ഇറാനെതിരായ പ്രതിരോധ മിസൈലുകള്‍ തീരുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ ആയുധക്ഷാമം നേരിടുന്നുവെന്ന് വെസ്റ്റേണ്‍ മീഡിയ
gulf countries
ഇറാനെതിരായ പ്രതിരോധ മിസൈലുകള്‍ തീരുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ ആയുധക്ഷാമം നേരിടുന്നുവെന്ന് വെസ്റ്റേണ്‍ മീഡിയ
രാഗേന്ദു. പി.ആര്‍
Wednesday, 4th March 2026, 11:46 am

റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലെ മിസൈല്‍ ഇന്റര്‍സെപ്റ്ററുകള്‍ തീര്‍ന്നുപോകുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ കുറവ് യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങളെ അനിശ്ചിത്വത്തിലാക്കുമെന്നാണ് വിലയിരുത്തല്‍.

സി.എന്‍.എന്‍, ദി എക്കണോമിസ്റ്റ്, ദി ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 28നാണ് യു.എസും ഇസ്രഈലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ആരംഭിച്ചത്. പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൂടെയാണ് ഇറാന്‍ തിരിച്ചടിച്ചത്.

ഇറാന്റെ ആക്രമണത്തില്‍ യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ ജി.സി.സി രാജ്യങ്ങളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്.

ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാന്‍ വെറും രണ്ട് ദിവസത്തിനുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഏകദേശം 800 PAC-3/THAAD ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ ഉപയോഗിച്ചു തീർന്നതായാണ് റിപ്പോര്‍ട്ടുകള്‍.

യു.എസ് കേന്ദ്രീകൃത പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പറേഷനാണ് ഈ മിസൈല്‍ ഇന്റര്‍സെപ്റ്ററുകള്‍ നിര്‍മിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷത്തില്‍ 600 PAC-3 മിസൈലുകള്‍ മാത്രമാണ് ഇവര്‍ നിര്‍മിക്കുക. THAAD മിസൈലുകളുടെ നിര്‍മാണം ഇതിലും കുറവാണ്.

നിലവില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം നാല് ദിവസം പിന്നിട്ട സാഹചര്യത്തില്‍ മിസൈലുകളുടെ ശേഖരത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലാണെന്നാണ് വിലയിരുത്തല്‍. ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളില്‍ ഭൂരിഭാഗവും ആകാശത്ത് വെച്ച് തന്നെ തടഞ്ഞിട്ടുവെന്നാണ് ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ അവകാശവാദം.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 500ലധികം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചത്. 2,000ത്തിലധികം ഡ്രോണുകളും ഉപയോഗിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ കൈവശമുള്ള മിസൈലുകളോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇറാന്‍ മിസൈലുകളുടെ നിര്‍മാണ ചെലവ് വളരെ കുറവാണ്.

അതുകൊണ്ട് തന്നെ ആയുധ ശേഖരത്തില്‍ ഇറാന് പെട്ടെന്നൊരു പ്രതിസന്ധി ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ യു.എസിനോട് കൂടുതല്‍ ആയുധശേഖരം ആവശ്യപ്പെട്ടതായി പ്രാദേശിക സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതനുസരിച്ച്, മേഖലയിലെ സംഘര്‍ഷം നാലാഴ്ച വരെ നീണ്ടുപോകുകയാണെങ്കില്‍ വ്യക്തമായ പദ്ധതികള്‍ കൂടാതെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതിരോധിക്കാനാകില്ല.

മാത്രമല്ല, നിലവില്‍ ഇസ്രഈലിനും ഉക്രൈനും ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്കയാണ്. യുദ്ധം നീണ്ടാല്‍ ഒരുപക്ഷെ ഇസ്രഈലിനും ഉക്രൈനും അത് തിരിച്ചടിയാകും. ഇരുരാജ്യങ്ങളുടെയും ആയുധ ശേഖരത്തില്‍ വലിയ കുറവുണ്ടാകാനാണ് സാധ്യത.

ഇത്തരത്തില്‍ ഒരു തിരിച്ചടി പ്രതീക്ഷിച്ചാണ് ഇറാനിലെ മിസൈല്‍ ശേഖരവും മറ്റു അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കാന്‍ ഇസ്രഈലും യു.എസും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Western media says Gulf countries facing arms shortage

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.