മലയാള സിനിമാപ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു നേര്. ജീത്തു ജോസഫ് –മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ഈ കോർട്ട് റൂം ഡ്രാമയിൽ അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്.
പതിവ് ഹീറോയിസം ഒഴിവാക്കി തികച്ചും സാധാരണക്കാരനായ നിയമോപദേശകന്റെ വേഷത്തിലാണ് താരം എത്തിയത്. ചിത്രത്തിൽ സാറ എന്ന കാഴ്ചശക്തിയില്ലാത്ത യുവതിയായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചത് അനശ്വര രാജൻ ആയിരുന്നു.
പീഡനത്തിനിരയായ സാറയുടെ നീതിപോരാട്ടവും തുടർന്ന് നടക്കുന്ന നിയമനടപടികളും ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. എന്നാൽ സിനിമയുടെ ക്ലൈമാക്സിലെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നത്.
സാറയുടെ നിരപരാധിത്വം തെളിയിക്കാൻ പ്രതിഭാഗം വക്കീൽ (സിദ്ദിഖ് അവതരിപ്പിച്ച കഥാപാത്രം) സാറയുടെ മുന്നിൽ മോഡലായി നിൽക്കുന്ന രംഗം പലർക്കും ലോജിക്കൽ ആയി തോന്നിയില്ലെന്നാണ് അഭിപ്രായം.
വ്യാജ തെളിവ് നിർമ്മിച്ചതിന് ബാർ കൗൺസിൽ സസ്‌പെൻഡ് ചെയ്ത ഒരു അഭിഭാഷകനെ തന്നെയാണ് കോടതി നിർണ്ണായക തെളിവ് ശേഖരിക്കാൻ അതിജീവിതയുടെ അടുത്തേക്ക് അയക്കുന്നത് യുക്തിസഹമല്ലെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ഇത്തരമൊരു നിർണ്ണായക ഘട്ടത്തിൽ സംഭവം വീഡിയോയായി പകർത്താത്തതും ചിലർ ചോദ്യം ചെയ്യുന്നു. ഒരു ഗ്ലാസ് വിൻഡോ ഉള്ള മുറിയിൽ മേൽനോട്ടത്തോടെയോ അല്ലെങ്കിൽ മറ്റൊരു വ്യക്തിയെ മോഡലാക്കിയോ രംഗം ചിത്രീകരിക്കാമായിരുന്നുവെന്നുമാണ് അഭിപ്രായങ്ങൾ.
ആദ്യമായി കണ്ടപ്പോൾ തന്നെ കല്ലുകടി തോന്നിയ സീൻ, സിദ്ദിഖിന് പകരം മറ്റൊരാളെ അയക്കാമായിരുന്നു തുടങ്ങിയ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ചിലർ പറയുന്നത്, പ്രതിഭാഗം വക്കീലിന്റെ ക്രൂരതയും മാനസിക സമ്മർദ്ദവും കൂടുതൽ ശക്തമായി പ്രേക്ഷകർക്ക് അനുഭവിപ്പിക്കാനായിരിക്കാം സംവിധായകൻ ഇത്തരമൊരു സീനിന് പ്രാധാന്യം നൽകിയതെന്നാണ്. എങ്കിലും ആ രംഗം സിനിമയുടെ യാഥാർഥ്യത്തെ കുറച്ചു എന്നാണ് ഒരു വിഭാഗം ആരാധകരുടെ വിലയിരുത്തൽ.
അതേസമയം, മോഹൻലാൽ –ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഈ വർഷം എത്തുന്ന ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് ദൃശ്യം 3. മുൻഭാഗങ്ങളായ ദൃശ്യം നേടിയ വമ്പൻ വിജയം ആവർത്തിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ.
Content Highlight: What audiences say about unconvincing scene in the movie Neru
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.