ഇതിന് മുമ്പ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചത്...
Sports News
ഇതിന് മുമ്പ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചത്...
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th September 2025, 7:23 pm

2025 ഏഷ്യാ കപ്പില്‍ സൂപ്പര്‍ ക്ലാസിക്കോ ഫൈനലിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. കിരീട പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും. സൂപ്പര്‍ ഫോറില്‍ കളിച്ച ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യയാണ് ഫൈനലിന് ആദ്യം ടിക്കറ്റെടുത്തത്.

കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശ് – പാകിസ്ഥാന്‍ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ഫൈനല്‍ പ്രവേശം നേടാമെന്നിരിക്കെ 11 റണ്‍സിന് പാകിസ്ഥാന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ഏഷ്യാ കപ്പിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും കിരീടപ്പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കാനൊരുങ്ങുന്നത്.

ഇതിന് മുമ്പ് 2017 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നത്. അന്ന് വിജയം പാകിസ്ഥാനൊപ്പമായിരുന്നു.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന പേരും പെരുമയുമായാണ് ഇന്ത്യ 2017 ചാമ്പ്യന്‍സ് ട്രോഫിക്ക് കളത്തിലിറങ്ങിയത്. 2013ല്‍ ടി-20 ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.

2013 ചാമ്പ്യന്‍സ് ട്രോഫി കിരീടവുമായി ധോണി

എല്ലാ തവണയുമെന്ന പോലെ ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറിയ 2017 ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ തന്നെയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് വീതം വിജയം സ്വന്തമാക്കി ഒന്നാം സ്ഥാനക്കാരായി ഇന്ത്യയും രണ്ടാം സ്ഥാനക്കാരായി പാകിസ്ഥാനും നോക്ക്ഔട്ടിലേക്ക് കടന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടായിരുന്നു പാകിസ്ഥാന്റെ തോല്‍വി. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 124 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്ഥാനും ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യയും ഫൈനലിന് ടിക്കറ്റെടുത്തു.

കിരീടപ്പോരാട്ടത്തില്‍ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ദി ഓവലില്‍ നടന്ന മത്സരത്തില്‍ 180 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ സൂപ്പര്‍ താരം ഫഖര്‍ സമാന്റെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് നേടി. 106 പന്തില്‍ 114 റണ്‍സാണ് സമാന്‍ അടിച്ചെടുത്തത്.

ഫഖര്‍ സമാന്‍

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ധവാനും ധോണിയുമടക്കമുള്ള എല്ലാവരും നിരാശപ്പെടുത്തി. 43 പന്തില്‍ 76 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തുനിന്നത്. ഒടുവില്‍ ഇന്ത്യ 158 റണ്‍സിന് പുറത്താവുകയായിരുന്നു.

കിരീടവുമായി പാകിസ്ഥാന്‍

ഈ തോല്‍വിക്ക് എട്ട് വര്‍ഷത്തിനിപ്പുറം ഇന്ത്യയും പാകിസ്ഥാനും മറ്റൊരു മള്‍ട്ടിനാഷണല്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുകയാണ്. കടലാസിലും കണക്കിലും ഒരുപോലെ ശക്തരായ ഇന്ത്യയ്ക്ക് തന്നെയാണ് ഇത്തവണ കിരീട സാധ്യത കല്‍പിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഇതിനോടകം ഏറ്റുമുട്ടിയ രണ്ട് മത്സരത്തിലും ഇന്ത്യ പാകിസ്ഥാനെതിരെ ആധികാരികമായ ജയം സ്വന്തമാക്കിയിരുന്നു. ഇതേ പ്രകടനം ആവര്‍ത്തിച്ചാല്‍ ഒമ്പതാം ഏഷ്യാ കപ്പ് കിരീടം ഇന്ത്യ തങ്ങളുടെ ശിരസിലണിയും.

 

Content Highlight: What happened when India and Pakistan met in a tournament final before.