എനിക്ക് സംഭവിച്ചത് ശത്രുക്കൾക്ക് പോലും വരരുത്, അതാണ് പ്രാർത്ഥന: ശാന്തി കൃഷ്ണ
Malayalam Cinema
എനിക്ക് സംഭവിച്ചത് ശത്രുക്കൾക്ക് പോലും വരരുത്, അതാണ് പ്രാർത്ഥന: ശാന്തി കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th August 2025, 8:46 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ശാന്തി കൃഷ്ണ. മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച ഒരാള്‍ കൂടിയാണ് അവര്‍. 80കളില്‍ തന്റെ കരിയര്‍ തുടങ്ങിയ ശാന്തി ഇന്നും സിനിമയില്‍ സജീവമാണ്.

1984ലെ തന്റെ ആദ്യ വിവാഹത്തിന് ശേഷം ശാന്തി കൃഷ്ണ സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. 1991ല്‍ നയം വ്യക്തമാക്കുന്നു എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നത്. പിന്നീട് കരിയറില്‍ വീണ്ടും വലിയൊരു ഇടവേളയെടുത്ത ശാന്തി, 2017ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന അല്‍ത്താഫ് സലിം – നിവിന്‍ പോളി ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് എത്തി. ഇപ്പോൾ തൻ്റെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.

‘ഞാന്‍ വളരെ മോശമാണ് ഒരാളെ ജഡ്ജ് ചെയ്യുന്നതില്‍. എനിക്കൊരിക്കലും ഒരാളെ ജഡ്ജ് ചെയ്യാന്‍ സാധിക്കാറില്ല. ആരെങ്കിലും സ്‌നേഹത്തോടെ എന്റെ അടുത്ത് വന്ന് സംസാരിക്കുകയാണെങ്കില്‍ ഞാന്‍ വിചാരിക്കും നമ്മളോട് വളരെയധികം ഇഷ്ടമാണെന്ന്. എന്നാല്‍ ബാക്കില്‍ കുത്തുവായിരിക്കും. നമുക്ക് അറിയാന്‍ പറ്റില്ല,’ ശാന്തി കൃഷ്ണ പറയുന്നു.

തൻ്റെ സൈഡില്‍ നിന്നും ചിന്തിക്കുമ്പോള്‍ താന്‍ വളരെ സത്യസന്ധമായ വ്യക്തിയാണെന്നും കള്ളത്തരമോ കുശുമ്പോ പറയുകയാണെങ്കില്‍ തനിക്കൊരിക്കലും മനസിലാകില്ലെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു. ആരെങ്കിലും അങ്ങനെ സംസാരിക്കുകയാണെങ്കിൽ അത് സത്യമാണെന്ന് താൻ വിചാരിക്കുമെന്നും അതുകൊണ്ട് ഇപ്പോള്‍ ഒന്നും സീരിയസ് ആയി എടുക്കാറില്ലെന്നും നടി പറഞ്ഞു.

‘ഞാനൊരു ഐഡിയല്‍ ആണെന്നോ അല്ലെങ്കില്‍ എനിക്ക് വിഷമം ഇല്ലെന്നോ ഞാനൊരിക്കലും പറയില്ല. ഞാന്‍ അനുഭവിച്ചത് എന്റെ ശത്രു പോലും അനുഭവിക്കരുതേ എന്ന് മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിക്കൂ. എന്റെ ജീവിതത്തില്‍ കുറേ കാര്യങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്റെ ജീവിതം സിനിമയാക്കിയാല്‍ കാണുന്നവര്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് വിചാരിക്കും. പക്ഷെ ജീവിതത്തില്‍ അങ്ങനെയൊക്കെ നടന്നിട്ടുണ്ട്,’ ശാന്തി കൃഷ്ണ പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു.

Content Highlight: What happened to me should not happen even to my enemies says Shanthi Krishna