ശ്രീനഗര്‍: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിലേര്‍പ്പെട്ടിട്ടും പാകിസ്ഥാന്‍ ആക്രമണം തുടരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ജമ്മു കശ്മീരിലെ നിയന്ത്രണ രേഖകളിലുമാണ് പാകിസ്ഥാന്‍ വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലിങ്ങും നടത്തുന്നതെന്നാണ് വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചതെന്നും ശ്രീനഗറില്‍ ഉടനീളം സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതുമായാണ് ഒമര്‍ അബ്ദുല്ല എക്‌സില്‍ കുറിച്ചത്.
ഉധംപൂരില്‍ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം വ്യോമസേന പരാജയപ്പെടുത്തിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജമ്മു കശ്മീരിലെ നഗ്രോത്തയില്‍ ആക്രമണം നടന്നതായും ഈ ആക്രമണത്തില്‍ സൈനികന് പരിക്കേറ്റതായും സൈന്യവും വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാനില്‍ നിന്ന് ആക്രമണം ഉണ്ടായതായി ശേീയ വിദേശകാര്യ മന്ത്രി സെക്രട്ടറി മിസ്രിയും പ്രതികരിച്ചിരുന്നു. പാകിസ്ഥാന്റെ നടപടി അപലപനീയമാണെന്ന് പറഞ്ഞ വിക്രം മിസ്രി ആക്രമണത്തിനെതിരെ സൈന്യം ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ഇ വൈകീട്ട് അഞ്ച് മണിയോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. എന്നാല്‍ ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്.
ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് തയ്യാറായെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ട്രംപ് പറഞ്ഞിരുന്നു.
പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിയും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
പാകിസ്ഥാന്റെ ഡയറക്ടേഴ്സ് ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡി.ജി.എം.ഒ) ഇന്ത്യയുടെ ഡി.ജി.എം.ഒയെ വിളിച്ചതായും കരയിലും കടലിലും ആകാശത്തും ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ എല്ലാ സൈനിക നടപടികളും നിര്‍ത്തിവെക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായും വിക്രം മിസ്രി പറഞ്ഞു.