വായു ചുഴലിക്കാറ്റ്: 40 ട്രെയിനുകള്‍ റദ്ദാക്കി
national news
വായു ചുഴലിക്കാറ്റ്: 40 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 9:48 pm

അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 40 ട്രെയിനുകള്‍ പൂര്‍ണമായും ഭാഗികമായും പശ്ചിമ റെയില്‍വേ റദ്ദാക്കി. വരാവല്‍, ഓഖ, പോര്‍ബന്തര്‍, ബുജ് തുടങ്ങിയ റെയില്‍വെ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

ബുധനാഴ്ച ആറ് മണി മുതലാണ് റെയില്‍വെ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. ഇവിടെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ആറ് മുതല്‍ പത്ത് വരെ കോച്ചുകളുള്ള പ്രത്യേക ട്രെയിനുകള്‍ സൗജന്യമായി ഓടിക്കാനാണ് തീരുമാനം.

ചുഴലിക്കാറ്റ് വീശിക്കഴിഞ്ഞ് ഏറ്റവും വേഗത്തില്‍ തന്നെ റെയില്‍വെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ റെയില്‍വെ ഡിവിഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജെസിബി, മരം മുറിക്കാനുള്ള യന്ത്രങ്ങള്‍, തൊഴിലാളികള്‍ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ലക്ഷണക്കണക്കിന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഗുജറാത്തിലെ സൗരാഷ്ട്ര, കുച്ച് മേഖലകളില്‍ വ്യാഴാഴ്ച്ച അതിശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മുംബൈയില്‍ വായു ചുഴലിക്കാറ്റില്‍ ഹോര്‍ഡിങ് തകര്‍ന്ന് വീണ് 62കാരന്‍ മരിച്ചിരുന്നു. മധുകര്‍ നര്‍വേകര്‍ എന്ന കാല്‍നട യാത്രികനാണ് മരിച്ചത്. ചര്‍ച്ച് ഗേറ്റ് റെയില്‍വെ സ്റ്റേഷന് സമീപത്ത് കൂടി നടന്നുപോകുമ്പോള്‍ 81 അടി നീളവും 54 അടി വീതിയുമുള്ള മഹാത്മാ ഗാന്ധിയുടെ കൂറ്റന്‍ മ്യൂറല്‍ പെയിന്റിങിന്റെ ക്ലാഡിങ് മധുകറിന്റെ ദേഹത്ത് വീഴുകയായിരുന്നു.