര്‍ഷത്തെ ഭരണകാലമാണ് ഇത്തരത്തിലുള്ള വിഷം വിതറിയത്. രാകേഷ് കിഷോറിന് എവിടെ നിന്നാണ് ഈ ധൈര്യം ലഭിച്ചത്? ഒവൈസി ചോദിച്ചു.
ദളിത് സഹോദരങ്ങള്‍ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിക്ക് നിങ്ങളുടെ സുഹൃത്താകാന്‍ കഴിയില്ലെന്നും മോദിക്ക് നിങ്ങളുടെ പക്ഷത്ത് നില്‍ക്കാന്‍ കഴിയില്ലെന്നും ഇനിയെങ്കിലും മനസ്സിലാക്കണം.
രാകേഷ് കിഷോര്‍ എന്ന പേരിനു പകരം ആസാദ് എന്നായിരുന്നെങ്കില്‍ എന്തൊക്കെ സംഭവിക്കുമായിരുന്നു.
പൊലീസും ബി.ജെ.പിക്കാരും കൂടി അവനെ പിടികൂടില്ലേ. അയല്‍രാജ്യവുമായുള്ള അവന്റെ ബന്ധം, ഐ.എസ്.ഐ ബന്ധങ്ങള്‍ ഇതൊക്കെ അന്വേഷിക്കില്ലേ? പറയൂ, മോദിജി, നിങ്ങളുടെ സര്‍ക്കാരല്ലേ ഈ സംഭവത്തിന്റെ ഉത്തരവാദി,’ ഒവൈസി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ബെഞ്ച് മുമ്പാകെ തിങ്കളാഴ്ച നടന്ന വാദത്തിനിടെയാണ് രാകേഷ് കിഷോര്‍ ഗവായ്‌ക്കെതിരെ ഷൂ എറിയാന്‍ ശ്രമിച്ചത്.
മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശമാണ് തന്റെ പ്രതിഷേധത്തിന് കാരണമായതെന്ന് കിഷോര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ സനാതന ധര്‍മ്മത്തെ അപമാനിക്കുന്നതാണെന്നായിരുന്നു കിഷോറിന്റെ വാദം. തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍ ഇത്തരം പ്രതിഷേധങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. സംഭവത്തിന് പിന്നാലെ അച്ചടക്ക ലംഘനം ആരോപിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രാകേഷ് കിഷോറിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ കിഷോറിനെതിരെ പൊലീസ് കേസെടുത്തില്ല.
Content Highlight: What if it had been Asad?’ Owaisi hits out at BJP over shoe hurled at CJI